Crime

പ്രണയവിവാഹം; 21കാരി ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍ത്താവ് ആശുപത്രിമുറിയില്‍ തൂങ്ങിമരിച്ചു

വരാപ്പുഴ: ഭാര്യ ജീവനൊടുക്കിയതിനു പിന്നാലെ ഭര്‍ത്താവ് തൂങ്ങിമരിച്ചു. കൊങ്ങോര്‍പ്പിള്ളി കിഴക്ക് മനക്കപ്പറമ്പ് കോളനിക്ക് സമീപം ശാസ്ത്രാംപടിക്കല്‍ ഇമ്മാനുവലിന്റെ ഭാര്യ മരിയ റോസ് (21), കുഞ്ഞുമോന്‍ മകന്‍ ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഇമ്മാനുവലും സമീപവാസിയുമായി തര്‍ക്കം ഉണ്ടായത് മറിയ റോസിന് മനോവിഷമം ഉണ്ടാക്കിയതായി പറയപ്പെടുന്നു.

രാത്രി 10 മണിയോടെ കിടപ്പുമുറിയില്‍ ഊഞ്ഞാല്‍ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഉടനെ ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടഞ്ഞു. ഭാര്യ മരിച്ചതില്‍ മനംനൊന്ത് ഭര്‍ത്താവ് ഇമ്മാനുവല്‍ ആശുപത്രിയിലെ എക്‌സ് റേ റൂമില്‍ കയറി തൂങ്ങിമരിച്ചു. ഇന്നലെ പുലര്‍ച്ചെ ജീവനക്കാര്‍ ആണ് തൂങ്ങിമരിച്ച നിലയില്‍ ഇമ്മാനുവലിനെ കണ്ടെത്തിയത്. ഇമ്മാനുവല്‍ ഇന്റരിയില്‍ ഡിസൈനര്‍ ആണ്. മരിയ റോസ് എറണാകുളത്ത് കോളജില്‍ പഠിക്കുകയാണ്.

രണ്ടു വര്‍ഷം മുന്‍പ് പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. ഒന്നര വയസുള്ള ആദം, 28 ദിവസം പ്രായമുള്ള ആണ്‍കുട്ടി എന്നിവരാണു മക്കള്‍. മൃതദേഹം ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ പരിശോധിച്ചു കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. കൊങ്ങോര്‍പ്പിള്ളി സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയില്‍ ഇന്നു സംസ്‌ക്കാരം നടത്തും. കൊങ്ങോര്‍പ്പിള്ളി ഇടയക്കാത്തോടിന് സമീപം ചുള്ളിക്കാട്ട് ബെന്നിയുടെ മകളാണു മരിയ റോസ്.