ഭരണകൂടത്തിനെതിരേ അര്‍ദ്ധസൈനിക വിഭാഗം യുദ്ധം നടത്തുന്ന സുഡാനില്‍ സ്‌ത്രീകള്‍ക്കു നരകജീവിതമെന്നു റിപ്പോര്‍ട്ട്. പട്ടിണിയില്‍ വലയുന്ന സ്‌ത്രീകളോട് കുടുംബത്തെ പോറ്റാനുള്ള അവശ്യ ഭക്ഷണ സാധനങ്ങൾക്ക് പകരമായി കിടപ്പറ പങ്കിടാന്‍ സൈനികര്‍ നിര്‍ബന്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ദി ഗാര്‍ഡിയന്‍ പുറത്തുവിട്ടത്. സുഡാനില്‍നിന്നു സാഹസികമായി രക്ഷപ്പെട്ട 24 സ്‌ത്രീകളാണ് സൈന്യത്തിന്റെ കൊടുംക്രൂരതകളെക്കുറിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
തങ്ങളുടെ കുടുംബത്തെ പോറ്റാനുള്ള ഏക മാര്‍ഗം സൈനികരുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങിക്കൊടുക്കുകയെന്നതു മാത്രമാണെന്ന് രക്ഷപ്പെട്ട സ്‌ത്രീകള്‍ ദി ഗാര്‍ഡിയനോടു പറഞ്ഞു. രാജ്യത്തെ ഭക്ഷ്യസംഭരണകേന്ദ്രങ്ങള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സൈനികരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം ഭക്ഷണവും അടുക്കളയിലേയക്ക് വേണ്ട സാധനങ്ങളും എടുക്കാന്‍ അനുവദിച്ചതായി രക്ഷപെട്ട ഒരു സ്‌ത്രീ പറഞ്ഞു.
”എന്റെ മാതാപിതാക്കള്‍ രണ്ടുപേരും വളരെ വയസായവരും രോഗികളുമാണ്. ഭക്ഷണം അന്വേഷിച്ചുപോകാന്‍ എന്റെ മകളെ ഒരിക്കലും അനുവദിച്ചില്ല. കാരണം അവള്‍ അവര്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വരും. പകരം ഞാന്‍ പട്ടാളക്കാരുടെ അടുത്തേക്ക് പോയി, ഭക്ഷണം ലഭിക്കാനുള്ള ഏക മാര്‍ഗം അതാണ്”- സുഡാനില്‍നിന്നു രക്ഷപ്പെട്ടെത്തിയ സ്‌ത്രീ വിവരിച്ചു.
2023 ഏപ്രിൽ 15 ന് സുഡാനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ലൈംഗികാതിക്രമങ്ങൾ ആരംഭിച്ചത്, പലയിടത്തും സായുധ സൈനികര്‍ സ്‌ത്രീകളെ ബലാത്സംഗത്തിനിരയാക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുദ്ധത്തില്‍ ഒന്നരലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, യഥാര്‍ഥ മരണസംഖ്യ അതിലേറെ വരുമെന്ന് മനുഷ്യാവകാശ സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 11 ദശലക്ഷത്തിലധികം ആളുകള്‍ രാജ്യത്തുനിന്ന് പലായനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.