2024 ഡിസംബർ 1 മുതൽ രാജ്യത്തെ ടെലികോം വരിക്കാർക്ക് അവരുടെ മൊബൈൽ ഫോണുകളിൽ സന്ദേശങ്ങളും ഒറ്റത്തവണ പാസ്‌വേഡുകളും (OTP) ലഭിക്കുന്നതിൽ കാലതാമസം നേരിടുമോ ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്ക് മറുപടിയായി ഈ സന്ദേശങ്ങളുടെ സമയബന്ധിതമായ ഡെലിവറിയെ പുതിയ ട്രെയ്‌സിബിലിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ബാധിക്കില്ലെന്ന് ട്രായ് അറിയിച്ചു.
ലൈവ്മിന്റ് റിപ്പോർട്ട് അനുസരിച്ച്, ഡിസംബർ 1 മുതൽ നെറ്റ് ബാങ്കിംഗ്, ആധാർ OTP സന്ദേശങ്ങൾ ഡെലിവറി ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് പൊതുജനങ്ങൾക്ക് ഉറപ്പുനൽകുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ പുതിയ അറിയിപ്പില്‍ പറയുന്നു.
വഞ്ചനാപരമായ കോളുകളും സന്ദേശങ്ങളും ഉള്‍പ്പെടെ സമീപകാലത്ത് വര്‍ദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ വർദ്ധനവിനെതിരെ നടപടികളെടുക്കുന്നതില്‍ ട്രായ് പ്രതിജ്ഞാബദ്ധരാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഒക്ടോബർ 1 ന് അവർ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കി,
ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിന് ടെലികോം കമ്പനികൾക്ക് നവംബർ 30 വരെ സമയം അനുവദിച്ചു.
അതേസമയം, ബൾക്ക് എസ്എംഎസ് ട്രാഫിക്കിന്റെ ഉത്ഭവം കണ്ടെത്താൻ ടെലികോം കമ്പനികളെ അനുവദിക്കുന്ന ഒരു സംവിധാനമാണ് മെസേജ് ട്രേസബിലിറ്റി. വഞ്ചനാപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിന് ഈ ഫീച്ചർ അത്യന്താപേക്ഷിതമാണ്, കാരണം ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലെ കുറ്റവാളികളെ തിരിച്ചറിയാനും നടപടിയെടുക്കാനും ഇത് ബന്ധപ്പെട്ടവരെ സഹായിക്കുന്നു.