Sports

22 വിക്കറ്റുകളുമായി മുന്നില്‍ ആദം സാംപ; മികച്ച ബൗളര്‍മാരുടെ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

എക്കാലത്തും ഫേവറിറ്റുകളാണെങ്കിലും ഓസീസിന്റെ ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ കണ്ടവരൊന്നും കങ്കാരുക്കള്‍ സെമിയില്‍ കടക്കുമെന്ന് കരുതിയിരിക്കാന്‍ തീരെ സാധ്യതയില്ല. എന്നാല്‍ അവസാനത്തെ നാലില്‍ എത്തിയ ടീമുകളില്‍ ഒന്നായി മാറിയതിന് ഓസീസ് ഏറ്റവുംകടപ്പെട്ടിരിക്കുന്നത് ബൗളര്‍ ആദം സാംപയോടാണ്. ഒമ്പത് മത്സരങ്ങളില്‍ ഓസീസിന്റെ മഞ്ഞക്കുപ്പായം അണിഞ്ഞ താരം 22 വിക്കറ്റുകളാണ് വീഴ്ത്തിയത്. സെമിയില്‍ എത്തിയ ഒരു ടീമിലെയും കളിക്കാര്‍ താരത്തിന്റെ ഏഴയല്‍പക്കത്തില്ല.

ഓവറോള്‍ മികവ് കാട്ടുന്ന ടീം ഇന്ത്യയുടെ പ്രമുഖ ബൗളര്‍ ജസ്പ്രീത് ബുംറ 9 കളികളില്‍ 17 വിക്കറ്റുകളുമായി അഞ്ചാം സ്ഥാനത്താണ്. മുന്നിലുള്ള ആദം സാംപയ്ക്കും ബുംറെയ്ക്കും രണ്ടു മത്സരങ്ങള്‍ വീതം ബാക്കിയുള്ളപ്പോള്‍ കാര്യമായ വെല്ലുവിളി ഇനിയുണ്ടാകാന്‍ തീരെ സാധ്യതയില്ല. സാംപയുടെ തൊട്ടു പിന്നില്‍ ഒമ്പത് കളികളില്‍ 21 വിക്കറ്റുകള്‍ വീഴ്ത്തിയ ദില്‍ഷന്‍ മധുശങ്ക ഉണ്ടെങ്കിലും ശ്രീലങ്ക പുറത്തായതിനാല്‍ ആ ഭീഷണി അവസാനിച്ചു. വെറും ഏഴു മത്സരം മാത്രം കളിച്ച് 18 വിക്കറ്റുകള്‍ നേടിയ ദക്ഷിണാഫ്രിക്കയുടെ ജറാഡ് കോട്‌സി സാംപയുമായുള്ള അകലം നാലു വിക്കറ്റുകളുടേതാണ്.

അതേസമയം ബൗളര്‍മാരില്‍ നാലാമതുള്ള പാകിസ്താന്റെ ഷഹീന്‍ അഫ്രീദി ഒമ്പതു കളികളില്‍ 18 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ടെങ്കിലും പാകിസ്താനും സെമി കാണാതെ പുറത്തായി. അതേസമയം വെറും അഞ്ചു മത്സരം മാത്രം കളിച്ച് 16 വിക്കറ്റുകള്‍ പേരിലാക്കിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയുടെ പ്രമുഖ ബൗളര്‍മാരില്‍ ഒരാള്‍. ഷമി ലോകകപ്പിലെ വിക്കറ്റ് നേട്ടക്കാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയും 16 വിക്കറ്റുകളുമായി മികച്ച 10 ബൗളര്‍മാരുടെ പട്ടികയിലുണ്ട്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ നാല് ടീമുകളാണ് സെമിഫൈനലിന് യോഗ്യത നേടിയത്. ടൂര്‍ണമെന്റില്‍ വലിയൊരു ഭാഗം ആധിപത്യം സ്ഥാപിച്ചത് ബാറ്റര്‍മാരാണെങ്കിലും ബൗളര്‍മാരുടെ മികച്ച പ്രകടനവും കണ്ടു.