Movie News

‘പരമസുന്ദരി’യില്‍ പ്രിയാവാര്യരെ സൈഡാക്കി; സിനിമയ്‌ക്കെതിരേ മലയാളി ആരാധകര്‍

ബോളിവുഡ് റൊമാന്റിക് കോമഡിയായ ‘പരമസുന്ദരി’ യില്‍ നടി ജാന്‍വി കപൂറിന്റെ മലയാളിപെണ്‍കുട്ടി വേഷത്തെ നിലത്തു നിര്‍ത്താതെ ട്രോളുകയായിരുന്നു മലയാളികള്‍ . ഇതിന് പിന്നാലെ സിനിമയില്‍ ‘ ഒരു അഡാര്‍ ലവി’ലെ കണ്ണിറുക്കലിലൂടെ ഒറ്റരാത്രികൊണ്ട് താരമായി മാറിയ നടി പ്രിയ പ്രകാശ് വാര്യരെ സൈഡാക്കി മാറ്റിയെന്ന ആക്ഷേപവും ഉയരുന്നു.

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും ജാന്‍വി കപൂറിന്റെയും റൊമാന്റിക് കോമഡിയില്‍ പ്രിയാ വാര്യര്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് അഭിനയിച്ചത്. ഇത് മലയാളി ആരാധകരുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയാകുകയായിരുന്നു. ഒരു ഡയലോഗ് പോലും ഇല്ലാത്ത ഈ ചെറിയ വേഷം പ്രിയ എന്തിന് ചെയ്തു എന്നുള്ള അമ്പരപ്പിലായിരുന്നു ആരാധകര്‍. സിനിമയില്‍ പ്രിയ അഭിനയിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജാന്‍വിയുടെ മലയാളിപെണ്‍കൊടി വേഷത്തില്‍ അതൃപ്തരായ മലയാളി ആരാധകര്‍ എന്നാല്‍ പിന്നെ സിനിമയിലെ നായികയാക്കി പ്രിയാവാര്യരെ അഭിനയിപ്പിക്കാന്‍ കഴിയില്ലായിരുന്നോ എന്ന ചോദ്യവും ഉയര്‍ത്തിയിരിക്കുകയാണ്.

ചുവപ്പും വെളുപ്പും കലര്‍ന്ന സാരിയുടുത്ത പ്രിയ സിദ്ധാര്‍ത്ഥിന്റെ പിന്നിലൂടെ നടന്നുപോകുന്നതാണ് വീഡിയോയിലുള്ളത്. താരത്തെ ഒരു ബാക്ക്ഗ്രൗണ്ട് ആക്ടറായി കണ്ടതിന്റെ ഞെട്ടലിലായിരുന്നു നെറ്റിസണ്‍സ്. ‘അവള്‍ ഇതിലും മികച്ചത് അര്‍ഹിക്കുന്നു.’ എന്നാണ് പലരുടെയും അഭിപ്രായം. തന്റെ ആദ്യ ചിത്രത്തിലെ ഐക്കോണിക് കണ്ണിറുക്കലിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ പ്രശസ്തയായത്. അടുത്തിടെ അജിത് കുമാറിന്റെ തമിഴ് ചിത്രമായ ‘ഗുഡ് ബാഡ് അഗ്ലി’യിലും പ്രിയ അഭിനയിച്ചിരുന്നു.