Crime

ആളൊഴിഞ്ഞ സ്ഥലം നോക്കി ട്രെയിനില്‍നിന്ന് എറിഞ്ഞുകൊടുക്കും; കഞ്ചാവുമായി യുവതി പിടിയില്‍

നെടുമ്പാശേരി: ട്രെയിനില്‍നിന്ന് എറിഞ്ഞു കൊടുത്ത കഞ്ചാവ് കൊണ്ടു പോകുന്നതിനിടയില്‍ യുവതി പിടിയില്‍. ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാര്‍ സിങ്ങി (24)നെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ നെടുവന്നൂരാണ് സംഭവം. ട്രെയിനില്‍നിന്ന് എന്തോ പൊതികള്‍ വലിച്ചെറിയുന്നത് കണ്ട് നാട്ടുകാര്‍ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് പൊതികള്‍ ശേഖരിച്ച് പോകുന്ന യുവതിയെ കണ്ടത്. യുവതിയുടെ ബാഗില്‍ നാലു പൊതികളിലായി എട്ട് കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്. റയില്‍വേ സ്‌റ്റേഷനുകളില്‍ പോലീസ് പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവ് കടത്തുകാര്‍ പുതിയതന്ത്രം പരീക്ഷിച്ചത്. ആളൊഴിഞ്ഞ സ്ഥലം നേരത്തെ കണ്ടു വയ്ക്കും. ട്രെയിനില്‍ കൊണ്ടുവരുന്ന കഞ്ചാവ് ആ ഭാഗത്ത് എത്തുമ്പോള്‍ പുറത്തേക്ക് എറിയും. അവിടെ കാത്തു നില്‍ക്കുന്ന ആളുകള്‍ കഞ്ചാവുമായി സ്ഥലം വിടും. ഇവര്‍ നേരത്തെ ഈ രീതിയില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി: ടി.ആര്‍ രാജേഷ്, ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷ്, സബ് ഇന്‍സ്‌പെക്ടര്‍ എസ്.എസ് ശ്രീലാല്‍, എ.എസ്.ഐ: പ്രീത, സീനിയര്‍ സി.പി.ഒമാരായ രതീഷ്, വിപിന്‍, മനു, സജാസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.