Lifestyle

‘എയര്‍പോര്‍ട്ടില്‍ വിട്ട സുഹൃത്ത് ദുബായിലെത്തി, വീട്ടിലേക്കു തിരിച്ച ഞാന്‍ ഇപ്പോഴും റോഡില്‍ ’

ഇന്ത്യയിലെ കുരുക്ക് പലപ്പോഴും യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുന്നതാണ്. ഇക്കാര്യത്തിലെ ‘കുപ്രസിദ്ധി’ ബംഗളൂരുവിനാണ്. ഈ നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ തീവ്രത എത്രയാണെന്ന് വ്യക്തമാക്കുന്ന ഒരു ഇന്‍സ്റ്റഗ്രാം കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തില്‍ സുഹൃത്തിനെ യാത്രയാക്കി തിരിച്ചു വീട്ടിലേയ്ക്ക്പോന്നതാണ് ഈ യുവതി.

നീണ്ട മണിക്കൂറുകള്‍ നഗരത്തിലെ ഗതാഗതകുരുക്കില്‍പ്പെട്ട് കിടക്കുന്നു. ഇതിനിടെ താന്‍ ദുബായിലെത്തിച്ചേര്‍ന്നെന്ന് സുഹൃത്തിന്റെ സന്ദേശവുമെത്തി. ഇതോടെ നിലവിട്ട യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു.

യുവതി പോസ്റ്റിട്ടിരിക്കുന്നത് റോഡിലെ കുരുക്കിന്റെ വീഡിയോ കൂടി ചേര്‍ത്താണ് . ഇതാണ് ഇവിടുത്തെ അവസ്ഥ. ബംഗളൂരു ജനതയെ മൊത്തം ടാഗ് ചെയ്യുന്നു എന്നുകൂടി പോസ്റ്റില്‍ പറയുന്നുണ്ട് യുവതി. അല്‍പം പോലും അതിശയോക്തിയില്ലെന്നും നഗരത്തിന്റെ സാധാരണ അവസ്ഥയിതാണെന്നും പറഞ്ഞ് നിരവധി കമന്റുകളും നിറയുന്നുണ്ട് പോസ്റ്റില്‍. ബംഗളൂരുവില്‍ ഒരു കിലോമീറ്റര്‍ കാറില്‍ യാത്ര ചെയ്യാന്‍ മിനിമം സമയം മൂന്ന് മണിക്കൂറും നടക്കാന്‍ പത്തുമിനിറ്റും എന്നു പറയുകയാണ് മറ്റൊരു ഉപയോക്താവ് കുറിച്ചു.

വിമാനയാത്രക്കായി കുറഞ്ഞത് ആറ് മണിക്കൂര്‍ മുന്‍പെങ്കിലും യാത്ര തുടങ്ങണമെന്നാണ് മറ്റൊരാള്‍ പറയുന്നത്. ഒരു അടിയന്തര സാഹചര്യം വന്നാല്‍ എന്തുചെയ്യുമെന്ന ആശങ്കയാണ് പലരും ഉന്നയിക്കുന്നത്.