Sports

ദക്ഷിണാഫ്രിക്കയിലെ തോല്‍വി ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി ; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ അഞ്ചാമത്

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ രണ്ട് ഷെഡ്യൂളിലും ഫൈനല്‍ കളിച്ച ഇന്ത്യയ്ക്ക് പക്ഷേ മൂന്നാം പതിപ്പില്‍ തുടക്കത്തില്‍ കിട്ടിയിരിക്കുന്ന തോല്‍വികള്‍ തിരിച്ചടിയാകുമോ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഏറ്റ തോല്‍വിയോടെ ടീം ഇന്ത്യ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തോല്‍വി ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ഓരോ മത്സരവും ഫൈനലിലേക്കുള്ള സാധ്യതയെ മാറ്റിമറിക്കുന്നതിനാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കോച്ച് രാഹുല്‍ ദ്രാവിഡും പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ തിരിച്ചുവരാന്‍ തന്ത്രങ്ങള്‍ മെനയുകയും പുനഃസംഘടിപ്പിക്കുകയും വേണം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഒരു നിര്‍ണായക ഘട്ടത്തിലായതിനാല്‍ വരും മത്സരങ്ങളില്‍ ശക്തമായി കളിക്കേണ്ടിയും വരും. ഈ പരമ്പരയില്‍ ഇന്ത്യയെ കീഴടക്കിയ ദക്ഷിണാഫ്രിക്കയാണ് പട്ടികയില്‍ ഒന്നാമത്. അടുത്തിടെ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും റാങ്കിംഗില്‍ പാകിസ്ഥാന്‍ ശക്തമായ നിലയിലാണ്. രണ്ടാമത് നില്‍ക്കുന്ന അവര്‍ക്ക് 61.11% ആണ് വിജയം, 22 മത്സരങ്ങള്‍, 2 പരമ്പര വിജയങ്ങളുണ്ട്.

ഓരോ പരമ്പരകള്‍ വീതം നേടിയിട്ടുള്ള ന്യൂസിലന്‍ഡും ബംഗ്ലാദേശും 12 മത്സരങ്ങള്‍ കളിച്ചു. ഇരു ടീമുകളും തങ്ങളുടെ സ്ഥിരത പ്രകടമാക്കി മൂന്നാം സ്ഥാനം പങ്കിടുന്നു. 44.44% വിജയമുള്ള ഇന്ത്യ 16 മത്സരങ്ങള്‍ കളിച്ചു. ഒരു പരമ്പരവിജയം മാത്രമാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വി ഇന്ത്യയുടെ നിലയെ ബാധിച്ചു, അവരെ അഞ്ചാം സ്ഥാനത്തേക്ക് താഴ്ത്തി. ആറാമതാണെങ്കിലും സമ്മിശ്ര പ്രകടനത്തോടെ ഓസ്‌ട്രേലിയ മുകളിലേക്ക് കയറുകയാണ്. 41.67% വിജയശതമാനമുള്ള അവര്‍ 30 മത്സരങ്ങള്‍, 3 പരമ്പര വിജയങ്ങള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു തവണയും ഫൈനല്‍ കളിച്ച ഇന്ത്യയ്ക്ക് പക്ഷേ കപ്പുയര്‍ത്താനായിട്ടില്ല. ആദ്യ തവണ ന്യൂസിലന്റിനോടും രണ്ടാം തവണ ഓസീസിനോടും ഫൈനലില്‍ ഇന്ത്യ തോറ്റു.