Crime

യുവതിയുടെ മൃതദേഹം ശൗചാലയത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍

ഉപ്പുതറ: യുവതിയുടെ മൃതദേഹം ശൗചാലയത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഉപ്പുതറ വളകോട്‌ പാലക്കാവ്‌ കടുവാക്കാനം നെടുങ്ങഴിയില്‍ ലാലി എന്ന ജോര്‍ജ്‌ ജോസഫിന്റെ ഭാര്യ വസീന (43) നയാണു മരിച്ചത്‌. പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയതാണെന്ന്‌ പോലീസ്‌ പറഞ്ഞു.

ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ ഭര്‍ത്താവാണ്‌ യുവതിയെ കത്തിക്കരിഞ്ഞ നിലയില്‍ ആദ്യം കണ്ടത്‌. ലോഡിങ്‌ തൊഴിലാളിയായ ജോര്‍ജ്‌ രാവിലെ വളക്കോടിനു പോയശേഷമാണു സംഭവം. ഇയാള്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ വീട്ടില്‍ കണ്ടില്ല. വിളിച്ചിട്ട്‌ പ്രതികരണവുമുണ്ടായില്ല. ശുചിമുറിയിലെ ടാപ്പില്‍നിന്ന്‌ വെള്ളം വീഴുന്ന ശബ്‌ദം കേട്ട്‌ നോക്കിയപ്പോഴാണ്‌ വസീന ഭിത്തിയില്‍ ചാരി നിലത്ത്‌ കത്തിക്കരിഞ്ഞ്‌ ഇരിക്കുന്നതായി കണ്ടത്‌. ഉടന്‍തന്നെ സമീപവാസികളെ വിവരമറിയിച്ചു. തുടര്‍ന്ന്‌ ബ്ലോക്ക്‌ പഞ്ചായത്തംഗം ജോര്‍ജ്‌ ജോസഫ്‌ വിവരമറിയിച്ചതോടെ പോലീസ്‌ സ്‌ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ലാലിക്ക്‌ കൃഷിപ്പണിയും ലോഡിങ്ങുമാണു ജോലി. ആദ്യഭാര്യയും മക്കളും ഇയാളെ ഉപേക്ഷിച്ചുപോയിട്ട്‌ വര്‍ഷങ്ങളായി. പിന്നീട്‌ ഒറ്റയ്‌ക്കു താമസിക്കുകയായിരുന്ന ഇയാള്‍ നാലുവര്‍ഷം മുമ്പാണ്‌ വസീനയെ രജിസ്‌റ്റര്‍ വിവാഹം കഴിച്ചത്‌.

വസീനയുടെയും രണ്ടാം വിവാഹമാണ്‌. ഇരുവര്‍ക്കും മക്കളില്ല. വസീന വര്‍ഷങ്ങളായി മാനസികരോഗത്തിനു മരുന്ന്‌ കഴിച്ചിരുന്നതായി പറയുന്നു. കായംകുളം സ്വദേശിയാണ്‌. ഉപ്പുതറ പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക്‌ അയയ്‌ക്കും. ഏലത്തിനു മരുന്നടിക്കുന്ന മോട്ടോറിന്‌ ഒഴിക്കാന്‍ വാങ്ങിവച്ച പെട്രോള്‍ ഒഴിച്ച്‌ വസീന ആത്മഹത്യ ചെയ്‌തതാകാമെന്ന്‌ പോലീസ്‌ പറയുന്നു.