Lifestyle

എത്ര ശ്രമിച്ചിട്ടും താരൻ മാറുന്നില്ലേ?വിഷമിക്കേണ്ട, ആയുര്‍വേദത്തില്‍ മാര്‍ഗങ്ങളുണ്ട്

താരന്‍ വലിയൊരു രോഗമല്ലെങ്കില്‍ കൂടി അവഗണിച്ചാല്‍ ഇത് സോറിയാസിസ് പോലുളള ഗുരുതരമായ ത്വക്ക് രോഗങ്ങളായി മാറാം. അതിനാല്‍ തുടക്കത്തില്‍ തന്നെ മാറ്റിയെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യമുളള മുടി ആരോഗ്യമുളള ശരീരത്തിന്റെ ലക്ഷണമാണ്. കരുത്തും നല്ല നിറവുമുളള ഇടതൂര്‍ന്ന മുടിയിഴകള്‍ എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ ഈ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന ഒരു രോഗമാണ് താരന്‍.

മുടികൊഴിച്ചിലിനൊപ്പം മാനസികസംഘര്‍ഷം കൂടി അനുഭവിക്കേണ്ടി വരുന്നവരിലാണ് താരന്‍ കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് രോഗം കൂടുതലായി കാണുന്നത്. മുടി ധാരാളമുള്ളതുകൊണ്ടും കൂടുതല്‍ വിയര്‍ക്കുന്നതു കൊണ്ടും ചെറുപ്പക്കാരിലാണ് കൂടുതലായി കാണുന്നത്. യൗവനകാലത്ത് ചര്‍മ്മത്തിലെ ഗ്രന്ഥികള്‍ കൂടുതല്‍ സ്രവങ്ങള്‍ ഉത്പാദിപ്പിക്കുന്നതും താരന് കാരണമാണ്.

ത്രിദോഷഫലം താരന്‍

കഫത്തിന്റെയും വാതത്തിന്റെയും കോപം മൂലമുണ്ടാകുന്ന ഈ രോഗം തലയില്‍ മാത്രമല്ല ശരീരത്തില്‍ രോമമുള്ള മറ്റു ഭാഗങ്ങളിലും ഉണ്ടാകാം. തലയോട്ടിയുടെ ചര്‍മ്മത്തില്‍ വെളുത്ത പൊടിപോലുള്ള ശല്‍ക്കങ്ങളായാണ് താരന്‍ കാണപ്പെടുന്നത്. കഫവും വാതവും വര്‍ധിച്ച് ചര്‍മ്മത്തില്‍ രൂക്ഷതയുണ്ടാക്കി ചര്‍മ്മം വിണ്ടുകീറുകയും വെളുത്ത ശല്‍ക്കങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു.

താരന്‍ വരുന്ന വഴികള്‍

  1. കേശസംരക്ഷണ വസ്തുക്കളുടെ അമിതോപയോഗം
  2. ശുചിത്വമില്ലായ്മ, തല ദിവസും കഴുകാതിരിക്കുക
  3. കൂടുതല്‍ എണ്ണ തലയില്‍ പുരട്ടുന്നതും എണ്ണ ഉപയോഗിക്കാതിരിക്കുന്നതും താരന്‍ ഉണ്ടാകാന്‍ കാരണമാകും.
  4. പൊടി, സൂര്യപ്രകാശം ഇവയുമായുള്ള അമിത സമ്പര്‍ക്കം.
  5. പുളിയുള്ള ആഹാരം കൂടുതലുപയോഗിക്കുക.
  6. ഉറക്കക്കുറവ്, വേഗധാരണം, അമിത വിയര്‍പ്പ്.
  7. വിഷാദം, ഉദ്കണ്ഠ, ടെന്‍ഷന്‍,തുടങ്ങിയ മാനസിക സംഘര്‍ഷം. തിരിച്ചറിയാം എളുപ്പം
  8. മുടി ചീകുമ്പോള്‍ തിളങ്ങുന്ന വെളളനിറത്തിലുളള പൊടികള്‍ തലയോട്ടിയില്‍ നിന്നും പറക്കുന്നു.
  9. കഠിനമായ ചൊറിച്ചില്‍.
  10. മുടികൊഴിച്ചില്‍
  11. കുരുക്കള്‍
  12. തൊലിവിണ്ടുകീറുക
  13. പുകച്ചില്‍, വേദന
  14. മുടിയുടെ കട്ടികുറയുന്നു,കരുത്ത് കുറയുന്നു. ചികിത്സിച്ചു മാറ്റാം

രക്തശോധകവും കഫവാതഹരവുമായുളള ഔഷധങ്ങള്‍ പ്രയോഗിക്കണം. ആരംഭാവസ്ഥയില്‍ ആന്തരിക ഔഷധങ്ങള്‍ ഉപയോഗിക്കേണ്ടതില്ല. അഭ്യംഗം പ്രക്ഷാളനം, ലേപനം എന്നിവയിലൂടെ രോഗം മാറ്റാം.

ത്വക്കിന്റെ രൂക്ഷത കൊണ്ടുണ്ടാകുന്ന താരന്‍ എണ്ണ പുരട്ടുന്നതില്‍ കൂടി മാറും. രോഗത്തിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് നസ്യം രക്തമോക്ഷം ശിരോധാര, ശിരോവസ്തി ആന്തരിക ഔഷധ പ്രയോഗം ഇവ വേണ്ടി വരും. സോറിയാസിസ് പോലുളള ത്വക്ക് രോഗങ്ങളുണ്ടെങ്കില്‍ പ്രത്യേക ചികിത്സ ചെയ്യണം.

അഭ്യംഗം

അഭ്യംഗം ചര്‍മത്തിന്റെ രൂക്ഷത കുറയ്ക്കുന്നതിനു സഹായിക്കുന്നു. ഔഷധങ്ങളിട്ടു സംസ്‌കരിച്ച തൈലങ്ങള്‍ തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ധുര്‍ധുരപത്രാദി, ത്രിഫലാദി, ഏലാദി, ചെമ്പരത്യാദി എന്നീ എണ്ണകള്‍ ഇതിനായി ഉപയോഗിക്കാം. രക്തചക്രമണ തോത് വര്‍ധിപ്പിക്കാന്‍ അഭ്യംഗം സഹായിക്കുന്നു.

പ്രക്ഷാലനം
ഔഷധങ്ങളിട്ട് തിളപ്പിച്ച വെളളം ഉപയോഗിച്ച് മുടി കഴുകുന്ന രീതിയാണിത്. വരകിന്‍ പുല്ല് ചുട്ട ക്ഷാരം വെളളത്തില്‍ കലക്കി അതുപയോഗിച്ച് തല കഴുകുക. ത്രിഫലത്തോട്, ഇരട്ടി മധുരം, വേപ്പില ഇവയിട്ട് വെളളം തിളപ്പിച്ച് തല കഴുകാം. കര്‍പ്പൂരം വെളിച്ചെണ്ണയില്‍ ചാലിച്ച് രാത്രി കിടക്കാന്‍ നേരം തലയില്‍ പുരട്ടുക.

ലേപനം

മരുന്നുകള്‍ അരച്ചെടുത്ത് യുക്തമായ ദ്രവ്യങ്ങളില്‍ (തേന്‍, പാല്‍, സ്വരസം, കഷായം) ചാലിച്ച് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. ചര്‍മ്മത്തിലെ അണുബാധ കുറയ്ക്കാന്‍ ലേപനം ചെയ്ത ദ്രവ്യം അധികം ഉണങ്ങിപ്പോകരുത്. ജലാംശം വലിയുമ്പോള്‍ തന്നെ കുതിര്‍ത്തിളക്കി മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

  1. അഞ്ച് ഇതളുളള ചെമ്പരത്തിയില ചതച്ച് പിഴിഞ്ഞ നീര് തലയില്‍ തേയ്ക്കുക.
  2. തേങ്ങാപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കുളിക്കുക.
  3. ചീവയ്ക്കാ പൊടി തലേ ദിവസത്തെ കഞ്ഞിവെളളത്തില്‍ കലക്കി തലയില്‍ പുരട്ടുക.
  4. വരകില്‍ പുല്ല് കത്തിച്ച ക്ഷാരം പൊടിച്ച് തേനില്‍ ചാലിച്ച് പുരട്ടുക.
  5. ഉഴുന്ന് തലേ ദിവസത്തെ കാടിയില്‍ ഇട്ടുവച്ച് പിറ്റേ ദിവസം എടുത്തരച്ച് തലയില്‍ തേയ്ക്കുക. 21 ദിവസം ആവര്‍ത്തിക്കുക.
  6. കറുകനാമ്പ് അരച്ച് കറുകനീരില്‍ ചാലിച്ച് തലയില്‍ പുരട്ടുക.
  7. തകരയില, ത്രിഫലത്തോട് ഇവ ചേര്‍ത്തരച്ച് മോരില്‍ ചേര്‍ത്ത് തലയില്‍ പുരട്ടുക.
  8. ഇരട്ടി മധുരം, കൊട്ടം, ഉഴുന്ന് ഇവ സമഭാഗം എടുത്ത് ഇന്തുപ്പും തേനിലും ചാലിച്ച് ശിരസില്‍ തേയ്ക്കുക.
  9. ചുവന്നുളളി ചതച്ച് നാരങ്ങാനീരിലിട്ട് വെയിലില്‍ ചൂടാക്കി തലയില്‍ പുരട്ടുക.
  10. തുളസിയില അരച്ച് പേസ്റ്റാക്കി നെല്ലിക്കാപ്പൊടി ചേര്‍ത്ത് തലയില്‍ പുരട്ടുക.
  11. ചെമ്പരത്തി, ചെമ്പരത്തിപ്പൂവ്, തുളസി, വെറ്റില ചതച്ച് വെളിച്ചെണ്ണ മുറുക്കി തലയില്‍ തേയ്ക്കുക.
  12. ഉലുവയും നെല്ലിക്കയും വെള്ളത്തില്‍ അല്ലെങ്കില്‍ തൈരില്‍ അരച്ച് തലയില്‍ പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയുക.
  13. മാങ്ങയണ്ടിപ്പരിപ് ത്രിഫലത്തോട് ഇവ പൊടിച്ച് പാലില്‍ അരച്ച് തലയില്‍ പുരട്ടുക.
  14. ആവണക്കെണ്ണയില്‍ ചെമ്പരത്തിപ്പൂവിട്ട് വെയിലത്ത് വച്ച് ചൂടുപിടിച്ചശേഷം തലയില്‍ പുരട്ടി അരമണിക്കൂറിനു ശേഷം താളി ഉപയോഗിച്ച് തല കഴുകുക. താളി
  15. ചെമ്പരത്തിയിലയും തുളസിയിലയും ചേര്‍ത്ത് ഇഞ്ചയും കൂട്ടി താളിയാക്കി തലയില്‍ തേയ്ക്കുക.
  16. ആര്യവേപ്പില അരച്ച് വെളളത്തില്‍ കലക്കി തല കഴുകുക.
  17. കാഞ്ഞിരത്തില താളിയാക്കി തേച്ചു കുളിക്കുക.
  18. ഉലുവ കഞ്ഞിവെളളത്തിലരച്ച് ചേര്‍ത്ത് തല കഴുകുക.
  19. കൊടിത്തണ്ട് ചതച്ച് തലയില്‍ തേച്ച് കഴുകുക. നസ്യം
  20. മൂക്കിന്റെ രണ്ട് ദ്വാരങ്ങളിലും മരുന്നൊഴിച്ച് വലിപ്പിക്കുന്ന രീതിയാണിത്.
  21. ഔഷധം ഉചിതമായ ദ്രവത്തില്‍ അരച്ചുരുട്ടി തുണിയില്‍ ഞെക്കിപ്പിഴിഞ്ഞ് മൂക്കിലിറ്റിക്കണം.
  22. കരിനൊച്ചി നീര്, മുരിങ്ങയില നീര്, തുളസി നീര്, വേപ്പെണ്ണ, വെളുത്തുളളി നീര് എന്നിവ നസ്യത്തിനുപയോഗിക്കാം. ശിരോധാര

രോഗാവസ്ഥയ്ക്കനുസരിച്ച് തൈലധാര, കഷായധാര, തക്രധാര എന്നിവ പ്രയോഗിക്കണം. ദ്രവദ്രവ്യം പ്രത്യേക രീതിയില്‍ നിശ്ചിത സമയത്തേക്ക് തലയില്‍ വീഴ്ത്തുന്ന ചികിത്സയാണ് ധാര.

കഷായധാര:

വേപ്പിന്‍ പട്ട, മരമഞ്ഞള്‍ ചേര്‍ത്ത് കഷായമുണ്ടാക്കി ധാര ചെയ്യുക.
ഗുളുച്യാദി കഷായം, നിംബാദി കഷായം, ത്രിഫല കഷായം, അരഗ്വധാദി കഷായം എന്നിവ ഉപയോഗിക്കാം.

തക്രധാര:
മരുന്നുകളിട്ട് സംസ്‌കരിച്ചെടുത്ത പാലില്‍ നിന്നും ഉണ്ടാക്കിയ വെണ്ണ നീക്കിയ മോരും നെല്ലിക്കാ കഷായവും ചേര്‍ത്ത് ധാര ചെയ്യുക.

തൈലധാര:
ഔഷധങ്ങളിട്ടു കാച്ചിയെടുത്ത തൈലമുപയോഗിച്ച് ധാര ചെയ്യുക. ത്രിഫലാദികേരം, ധുര്‍ധുരപത്രാദികേരം, ചെമ്പരത്യാദി കേരം ഇവ ഉപയോഗിക്കാം.

ശിരോധൂപനം
ഔഷധങ്ങള്‍ കനലിലിട്ടു പുകയുണ്ടാക്കി ആ പുക തലയോട്ടിയിലും മുടിയിലുമേല്‍പ്പിക്കുക. ഗുഗുലു, ഉല്‍പല ചൂര്‍ണം, കുന്തിരിക്കം എന്നിവ ഉപയോഗിക്കാം.

ശിരോവസ്തി
ശിരസില്‍ തൈലം കെട്ടി നിര്‍ത്തുന്ന ചികിത്സ രീതിയാണിത്. ഭൃംഗരാദ തൈലം, ഗുളുച്യാദി തൈലം, ത്രിഫലാദി തൈലം എന്നിവ ഉപയോഗിക്കുക.

സിരാവേധം
മേല്‍പ്പറഞ്ഞ ചികിത്സകള്‍ കൊണ്ട് രോഗം മാറിയില്ലെങ്കില്‍ തലയോട്ടിയിലെ സിരയെ മുറിച്ചു മാറ്റണമെന്ന് വാഗ്ഭടാചാര്യന്‍ നിര്‍ദേശിക്കുന്നു.
കയ്യുന്ന്യം, നെല്ലിക്ക, ചന്ദനം, ഇരട്ടിമധുരം, ഉമ്മം, തുളസി എന്നീ ഔഷധങ്ങള്‍ കൊണ്ടുള്ള വിവിധ പ്രയോഗങ്ങള്‍ താരനുള്ള ചികിത്സയില്‍ വളരെഫലപ്രദമാണ്.

മഹാമഞ്ജിഷഠാദി കഷായം, പഞ്ചതിക്തകം കഷായം, പടവലാദി കഷായം, ഗുഗ്ഗുലു തിക്തകം കഷായം, വദിരാരിഷ്ടം,അരഗ്വധാരിഷ്ടം, ഭൃംഗരാദാസവം, കൈശോരഗുഗ്ഗുലു ഷഡ്ധരണചൂര്‍ണം, നരസിംഹരസായനം, മാണിഭദ്രലേഹ്യം തുടങ്ങിയ മരുന്നുകള്‍ ആന്തരികൗഷധമായി ഉപയോഗിക്കാവുന്നതാണ്.

ഒഴിവാക്കേണ്ടവ

  1. വിരുദ്ധാഹാര സേവനം
  2. തൈര്, തണുപ്പുളള വെളളം ധാരാളമായി കുടിക്കുന്നത് ഒഴിവാക്കുക.
  3. മദ്യപാനം, വേഗധാരണം, ഉറക്കമളയ്ക്കുക.
  4. സൂര്യപ്രകാശം, പൊടി ഇവയുമായുളള അമിതസമ്പര്‍ക്കം.
  5. കേശസംരക്ഷണ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക.
  6. എരുവ്, പുളി, ഉപ്പ് ഇവ കുറയ്ക്കുക. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  7. മാതള നാരങ്ങ, നാരങ്ങ, നാളികേരം, നെയ്യ്, മുരിങ്ങ, മാങ്ങ എന്നിവ ഉപയോഗിക്കുക.
  8. സോയാബീന്‍, ബ്രൊക്കോളി, കാരറ്റ്, കടുക്, പപ്പായ, മത്തങ്ങ, കാബേജ് എന്നിവ ധാരാളം കഴിക്കുക.
  9. മുന്തിരി, ബദാം, കടല തുടങ്ങിയവ ദിവസവും രാവിലെ കഴിക്കുക.
  10. മീനെണ്ണ ഉപയോഗിക്കുക.
  11. ചീപ്പ്, സോപ്പ്, തോര്‍ത്ത് ഇവ സ്വന്തമായി ഉപയോഗിക്കുക.
  12. ശരീര ശുചിത്വം പാലിക്കുക.
  13. മുടി വൃത്തിയായി സൂക്ഷിക്കുക.
  14. ആഴ്ചയില്‍ രണ്ടു ദിവസം ഷാംപൂ ഉപയോഗിക്കുക.
  15. മുടി നനവോടെ കുറെ നേരം കെട്ടിവയ്ക്കരുത്.

താരന്‍ പോകാനുളള മരുന്നുകള്‍ ഉപയോഗിച്ച ശേഷം മുടി നന്നായി ചീകുക.താരന്‍ വലിയൊരു രോഗമല്ലെങ്കില്‍ കൂടി അവഗണിച്ചാല്‍ ഇത് സോറിയാസിസ് പോലുളള ഗുരുതരമായ ത്വക്ക് രോഗങ്ങളായി മാറാം.

അതിനാല്‍ തുടക്കത്തില്‍ തന്നെ മാറ്റിയെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദിവസവും തലയില്‍ എണ്ണ പുരട്ടുന്നതിലൂടെയും പത്ഥ്യാഹാര സേവനത്തിലൂടെയും താരന്‍ പൂര്‍ണമായി മാറ്റാന്‍ സാധിക്കും