ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരക ഏരിയയിലെ ഒരു വീട്ടില്‍ 26 കാരിയായ യുവതിയുടെ മൃതദേഹം അലമാരിയില്‍ നിന്നും കണ്ടെത്തി, കൊലപാതകത്തിന് പിന്നില്‍ പങ്കാളിയുടെ പങ്ക് സംശയിക്കുന്നതായി പിതാവ് പറഞ്ഞു. ദിവസങ്ങളായി പെണ്‍കുട്ടിയുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ബുധനാഴ്ച പിതാവ് പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ബുധനാഴ്ച രാത്രി 10.40 ന് ഒരു പിസിആര്‍ കോള്‍ ലഭിച്ചു, അതില്‍ ഒരു കോളര്‍ തന്റെ മകള്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് പറഞ്ഞു, തുടര്‍ന്ന് ദാബ്രി പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു സംഘം ദ്വാരകയിലെ രാജപുരി പ്രദേശത്തെ പ്രസ്തുത വീട്ടിലേക്ക് പാഞ്ഞു. ഫ്ളാറ്റില്‍ പ്രവേശിച്ചപ്പോള്‍ ഒരു മുറിയിലെ അലമാരിയല് യുവതിയുടെ മൃതദേഹം കണ്ടെത്തി. സംഭവസ്ഥലത്തുണ്ടായിരുന്ന ഇരയുടെ പിതാവ് യുവതിയെ കൊലപ്പെടുത്തിയത് അവളുടെ ലൈവ്-ഇന്‍ പങ്കാളിയായ വിപാല്‍ ടെയ്ലറാണെന്ന് പോലീസിനോട് പറഞ്ഞു.
സ്ത്രീയുടെ അവസാന കോളിനെക്കുറിച്ചും പിതാവ് പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ഒന്നര മാസമായി തന്റെ മകള്‍ ടെയ്ലറിനൊപ്പം വാടകയ്ക്ക് ഫ്ളാറ്റിലാണ് താമസിക്കുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. പങ്കാളി വിപാല്‍ ടെയ്ലര് തന്നെ മര്‍ദിക്കാറുണ്ടെന്നും താന്‍ ഏതു നിമിഷവും കൊല്ലപ്പെട്ടേക്കുമെന്ന് മകള്‍ ഭയപ്പെട്ടിരുന്നുവെന്നും ഇക്കാര്യം തന്നോട് പറഞ്ഞിരുന്നതായും പരാതിക്കാരന് പോലീസിനോട് പറഞ്ഞു.
ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ വിപല്‍ ടെയ്ലറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പോലീസ് സംഘങ്ങള്‍ പ്രദേശത്തെ സിസിടിവി ക്യാമറകളും പരിശോധിക്കുകയാണ്.