മക്‌സിക്കോസിറ്റി: മെക്‌സിക്കോയിലെ സാന്‍ പെഡ്രോ ഹുഅമെലുലയിലെ മേയര്‍ ഡാനിയല്‍ ഗുട്ടിയറസ് വിവാഹിതനായി, വധു പെണ്‍മുതല. സാധാരണ വധുക്കളെ പോലെ മുതലയെയും ഗൗണ്‍ അണിച്ചാണു ചടങ്ങിനെത്തിച്ചത്.
രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള ആചാരത്തിന്റെ ഭാഗമായായിരുന്നു വിവാഹം. മഴ, നല്ല വിളവ്, സമാധാനം എന്നി ലക്ഷ്യമാക്കിയാണു മുതലക്കല്യാണം നടത്തിയത്. 230 വര്‍ഷം മുമ്പ് മെക്‌സിക്കോയുടെ തെക്കന്‍ ഭാഗത്തുള്ള ഒയാക്‌സാകയിലാണ് ഈ പാരമ്പര്യം ആരംഭിച്ചത്.
രണ്ടു വര്‍ഷം മുമ്പ് മുന്‍ മേയര്‍ വിക്‌ടര്‍ ഹ്യൂഗോ സോസയും ഇത്തരത്തിലൊരു വിവാഹം സംഘടിപ്പിച്ചിരുന്നു. ചോണ്ടല്‍, ഹുവേ എന്നീ ആദിവാസി ഗോത്രങ്ങളുടേതാണു മുതലക്കല്യാണച്ചടങ്ങ്. ചരിത്രമനുസരിച്ച്, ചോണ്ടല്‍ രാജാവ് ഒരു ഹുവേ രാജകുമാരിയെ ( മുതല പ്രതിനിധീകരിക്കുന്നു) വിവാഹം കഴിച്ചതാണ് ആദ്യത്തെ ചടങ്ങ്. രാജഭരണം അവസാനിച്ചതോടെ കല്യാണത്തിന്റെ ചുമതല മേയര്‍ക്കായി.
വിവാഹത്തിന് മുമ്പ്, മുതലയെ നഗരത്തിലൂടെ ഘോഷയാത്രയായി കൊണ്ടുപോകും. വിവാഹ വസ്‌ത്രം ധരിച്ച മുതലയ്‌ക്ക് വീടുകളില്‍ സ്വീകരണം നല്‍കും. (സുരക്ഷയുടെ ഭാഗമായി മുതലയുടെ വായ കെട്ടിയിരിക്കും). പിന്നീട് നഗരവാസികള്‍ മുതലയെ ആലിംഗനം ചെയ്യുകയും അതിനു ചുറ്റും നൃത്തം ചെയ്യുകയും ചെയ്യും. മേയര്‍ മുതലയുടെ മുഖത്ത് ഉമ്മ വയ്‌ക്കുന്നതോടെയാണ് ആഘോഷം അവസാനിക്കുന്നത്.




