Crime

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് യുവതി പറ്റിച്ചത് 300 പേരെ; തട്ടിയത് 15 ലക്ഷം രൂപ …!

ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട്‌ഫോണുകളുടെയും വരവോടെ, മനുഷ്യജീവിതം സാങ്കേതികവിദ്യകളുമായി കൂടുതല്‍ ഇഴചേര്‍ന്നിരിക്കുന്നു. ചിലര്‍ അതിനെ വ്യക്തിപരവും സാമൂഹികവുമായ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍, മറ്റുചിലര്‍ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുകയാണ്. 26കാരിയായ ഒരു സ്പാനിഷ് യുവതി, ഒരു സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ബ്‌ളാക്ക്‌മെയില്‍ ചെയ്തത് 300 പേരെ.

15 ലക്ഷം തട്ടിയെടുക്കുകയും ചെയ്തു. സ്‌പെയിനില്‍ നടന്ന സംഭവത്തില്‍ 26 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചന, കൊള്ളയടിക്കല്‍ കേസുകളുമായി ബന്ധപ്പെട്ട് യുവതിയെ കഴിഞ്ഞ എട്ട് മാസമായി പോലീസ് തെരയുകയായിരുന്നു. പലരില്‍നിന്നായി ഏകദേശം 13,500 പൗണ്ട്, ( ഏകദേശം 15 ലക്ഷം രൂപ) സമ്പാദിച്ചതായും പോലീസ് പറഞ്ഞു. സാന്‍ സെബാസ്റ്റ്യനു സമീപം അസ്‌കോയിയയില്‍ വച്ചാണ് യുവതിയെ പിടികൂടിയത്. അറസ്റ്റിന് ശേഷം അവള്‍ തന്റെ പ്രവര്‍ത്തനരീതി പോലീസിനോട് വെളിപ്പെടുത്തി.

സ്മാര്‍ട്ട്ഫോണും ഫോട്ടോ മോണ്ടേജ് ആപ്പും ഉപയോഗിച്ച് എഐ ജനറേറ്റഡ് ബോഡികളില്‍ പുരുഷന്മാരുടെ മുഖം സൂപ്പര്‍ഇമ്പോസ് ചെയ്ത് സൃഷ്ടിച്ച ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പെന്ന് പോലീസ് വെളിപ്പെടുത്തി.

തനിക്ക് ഒരു തുക നല്‍കിയില്ലെങ്കില്‍ ഈ ചിത്രങ്ങള്‍ പരസ്യമായും ഇരകളുടെ കുടുംബങ്ങളുമായും പങ്കിടുമെന്ന് അവള്‍ ഭീഷണിപ്പെടുത്തും. അവളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍, അന്വേഷകര്‍ കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ കണ്ടെത്തി, ഏകദേശം 3,500 ചാറ്റ് ലോഗുകള്‍ ഉള്‍പ്പെടെ, അതില്‍ അവള്‍ പുരുഷന്മാരെ ബ്ലാക്ക് മെയില്‍ ചെയ്തതിന്റെ തെളിവുകള്‍ പോലീസ് കണ്ടെടുത്തു.