ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് (പി.എഫ്.) വരിക്കാര്‍ക്ക് വൈകാതെ എ.ടി.എം.വഴി പി.എഫ്. തുക പിന്‍വലിക്കാം. വരുന്ന ഏപ്രില്‍ മുതല്‍ ഈ സൗകര്യം ലഭ്യമാകുമെന്നു തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ബാങ്കുകളുമായി സഹകരിച്ച് എ.ടി.എമ്മുകള്‍ വഴി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപി.എഫ്.) പിന്‍വലിക്കല്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള പരീക്ഷണങ്ങള്‍ കേന്ദ്രം നടത്തിവരികയാണ്. എ.ടി.എമ്മുകള്‍ക്ക് പുറമെ, യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയും ഇ.പി.എഫ്. പിന്‍വലിക്കാന്‍ സാധിക്കും.
നിലവില്‍ നിരവധി ഫോമുകള്‍ പൂരിപ്പിക്കേണ്ടി വരുന്നതിനാല്‍ പി.എഫ്. പിന്‍വലിക്കല്‍ നടപടി സങ്കീര്‍ണമാണ്. ഈ പ്രക്രിയ കൂടുതല്‍ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംവിധാനം നടപ്പാക്കുന്നത്. നിലവിലെ ഇ.പി.എഫ്. പദ്ധതി പ്രകാരം, ജീവനക്കാരന്റെ അടിസ്‌ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 12% ഓരോ മാസവും പി.എഫിലേക്ക് സംഭാവന ചെയ്യും. തൊഴിലുടമയും തുല്യമായ തുക സംഭാവന നല്‍കും.
പി.എഫ്. പദ്ധതിയുടെ പലിശ നിരക്ക് സര്‍ക്കാര്‍ കാലാകാലങ്ങളില്‍ അവലോകനം ചെയ്യും. 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള പലിശ നിരക്ക് 8.25% ആയി നിശ്‌ചയിച്ചിട്ടുണ്ട്. തൊഴില്‍ മന്ത്രാലയം തയാറാക്കിയ നാല് പുതിയ ലേബര്‍ കോഡുകള്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും തൊഴില്‍മന്ത്രാലയം അറിയിച്ചു.




