Crime

മൂത്രത്തിൽകല്ലിന് യുട്യൂബ് നോക്കി ശസ്ത്രക്രിയ; മദ്യലഹരിയില്‍ വയറുകീറി, ഞരമ്പ് മുറിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: യൂടൂബ്‌ വീഡിയോയില്‍ കണ്ടപോലെ വ്യാജ ക്ലിനിക്‌ ഉടമ ശസ്‌ത്രക്രിയ നടത്തി, വീട്ടമ്മ മരിച്ചു. പ്രതികള്‍ മുങ്ങി. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണു സംഭവം. വയറുവേദനയെത്തുടര്‍ന്നാണു മുനിശ്ര റാവത്തിനെ ഭര്‍ത്താവ്‌ തേജ്‌ബഹദൂര്‍ റാവത്ത്‌ ശ്രീ ദാമോദര്‍ ഔഷധാലയത്തിലെത്തിച്ചത്‌.

മൂത്രത്തില്‍ കല്ലു മൂലമാണു വേദനയെന്നു തേജ്‌ബഹദൂറിനോട്‌ ക്ലിനിക്ക്‌ നടത്തിപ്പുകാരനായ ഗ്യാന്‍ പ്രകാശ്‌ മിശ്ര പറഞ്ഞു. ശസ്‌ത്രക്രിയയും നിര്‍ദേശിച്ചു. ഈ മാസം അഞ്ചിനായിരുന്നു ശസ്‌ത്രക്രിയ. ചെലവിനായി 25,000 രൂപയും ആവശ്യപ്പെട്ടു. അതില്‍ മുന്‍കൂറായി 20,000 രൂപ അയാള്‍ വാങ്ങി. യൂട്യൂബിലെ വീഡിയോ കണ്ടുകൊണ്ടാണു ഗ്യാന്‍ പ്രകാശ്‌ മിശ്ര ശസ്‌ത്രക്രിയ തുടങ്ങിയത്‌. കൂട്ടിനായി അനന്തിരവന്‍ വിവേക്‌ കുമാര്‍ മിശ്രയെയും അയാള്‍ കൂട്ടി.

യൂടൂബിലെ വീഡിയോയില്‍ കണ്ടപോലെ മുനിശ്രയുടെ വയര്‍ ഗ്യാന്‍ പ്രകാശ്‌ കത്തി ഉപയോഗിച്ചു കീറി. നിരവധി രക്‌തക്കുഴലുകള്‍ മുറിക്കുകയും ചെയ്‌തു,. മണിക്കൂറുകള്‍ക്കുശേഷം അവര്‍ മരിച്ചു. ഗ്യാന്‍ പ്രകാശ്‌ മദ്യലഹരിയിലാണു വയറുകീറിയതെന്നു തേജ്‌ബഹദൂര്‍ ആരോപിച്ചു. ഗ്യാന്‍ പ്രകാശിന്റെ ബന്ധു റായ്‌ബറേലിയിലെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ ജോലി ചെയ്യുന്നയാളാണ്‌. അയാളുടെ സര്‍ക്കാര്‍ ജോലിയുടെ മറവിലാണ്‌ അനധികൃത ക്ലിനിക്ക്‌ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്നത്‌. ഗ്യാന്‍ പ്രകാശും വിവേകും ഒളിവിലാണെന്നു പോലീസ്‌ അറിയിച്ചു.