Sports

ഷഹീനും പാകിസ്താനും മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരം ; 10 ഓവറില്‍ വഴങ്ങിയത് 90 റണ്‍സ്…!!

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ഏറ്റവും മറക്കാന്‍ ആഗ്രഹിക്കുന്ന ടീം പാകിസ്താനും അവരുടെ ബൗളര്‍ ഷഹീന്‍ അഫ്രീദിയുമായിരിക്കും. മുഖ്യ എതിരാളികളായ ഇന്ത്യയോട് തോറ്റ പാകിസ്താന്‍ ദുര്‍ബ്ബലരായ അഫ്ഗാനിസ്ഥാനോടും തോറ്റിരുന്നു. ഇതിന് പിന്നാലെ സെമിസാധ്യത നിലനിര്‍ത്തുന്ന മത്സരത്തില്‍ ന്യൂസിലന്റ് ബാറ്റ്‌സ്മാന്‍മാരുടെ കയ്യില്‍ നിന്നും നന്നായി അടി വാങ്ങി ഈ ലോകകപ്പിലെ തന്നെ ഏറ്റവും വലിയ സ്‌കോറുകളില്‍ ഒന്ന് വഴങ്ങുകയും ചെയ്തു.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ബൗളറെന്ന റെക്കോര്‍ഡാണ് ഷഹീന്‍ ഷാ അഫ്രീദി സ്വന്തമാക്കിയത്. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ന്യൂസിലന്റ് ബാറ്റ്‌സ്മാന്‍മാര്‍ ഷഹീനിട്ട് അടിച്ചു കൂട്ടിയത് 10 ഓവറില്‍ 90 റണ്‍സായിരുന്നു. ഒരു വിക്കറ്റ് പോലും വീഴ്ത്താനുമായില്ല. മത്സരത്തില്‍ പാക് ബൗളര്‍മാരെ പഞ്ഞിക്കിട്ട ന്യൂസിലന്റ് ബാറ്റ്‌സ്മാന്‍മാര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 401 റണ്‍സായിരുന്നു. സ്വന്തം നാട്ടുകാരനായ റൗഫിന്റെ റെക്കോഡാണ് ഷഹീന്‍ മറികടന്നത്. 2019 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ റൗഫ് വഴങ്ങിയ 10-0-85-1 എന്ന റെക്കോഡാണ് ഷഹീന്റെ ധാരാളിത്തത്തിന് മുന്നില്‍ ഇല്ലാതായത്.

ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിന്റെ അവസാന ഓവറില്‍ മിച്ചല്‍ സാന്റ്‌നര്‍ കൂറ്റന്‍ സിക്‌സര്‍ നേടിയതോടെയാണ് ഷഹീന്‍ നാണംകെട്ട റെക്കോര്‍ഡ് സ്ഥാപിച്ചത്. 11 ബൗണ്ടറികളും രണ്ട് സിക്‌സറുകളും വഴങ്ങിയ ഷഹീന് തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം ദിവസമായിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഷാക്കിബ് അല്‍ ഹസന്റെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍, ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന പേസറായി ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോഡ് തകര്‍ത്തതിന് പിന്നാലെയാണ് നാണക്കേടിന്റെ റെക്കോഡിനും ഇരയായത്.

രചിന്‍ രവീന്ദ്രയുടെ സെഞ്ച്വറിയും നായകന്‍ കേന്‍ വില്യംസണിന്റെ വമ്പന്‍ തിരിച്ചുവരവുമാണ് മത്സരത്തിന്റെ പ്രത്യേകത. 94 പന്തുകളില്‍ 108 റണ്‍സ് നേടിയ രചിന്‍ ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ക്വിന്റണ്‍ ഡീകോക്കിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്തി. മറുവശത്ത് അഞ്ചു റണ്‍സിന് സെഞ്ച്വറി നഷ്ടമായ നായകന്‍ കെയ്ന്റ വില്യംസണ്‍ ലോകകപ്പില്‍ 1000 റണ്‍സ് തികച്ച് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ കളിക്കാരനായി. സ്റ്റീഫന്‍ ഫ്‌ളെമിംഗിന്റെ 1075 റണ്‍സിന്റെ റെക്കോഡാണ് മറികടന്നത്.