Featured Sports

ഗുജറാത്തിനെ തോൽപ്പിച്ച് ഡൽഹി നാലാമതും ഫൈനലിൽ; വനിതാ പ്രീമിയർ ലീഗില്‍ എതിരാളി ആർസിബി

വഡോദര: വനിതാ പ്രീമിയർ ലീഗിന്റെ നാലാം സീസണില്‍ ഡൽഹി ക്യാപിറ്റൽസ് ഫൈനലില്‍ . ഗുജറാത്ത് ജയന്റ്സിനെ എട്ട് വിക്കറ്റിന് തകർത്താണ് ഫൈനൽ പ്രവേശം. ഡബ്ലിയു പി എല്ലിന്റെ നാല് സീസണിലും ഫൈനലിൽ പ്രവേശിക്കാൻ ഇതോടെ ഡൽഹിക്കായി. എന്നാൽ ഇതുവരെ ഒരു കിരീടം പോലും നേടാനായിട്ടില്ല. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഫൈനലിൽ നിലവിലെ ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളരുവാണ് എതിരാളികൾ.

എലിമിനേറ്ററില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഗുജറാത്ത്‌ ഏഴ്‌ വിക്കറ്റിന്‌ 168 റണ്ണെടുത്തു. 51 പന്തില്‍ 62 റണ്ണുമായി പുറത്താകാതെനിന്ന ഓപ്പണര്‍ ബെത്‌ മൂണിയാണ്‌ അവരെ മികച്ച സ്‌കോറിലെത്തിച്ചത്‌. ജോര്‍ജിയ വാറെമും (25 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 35) മൂണിക്കു മികച്ച പിന്തുണ നല്‍കി. ഡല്‍ഹി ബൗളര്‍മാര്‍ നല്‍കിയ 25 അധിക റണ്ണും ഗുജറാത്തിനു തുണയായി. 19 വൈഡുകളാണ്‌ അവര്‍ എറിഞ്ഞത്‌. അനുഷ്‌ക ശര്‍മ (16), കാശവീ ഗൗതം (18) എന്നിവരാണു രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. സോഫി ഡെവിന്‍ (ആറ്‌), നായിക ആഷ്‌ലീഗ്‌ ഗാഡ്‌നര്‍ (0), കനിക അഹൂജ (ആറ്‌), ഭാര്‍തി ഫുല്‍മാലി (0) എന്നിവര്‍ നിരാശപ്പെടുത്തി. ഡല്‍ഹിക്കായി ചിനെല ഹെന്റി മൂന്ന്‌ വിക്കറ്റെടുത്തു. നന്ദിനി ശര്‍മ രണ്ട്‌ വിക്കറ്റും മിന്നു മണി ഒരു വിക്കറ്റുമെടുത്തു.

ഡൽഹിക്കായി ഹെൻറി മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിൽ ലിസ്‌ലി ലീ (43 ), ഷെഫാലി വർമ(31 ), ലൗറ വോൾവാർഡ്(32 ), ജെമീമ റോഡ്രിഗസ് (41 ) തുടങ്ങി ബാറ്റെടുത്തവരെല്ലാം തിളങ്ങി.