വലെന്‍സിയ : ജോലിക്ക് പതിവായി 40 മിനിറ്റ് നേരത്തെ എത്തിയ ജീവനക്കാരിയെ തൊഴിലുടമ പിരിച്ചുവിട്ട നടപടി കോടതി ശരിവച്ചു. രണ്ട് വര്‍ഷമായി യുവതി ജോലിയ്ക്ക് നേരത്തെയായിരുന്നു എത്തിയിരുന്നത്. 22 വയസ്സുള്ള യുവതിയാണ് തന്നെ അന്യായമായി പിരിച്ചുവിട്ടുവെന്ന് ആരോപിച്ച് തൊഴിലുടമയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. തന്റെ പിരിച്ചുവിടല്‍ അന്യായമാണെന്ന് ആരോപിച്ച് സ്ത്രീ സ്‌പെയിനിലെ അലികാന്റെയിലെ സോഷ്യല്‍ കോടതിയെ സമീപിക്കുകയായിരുന്നു.
രാവിലെ 7.30നാണ് യുവതിയുടെ ഷിഫ്റ്റ് ആരംഭിച്ചിരുന്നത്. പക്ഷേ ജീവനക്കാരി രണ്ട് വര്‍ഷത്തോളമായി രാവിലെ 6.45നും 7നും ഇടയില്‍ 40 മിനിറ്റ് നേരത്തെ ഓഫിസിലെത്തിയിരുന്നു. ആ സമയത്ത് ജോലിയൊന്നും ചെയ്യാനില്ലാത്തതിനാല്‍ നേരത്തെ വരേണ്ടെന്ന് പല തവണ തൊഴിലുടമ നിര്‍ദേശിച്ചിരുന്നു. പക്ഷേ, തുടര്‍ച്ചയായി യുവതി തൊഴിലുടമയുടെ നിര്‍ദേശം അവഗണിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യുവതിയെ മോശം പെരുമാറ്റത്തിന്റെ പേരില്‍ തൊഴിലുടമ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ജോലിസമയത്തിനു മുന്‍പ് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചത് വിശ്വാസവഞ്ചനയാണെന്നും, നേരത്തെ എത്തേണ്ടതില്ലെന്ന നിര്‍ദ്ദേശം അവഗണിച്ചത് മോശം പെരുമാറ്റമാണെന്നും തൊഴിലുടമ വാദിച്ചു.
ഒന്നിലധികം തവണ വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും യുവതി നേരത്തെ എത്തിയിരുന്നതായി തൊഴിലുടമ കോടതിയെ അറിയിച്ചു. കമ്പനി ക്യാംപസില്‍ എത്തുന്നതിന് മുമ്പുതന്നെ കമ്പനി ആപ്പ് വഴി 19 സന്ദര്‍ഭങ്ങളില്‍ യുവതി ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചത് വിശ്വാസ വഞ്ചനയാണെന്നാണ് തൊഴിലുടമ കോടതിയില്‍ അറിയിച്ചത്. ജോലിസ്ഥലത്തെ നിയമങ്ങള്‍ പാലിക്കാന്‍ യുവതി വിസമ്മതിച്ചതായാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. സ്പാനിഷ് തൊഴിലാളി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 54 ലംഘിച്ചതായി കണ്ടെത്തിയാണ് കോടതി യുവതിയെ പിരിച്ചുവിട്ട തീരുമാനം ശരിവച്ചത്.




