Oddly News

അമ്പമ്പോ… വമ്പന്‍ പാമ്പിനോടൊപ്പം യോഗ ചെയ്ത് യുവതി; വീഡിയോയ്ക്ക് കടുത്ത വിമര്‍ശനം

പാമ്പിനെ പേടിയില്ലാവര്‍ വിരളമാണ്. പാമ്പെന്ന് കേട്ടാല്‍ തന്നെ ഓടുന്നവരാണ് മിക്ക ആളുകളും. പാമ്പുകളെ പേടിയില്ലാതെ കൈകാര്യം ചെയ്യുന്നവരുടെ പല വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരം വീഡിയോകള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടാറുമുണ്ട്. ഇപ്പോള്‍ jenz_losangeles and lxrpythons എന്ന യൂസര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് വിമര്‍ശനം നേരിടുന്നത്.

ഒരു വമ്പന്‍ പാമ്പിനോടൊപ്പം യോഗ ചെയ്യുകയാണ് യുവതി. സാധാരണ യോഗ ചെയ്യുന്നതു പോലെ തന്നെയാണ് യുവതി ചെയ്യുന്നത്. എന്നാല്‍ യുവതിയ്‌ക്കൊപ്പം പാമ്പിനെയും ഉപയോഗിച്ചതാണ് വീഡിയോ വിമര്‍ശനം നേരിടാന്‍ കാരണമായിരിയ്ക്കുന്നത്. യുവതി യോഗ ചെയ്യുമ്പോള്‍ പാമ്പ് അവരുടെ കൈകളിലും ദേഹത്തും ഒക്കെ ഇഴയുന്നതും ചുറ്റുന്നതും ഒക്കെയാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ കാണുന്ന ആര്‍ക്കും ഭയം തോന്നുന്ന വിധത്തിലാണ് പാമ്പ് ഇഴയുന്നത്.

വീഡിയോ വൈറലായതോടെ സമ്മിശ്ര അഭിപ്രായവുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. വിഷമില്ലാത്ത പാമ്പുകളെ ആയിരിയ്ക്കാം യുവതി ഉപയോഗിച്ചതെങ്കിലും യോഗയില്‍ എന്തിനാണ് പാമ്പുകളെ ഉപയോഗിക്കുന്നതെന്നാണ് പലരും ചോദിയ്ക്കുന്നത്. പാമ്പ് യോഗയ്‌ക്കോ മറ്റെന്തെങ്കിലും വ്യായാമത്തിനോ ഒന്നും ഉപയോഗിക്കാനുള്ള ഉപകരണമല്ലെന്നും അതിന് ജീവനുണ്ടെന്നും അതിനെ ചൂഷണം ചെയ്യുകയാണ് യുവതി ചെയ്യുന്നതെന്നുമാണ് പലരും കുറിയ്ക്കുന്നത്.