Featured Travel

കടല്‍ത്തീരമില്ലെങ്കിലും കൃത്രിമ ബീച്ച് ഒരുക്കാൻ ഹൈദരാബാദ്; 35 ഏക്കറിൽ 225 കോടി രൂപയുടെ പദ്ധതി

ഹൈദരാബാദ് നഗരത്തിന് സ്വന്തമായി ഒരു ബീച്ച് ഇല്ലെന്നതിനാൽ വാരാന്ത്യങ്ങളിൽ പലപ്പോഴും ആയിരക്കണക്കിന് ആളുകൾ ആന്ധ്രാപ്രദേശിലെ സൂര്യലങ്ക ബീച്ചിലേക്ക് ഒഴുകിയെത്താറുണ്ട്. ഇതിനൊരു പരിഹാരമാകുന്നു. ഹൈദരാബാദ് നഗരത്തിന് സ്വന്തം ബീച്ച് വരുന്നു. ഈ നഗരത്തില്‍ 35 ഏക്കര്‍ സ്ഥലത്ത് ബീച്ച് നിര്‍മ്മിക്കാന്‍ 225 കോടി രൂപയുടെ പദ്ധതിക്ക് തെലങ്കാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള കോട്വാല്‍ ഗുഡയിലാണ് ഈ ബീച്ച് നിര്‍മ്മിക്കുന്നത്. ബീച്ചിന് സമാനമായ ചുറ്റുപാടുകളുള്ള ഒരു കൃത്രിമ തടാകം പ്രധാന ആകര്‍ഷണമായിരിക്കും.

ഹൈദരാബാദിനെ ഒരു ലോകോത്തര ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 35 ഏക്കര്‍ സ്ഥലത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിര്‍മ്മാണം ഡിസംബറില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെറുമൊരു ബീച്ച് എന്നതിലുപരിയായി ഹൈദരാബാദ് നഗരം വിട്ടുപോകാതെ തന്നെ വാരാന്ത്യങ്ങളിൽ സമയം ചെലവഴിക്കാൻ കഴിയുന്ന ഒരു സമ്പൂർണ്ണ വിനോദ, സാഹസിക കേന്ദ്രം സൃഷ്ടിക്കുക എന്നതാണ് ആശയം.

കൃത്രിമ തടാകം, ഫ്‌ലോട്ടിങ് വില്ലകള്‍, ആഡംബര ഹോട്ടലുകള്‍, സാഹസിക വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. കുടുംബങ്ങള്‍ക്ക് വേണ്ടി വേവ് പൂളുകള്‍, സൈക്കിളിങ് ട്രാക്കുകള്‍, ഫുഡ് കോര്‍ട്ടുകള്‍, തിയേറ്ററുകള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍ എന്നിവയുമുണ്ടാകും. ഇത് നഗരം വിട്ടുപോകാതെ തന്നെ ആളുകള്‍ക്ക് വാരാന്ത്യം ചെലവഴിക്കാന്‍ കഴിയുന്ന ഒരു കേന്ദ്രമാക്കി മാറ്റും. ബംഗീ ജമ്പിംഗ്, കപ്പലോടിക്കല്‍, വിന്റര്‍ സ്‌പോര്‍ട്‌സ് പോലുള്ള സാഹസിക വിനോദങ്ങളും ഉണ്ടാകും.

ഔട്ടര്‍ റിംഗ് റോഡിലൂടെ എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതും, വലിയ ഭൂമി ലഭിക്കുന്നതിനാലുമാണ് കൃത്രിമ തടാകത്തിനായി കോട്വാല്‍ ഗുഡ തിരഞ്ഞെടുത്തത്. നിര്‍മ്മാണ സമയത്ത് പരിസ്ഥിതി സൗഹൃദപരമായ രീതികള്‍ ഉപയോഗിക്കുമെന്നും, പരിസ്ഥിതിക്ക് ദോഷം വരുത്തില്ലെന്നും അധികൃതര്‍ പറഞ്ഞു. തെലങ്കാന സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പട്ടേല്‍ രമേശ് റെഡ്ഡി, ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് പൂര്‍ത്തിയായെന്നും നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ 225 കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ, കൂടുതല്‍ അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കൃത്രിമ ബീച്ചിനെ ഒരു പ്രധാന ടൂറിസം ആകര്‍ഷണമായിട്ടാണ് സംസ്ഥാനം കാണുന്നതെന്നും ഇതിന്റെ സാധ്യത 15,000 കോടി രൂപയിലധികമാണെന്നും ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നു.