Health

നിങ്ങള്‍ക്ക് വൃക്കരോഗ സാധ്യതയുണ്ടോ? ഈ പരിശോധനയിലൂടെ രോഗം മുൻകൂട്ടി അറിയാം

എല്ലാ വര്‍ഷത്തിലും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച്ച ലോകമെമ്പാടും വൃക്കദിനമായിയാണ് ആചരിക്കുന്നത്. ഈ വര്‍ഷത്തെ വൃക്കദിനം മാര്‍ച്ച് 13നായിരുന്നു. ഈ ദിവസം ലക്ഷ്യമാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിനെക്കുറിച്ചും വൃക്കരോഗങ്ങള്‍ നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തിനെപറ്റിയും അവബോധം ഉണ്ടാക്കുകയെന്നതാണ്.

നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ. ഈ വര്‍ഷത്തെ പ്രമേയം തന്നെ ” നിങ്ങളുടെ വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ? നേരത്തെ കണ്ടെത്താം, സംരക്ഷിക്കാം, വൃക്കകളുടെ ആരോഗ്യം ‘ എന്നതാണ്.ഉയര്‍ന്ന രക്ത സമ്മര്‍ദം, പ്രമേഹം, വൃക്കരോഗത്തിന്റെ കുടുംബചരിത്രം തുടങ്ങിയ രോഗസാധ്യതാഘടകങ്ങള്‍ തിരിച്ചറിയാം.

പതിവായുള്ള രക്തപരിശോധനയിലൂടെയും മൂത്രപരിശോധനയിലൂടെയും വൃക്കരോഗങ്ങള്‍ നേരത്തെ തിരിച്ചറിയാം. പലപ്പോഴും വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കാതെയാവും രോഗം ഉണ്ടാകുക. വൃക്കരോഗം വരാനുള്ള സാധ്യത കൂട്ടുന്ന പ്രധാനപ്പെട്ട ഘടകമാണ് പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും. ഇവ രണ്ടും ക്രമേണ വൃക്കയുടെ ആരോഗ്യം തകരാറിലാക്കും .

ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും പ്രകടമാകില്ല. പതിവായി പരിശോധിക്കുന്നതിലൂടെ രോഗം വേഗത്തില്‍ കണ്ടെത്താനായി സാധിക്കും.അടുത്ത ബന്ധുക്കള്‍ക്ക് വൃക്കരോഗം ഉണ്ടെങ്കില്‍ തീര്‍ച്ചയായും പതിവായ ആരോഗ്യപരിശോധന നടത്തണം. ഹൃദയവും വൃക്കയും തമ്മില്‍ ബന്ധമുണ്ട്.

ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായാല്‍ വൃക്കയിലേക്കുള്ള രക്തപ്രവാഹം കുറയും. വൃക്കരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.പ്രായം കൂടുതലുള്ളവര്‍ക്ക് വൃക്കരോഗത്തിന്റെ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത അധികമാണ്. അമിതഭാരം , പ്രമേഹം, ഉപാപചയരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. അത് പിന്നീട് വൃക്കകളുടെ പ്രവര്‍ത്തനത്തിനെയും തകരാറിലാക്കുന്നു.

തുടര്‍ച്ചയായുള്ള അണുബാധയും തടസവും വൃക്കകള്‍ക്ക് ക്ഷതമുണ്ടാക്കുന്നു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നു. ചില വേദന സംഹാരികള്‍ , ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയവ വൃക്കകള്‍ക്ക് ആയാസമുണ്ടാക്കും. രോഗനിര്‍ണയം നേരത്തെ നടത്താനായി ശ്രദ്ധിക്കണം.

സീറം ക്രിയാറ്റിനിന്‍ ടെസ്റ്റ് ക്രിയാറ്റിനിന്റെ അളവ് അറിയാനായി സഹായിക്കും. ക്രിയാറ്റിനിന്റെ ഉയര്‍ന്ന അളവ് വൃക്കകളുടെ പ്രവര്‍ത്തനം കുറഞ്ഞതിനെ സൂചിപ്പിക്കുന്നു. ബ്ലഡ് യൂറിന്‍ നൈട്രജന്‍ പരിശോധന, യൂറിയയുടെ അളവ് കണ്ടെത്താനായി സഹായിക്കുന്നുണ്ട്. ആല്‍ബുമിന്‍ ടു ക്രിയാറ്റിനിന്‍ റേഷ്യോ മൂത്രത്തില്‍ ചെറിയ അളവില്‍ ഉള്ള ആല്‍ബുമിന്‍ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. പ്രോട്ടീന്‍ ലീക്കേജ്, വൃക്കരോഗത്തിന്റെ പ്രാരംഭ ലക്ഷണമാകാം.

വൃക്കയുടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് വൃക്കകളുടെ വലുപ്പം ആകൃതി ഘടനാപരമായ വ്യത്യാസങ്ങള്‍, അതായത് മുഴകള്‍ , കല്ലുകള്‍. തടസ്സങ്ങള്‍ എന്നിവ വ്യക്തമാക്കുന്നു. ട്യൂമറോ വൃക്കകള്‍ക്ക് ക്ഷതമോ ഉണ്ടെന്ന് സംശയം തോന്നിയാലാണ് ഈ സ്‌കാനിങ് വേണ്ടിവരുന്നത്. ചില പ്രത്യേക വൃക്ക രോഗങ്ങള്‍ കണ്ടെത്താനായി ബയോപ്‌സി ചെയ്യേണ്ടതായി വരുന്നു.

ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ വൃക്കരോഗ സാധ്യത കുറയ്ക്കാനായി നമ്മുക്ക് സാധിക്കും. വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും വിഷാംശം നീക്കാ നുമായി ധാരാളം വെള്ളം കുടിക്കണം. ദിവസവും കൃത്യമായ അളവില്‍ വെള്ളം കുടിക്കണം.പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം എന്നിവ വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതും നല്ലതായിരിക്കും.അമിതമായ അളവില്‍ പഞ്ചസാര പ്രോസസ് ചെയ്തിട്ടുള്ള ഭക്ഷണം അനാരോഗ്യകരമായ കോഴുപ്പുകള്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്താം.

ആരോഗ്യകമായ ശരീരഭാരം നിലനിര്‍ത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യുന്നു. പുകവലി, വൃക്കകളിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കും. വൃക്കരോഗ സാധ്യത ഇത് വര്‍ധിപ്പിക്കും. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുന്നതിലൂടെ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാം. നോണ്‍സ്റ്റിറോയ്ഡല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകളുടെ പതിവായ ഉപയോഗവും ചില മരുന്നുകളുടെ ഉപയോഗവും വൃക്കകളുടെ പ്രവര്‍ത്തനത്തിനെ ബാധിക്കും.