ഗാർഹിക പീഡനത്തിന്റെ അസ്വസ്ഥതയുളവാക്കുന്ന നിരവധി സംഭവങ്ങൾ ഇന്ന് രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പുറത്തുവരാറുണ്ട്. ഇപ്പോഴിതാ , ഉത്തർപ്രദേശിലെ ഒരു നഗരത്തിൽ ഒരു സ്ത്രീയെ ഭർതൃകുടുംബക്കാർ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ വൻ ചർച്ചയാകുന്നത്. ഉത്തർപ്രദേശിലെ ഡിയോറിയയിൽ തർകുൽവ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബരായ് പട്ടി ഗ്രാമത്തിലാണ് സംഭവം.
സംഭവം കണ്ടുനിന്ന ചിലർ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ ആക്രമണത്തിന്റെ ഭീകരത എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ്. @Bawaala Shots എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു വീടിനു വെളിയിൽ യുവതിയെ ഭർത്താവിന്റെ അമ്മയും അച്ഛനും സഹോദരനും ചേർന്ന് അതിക്രൂരമായി മർദിക്കുന്നതാണ് കാണുന്നത്. വലിയ വടി ഉപയോഗിച്ച് മൂന്നുപേരും ഉപദ്രവിക്കുമ്പോൾ വേദനകൊണ്ട് യുവതി നിലവിളിക്കുന്നതും ഓടി രക്ഷപെടാൻ ശ്രമിക്കുന്നതുമാണ് കാണുന്നത്. എന്നാൽ യുവതിയുടെ മുടിയിൽ പിടിച്ച് വലിച്ചും വീടിനു സമീപമുള്ള കുഴിയിലേക്ക് തള്ളിയിട്ടും ഭർതൃ വീട്ടുകാർ തങ്ങളുടെ ക്രൂരത തുടരുന്നതാണ് കാണുന്നത്.
ഈ സമയം സമീപ വാസികളിൽ ചിലർ സ്ത്രീയുടെ അവസ്ഥ കണ്ട് നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. ചില റിപ്പോർട്ടുകൾ പ്രകാരം, യുവതിയും ഭർത്താവും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഇതിന് പിന്നാലെ അമ്മായിയപ്പനും ഭർതൃ സഹോദരനും അമ്മായിയമ്മയും ചേർന്ന് യുവതിയെ മർദ്ദനതിന് ഇരയാക്കുകയുമായിരുന്നു.
https://x.com/TheSiasatDaily/status/1895830021136146788
സംഭവം ശ്രദ്ധയിൽ പെട്ടതോടെ തർകുൽവ പോലീസ് സ്റ്റേഷനിൽ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഭർതൃ വീട്ടുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡിയോറാവോ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടാൻ പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.