നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് വെളുത്തുള്ളി. പക്ഷേ അതിന്റെ വിലയോ? ഇപ്പോള്‍ 400 രൂപയ്ക്കു മുകളിലാണ് ഒരു കിലോയുടെ വില. വെളുത്തുള്ളി വാങ്ങി സൂക്ഷിച്ചുവയ്ക്കാനും സൂക്ഷിച്ചു വയ്ക്കുന്നത് അല്‍പ്പം പാടുള്ള കാര്യമാണ്.
ഭക്ഷണത്തിന് രുചി കൂട്ടുന്നതോടൊപ്പം തന്നെ ആരോഗ്യകാര്യത്തിലും പ്രയോജനം തരുന്ന ഒന്നാണ് വെളുത്തുള്ളി. ആന്റിബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റ് ഫംഗല്‍ ഗുണങ്ങള്‍ വെളുത്തുള്ളിക്കുണ്ട്. ജലദോഷവും ഫ്‌ലൂവും അകറ്റാന്‍ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതുള്‍പ്പെടെ നിരവധി ആരോഗ്യഗുണങ്ങള്‍ വെളുത്തുള്ളിക്കുണ്ട്. വെളുത്തുള്ളിയില്‍ അല്ലിസിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുള്ളതിനാലാണിത്. പതിവായി വെളുത്തുള്ളി കഴിച്ചാല്‍ പ്രതിരോധസംവിധാനം ശക്തിപ്പെടും.
ദഹന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വെളുത്തുള്ളി നല്ലതാണ്. അതുപോലെ തന്നെ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും വെളുത്തുള്ളിക്ക് സാധിയ്ക്കും. വെളുത്തുള്ളിയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് പല അസുഖങ്ങളില്‍ നിന്നും ആരോഗ്യത്തെ സംരക്ഷിക്കുന്നതിനോടൊപ്പം ബിപി കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. വെളുത്തുള്ളി കുറേ നാള്‍ കേടുകൂടാതെ ഇരിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം…
- ജൂട്ട് ബാഗുകള്‍ ഉപയോഗിക്കുക – വെളുത്തുള്ളി പുറത്താണ് സൂക്ഷിക്കുന്നതെങ്കില്‍ ചണം കൊണ്ടുള്ള ബാഗുകളിലാക്കി വയ്ക്കാം. ശരിയായ വായുസഞ്ചാരം കിട്ടുന്നതിനാല്‍ വെളുത്തുള്ളി വളരെക്കാലം ഫ്രഷ് ആയി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ജൂട്ട് ബാഗ് ഇല്ലെങ്കില്‍ കോട്ടണ്‍ തുണി സഞ്ചി ഉപയോഗിക്കാം.
- എയര്‍ടൈറ്റ് കണ്ടെയ്നറില്‍ സൂക്ഷിക്കുക – വെളുത്തുള്ളിയുടെ തൊലി കളഞ്ഞ് വായു കടക്കാത്ത ഒരു പാത്രത്തില്‍ വയ്ക്കുക. പാത്രത്തില്‍ ഈര്‍പ്പം ഇല്ലെന്ന് ഉറപ്പാക്കുക. ഈര്‍പ്പം തങ്ങി നിന്നാല്‍ വെളുത്തുള്ളി കേടായേക്കാം. ഈ പാത്രം ഫ്രിജില്‍ സൂക്ഷിക്കുക. ഈ രീതിയില്‍, വെളുത്തുള്ളി ഒരാഴ്ച വരെ സൂക്ഷിക്കാം.
- ഫ്രീസറില്‍ വയ്ക്കാം – ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ചോ അല്ലെങ്കില്‍ വെളുത്തുള്ളി മാത്രമായോ മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ഇത് ഐസ് ക്യൂബ് ട്രേകളിലാക്കി ഫ്രീസറില്‍ സൂക്ഷിക്കുക. അല്‍പ്പം ഒലിവ് ഓയില്‍ കൂടി ചേര്‍ക്കുന്നത് രുചി കൂട്ടാന്‍ സഹായിക്കും. ഇത് കറികളില്‍ നേരിട്ട് ചേര്‍ക്കാവുന്നതാണ്.
- പേസ്റ്റ് ഉണ്ടാക്കി ഫ്രിജില്‍ വയ്ക്കുക – കറികളിലും മറ്റും ഉപയോഗിക്കാനുള്ള എളുപ്പത്തിന്, വെളുത്തുള്ളി മിക്സിയില്‍ അടിച്ച്, ഒരു പ്ലാസ്റ്റിക് അല്ലെങ്കില്‍ ഗ്ലാസ് എയര്‍ടൈറ്റ് പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ജാറില്‍ സൂക്ഷിക്കുമ്പോള്‍ അല്‍പം വൈറ്റ് വിനെഗര്‍ കൂടി ചേര്‍ത്താല്‍ കൂടുതല്‍ കാലം പുതുമയോടെ നില്‍ക്കും.