Sports

ഐപിഎല്ലില്‍ ന്യൂസിലന്റിന്റെ രചിന്‍ രവീന്ദ്ര കിംഗ്‌സ് ഇലവന്‍ പഞ്ചാബിലെത്തുമോ?

ഐപിഎല്‍ പുതിയ സീസണില്‍ താരലേലം തുടങ്ങാനിരിക്കെ ന്യൂസിലന്റിന്റെ യുവ ബാറ്റ്‌സ്മാന്‍ രചിന്‍ രവീന്ദ്ര ഐപിഎല്ലില്‍ ഏതു ടീമിനൊപ്പം കളിക്കുമെന്ന ആകാംഷയിലാണ് ആരാധകര്‍. എന്നാല്‍ 50 ലക്ഷം അടിസ്ഥാനവിലയുള്ള രചിന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ എത്തിയേക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദ് കരുതുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന കളിക്കാര്‍ക്കായി പണം കോരിയൊഴുക്കുന്ന പതിവ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനുണ്ടെന്ന് അഭിനവ് മുകുന്ദ് പറയുന്നു. ഇംഗ്‌ളണ്ടിന്റെ ബെയര്‍‌സ്റ്റോയും റാച്ചിനും തമ്മിലുള്ള പോരാട്ടമാണ്, പക്ഷേ മധ്യനിരയില്‍ ഇടംകൈയ്യന്‍ ഉണ്ടായിരിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണെന്ന് താരം കരുതുന്നു. കാരണം ബെയ്സ്റ്റോ, ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ തുടങ്ങി ടീമില്‍ അനേകം വലംകയ്യന്മാര്‍ ഉണ്ടെന്നിരിക്കെ അത് ഗുണം ചെയ്യുമെന്ന് മുകുന്ദ് പറഞ്ഞു.

ഇന്ത്യന്‍ വംശജന്‍ കൂടിയായ രചിന്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ബാറ്റ്‌സ്മാനാണ്. ലോകകപ്പില്‍ അസാധാരണ ബാറ്റിംഗ് കാഴ്ചവെച്ച രചിന്‍ 10 കളികളില്‍ നിന്ന് 64.22 ശരാശരിയില്‍ 578 റണ്‍സ് നേടിയിരുന്നു. ആദ്യ ലോകകപ്പില്‍ മൂന്ന് സെഞ്ചുറികളും രണ്ട് അര്‍ധസെഞ്ചുറികളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രചിന്‍ സ്‌കോറിംഗ് ചാര്‍ട്ടില്‍ മൊത്തത്തില്‍ നാലാം സ്ഥാനം നേടുകയും ചെയ്തു.

ടൂര്‍ണമെന്റില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത താരത്തിന്റെ ഓള്‍റൗണ്ട് മികവിലാണ് പഞ്ചാബ് കണ്ണു വെച്ചിരിക്കുന്നത്. ന്യൂസിലന്‍ഡിന്റെ യുവ ബാറ്റ്സ്മാന്‍ രച്ചിന്‍ രവീന്ദ്ര പഞ്ചാബ് കിംഗ്സിന് ഏറ്റവും അനുയോജ്യനാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിനവ് മുകുന്ദ് കരുതുന്നു. അതേസമയം അദ്ദേഹത്തിന്റെ ടി20 പ്രകടനം എങ്ങിനെയായരിക്കുമെന്ന് വ്യക്തമല്ല.