തായ്‌ലന്റില്‍ ശരീരത്ത് വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പുമായി രണ്ടു മണിക്കൂര്‍ മല്ലയുദ്ധത്തിന് ശേഷം ഒടുവില്‍ 64കാരിയെ രക്ഷപ്പെടുത്തി. തായ്ലന്‍ഡിലെ സമുത് പ്രകാനിലെ വീട്ടില്‍ പാത്രങ്ങള്‍ കഴുകുന്നതിനിടയില്‍ സ്ത്രീയെ പെരുമ്പാമ്പ് ആക്രമിക്കുകയും ശ്വാസംമുട്ടിക്കുകയും ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇഴജന്തുവുമായി അസാധാരണ മനസ്സാന്നിദ്ധ്യത്തോടെ സ്ത്രീ രണ്ട് മണിക്കൂറോളം പിടിച്ചുനിന്നു.
ബാങ്കോക്കിലെ കുട്ടികളുടെ ആശുപത്രിയിലെ വേലക്കാരിയായ ആരോം അരുണ്‍റോജ് ജോലി കഴിഞ്ഞ് വന്ന തന്റെ വീടിന്റെ പിന്‍ഭാഗത്ത് പാത്രം കഴുകുന്നതിനിടയില്‍ കാലില്‍ കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. വീടിന് സമീപത്ത് ചെറിയ കുറ്റിക്കാട് ഉണ്ടായിരുന്നതിനാല്‍ ചെറു പ്രാണികള്‍ കടിച്ചതായിരിക്കുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ താഴേയ്ക്ക് നോക്കിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. ഒരു വലിയ പാമ്പ് തന്റെ കാലിലേക്ക് കയറുന്നത് അവള്‍ കണ്ടു. അവര്‍ ആദ്യം പാമ്പിന്റെ തല പിടിച്ച് വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും പക്ഷേ അത് വളരെ കരുത്തേറിയതായിരുന്നു. ചുറ്റിവരിഞ്ഞ പാമ്പ് സ്ത്രീയെ നിലത്തിരുത്തി. അവരുടെ നടുവില്‍ ചുറ്റി. ശ്വാസം മുട്ടിക്കാന്‍ തുടങ്ങി.
പാമ്പിന്റെ ചുരുളുകള്‍ ശരീരത്തില്‍ മുറുകിയതിനാല്‍, ആരോമിന് ശ്വസിക്കാന്‍ പ്രയാസമായിരുന്നു, സഹായത്തിനായി നിലവിളിക്കാനും കഴിയാത്ത അവസ്ഥയിലായി. പക്ഷേ കിട്ടിയ നേരിയ ശബ്ദത്തില്‍ അവര്‍ നിലവിളിക്കുകയും അയല്‍ക്കാരില്‍ ഒരാള്‍ ഇത് കേട്ട് പോലീസിനെ വിളിക്കുകയും ചെയ്തു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സ്ത്രീയുടെ വീട്ടിലേക്ക് ഓടിക്കയറി. പൂട്ടിയ വാതില്‍ തകര്‍ത്ത് നോക്കുമ്പോള്‍ സ്ത്രീയെ തറയില്‍ തളര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ശരീരത്ത് ചുറ്റിയ പെരുമ്പാമ്പിന്റെ പിടി അയക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏകദേശം 30 മിനിറ്റ് വേണ്ടിവന്നു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.