Lifestyle

ഫോട്ടോയെടുക്കുന്നതിനിടെ വവ്വാൽ വായിൽ കയറി; യുവതിക്ക് ചെലവായത് 18 ലക്ഷം രൂപ!

അരിസോണയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ക്യാമറയിൽ ചിത്രം പകർത്തുകയായിരുന്ന യുവതിയുടെ വായിൽ വവ്വാൽ കയറി ! മസാച്യുസെറ്റ്സിലെ 33കാരിയായ എറിക്കയാണ് വവ്വാൽ ആക്രമണം നേരിടേണ്ടി വന്ന യുവതി. തുടര്‍ന്ന് ചികിത്സകള്‍ക്കായി യുവതിക്ക് ചെലവായത് 20,000 ഡോളറാണ്. ഏകദേശം 18 ലക്ഷം രൂപ! സംഭവം കഴിഞ്ഞ ഓഗസ്റ്റിൽ നടന്നതാണെങ്കിലും റാബിസ് പ്രതിരോധ ചികിത്സയോടെ താൻ സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ഇപ്പോള്‍ എറിക്ക പറയുന്നു.

യാത്രയ്ക്കിടെ രാത്രിയിലെ ആകാശദൃശ്യങ്ങൾ ക്യാമറയില്‍ പകർത്താനായി ഇറങ്ങിയതാണ് എറിക്ക. പെട്ടെന്ന് ക്യാമറയ്ക്കും തലയ്ക്കും ഇടയിലായിട്ടാണ് വവ്വാലിനെ കണ്ടത്. എറിക്ക പേടിച്ച് അലറി വിളിച്ചു. ഈ സമയംകൊണ്ട് വവ്വാൽ യുവതിയുടെ വായയ്ക്കുള്ളില്‍ കയറുകയും നിമിഷങ്ങൾക്കകം പുറത്തേയ്ക്ക് പറക്കുകയും ചെയ്തു. ഡോക്ടർ കൂടിയായ തന്റെ പിതാവിനോട് കാര്യങ്ങൾ പറഞ്ഞപ്പോള്‍ വാകിസിന്‍ എടുക്കാൻ അദ്ദേഹം നിർദേശിച്ചു. എന്നാൽ വവ്വാലിന്റെ കടിയേൽക്കാത്തതിനാൽ വാകിസിൻ എടുക്കാൻ എറിക്ക അപ്പോള്‍ തയാറായില്ല.

പിന്നീട് ചികിത്സ തുടരണമെന്ന് മനസ്സിലായതോടെയാണ് എറിക്ക ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തത്. എന്നാല്‍ 30 ദിവസം കാത്തിരിപ്പ് കാലാവധി ഉണ്ടെന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ മറുപടി. തുടർന്ന് മറ്റൊരു ഇൻഷുറൻസ് കമ്പനിയെ സമീപിക്കുകയും ചികിത്സയ്ക്ക് ആവശ്യമായ കുറച്ച് തുക ലഭിക്കുകയും ചെയ്തു. ഇതിനിടെ ബയോമെഡിക്കൽ എൻജിനീയറായി ജോലി ചെയ്തിരുന്ന എറിക്കയെ അവരുടെ കമ്പനി പിരിച്ചുവിടുകയും ചെയ്തതോടെ സാമ്പത്തിക പ്രയാസങ്ങൾ രൂക്ഷമായി. ഒരു വവ്വാൽ കാരണം എറിക്കയുടെ ജീവിതം തന്നെ തകിടംമറിഞ്ഞു.