Oddly News

ആ ഗുളികകള്‍ കരള്‍രോഗത്തിന്റേതല്ല, എയിഡ്സിനുള്ളത്; 10 വർഷത്തിനുശേഷമുള്ള വെളിപ്പെടുത്തലില്‍ ഞെട്ടി ഭാര്യ

കുടുംബബന്ധത്തിലെ വിശ്വാസ്യത തകർക്കുകയും സ്നേഹം, വിശ്വാസം എന്നിവയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്ന ഒരു സംഭവം ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടൃന്നു. ഗുരുതരമായ കരൾ രോഗമാണെന്ന് വിശ്വസിച്ചുകൊണ്ട് തന്റെ ഭർത്താവിന് പത്ത് വർഷമായി നല്‍കിക്കൊണ്ടിരുന്ന ചുവന്ന ഗുളികകൾ എച്ച്.ഐ.വിയുടേതാണെന്ന് അറിഞ്ഞ ഞെട്ടലില്‍ ഭാര്യ.

2021 ഡിസംബറിൽ, നിയമവിരുദ്ധമായി കാസിനോ നടത്തിയതിന് ഭർത്താവിനെ ജയിലിൽ അടച്ചു. അദ്ദേഹത്തെ സന്ദർശിക്കാനെത്തിയ ഭാര്യയോട് അധികൃതര്‍ ഭർത്താവിനുവേണ്ടി എച്ച്.ഐ.വി. (എയ്ഡ്‌സ്) മരുന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ സത്യം അവര്‍ അറിഞ്ഞത്. 2011-ൽതന്നെ ഭർത്താവിന് എച്ച്.ഐ.വി. രോഗം സ്ഥിരീകരിച്ചിരുന്നുവെന്നും, എന്നാൽ വിവാഹിതരായതിന് ശേഷമുള്ള പത്ത് വർഷക്കാലം ഈ വിവരം തന്റെ ഭാര്യയിൽ നിന്ന് അയാള്‍ മറച്ചുവെച്ചിരുന്നുവെന്നും വെളിപ്പെട്ടു. 2011-ലാണ് ഇവര്‍ കണ്ടുമുട്ടിയത്. തന്റെ എച്ച്.ഐ.വി. നിലയെക്കുറിച്ച് അറിഞ്ഞിട്ടും യുവതിയെ അറിയിക്കാതെ അവർ വിവാഹിതരായി.

വിവാഹശേഷം ഭർത്താവ് ഗുളികകൾ കഴിക്കാൻ തുടങ്ങിയപ്പോൾ, അത് കരളിനുള്ള മരുന്നാണെന്ന് ഭാര്യയോട് കള്ളം പറഞ്ഞു. പൂർണ്ണമായി വിശ്വസിച്ച ഭാര്യ ഒരു ദശാബ്ദക്കാലം ദിവസവും ചുവന്ന ഗുളികകൾ അദ്ദേഹത്തിന് എടുത്തുനൽകി. ഈ ഗുളികകൾ എയ്ഡ്‌സിനുള്ളതാണെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഇത് കരളിനുള്ളതാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു, ഞാൻ അത് വിശ്വസിച്ചു- യുവതി പറഞ്ഞു.

എന്നാല്‍ ഭർത്താവ് ജയിലിൽ വെച്ച് തന്റെ പ്രവൃത്തിയെ ന്യായീകരിച്ചു, താൻ തുടർന്നുപോന്ന ചികിത്സ വൈറസിനെ നിയന്ത്രണത്തിലാക്കിയെന്നും അണുബാധയ്ക്കുള്ള സാധ്യത കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിശദീകരണത്തിൽ ഭാര്യക്ക് ആശ്വാസമുണ്ടായില്ല. വിവാഹത്തിന്റെ ആദ്യ വർഷങ്ങളിൽ സംരക്ഷണമില്ലാത്ത ലൈംഗിക ബന്ധത്തിലൂടെ തനിക്ക് അണുബാധയുണ്ടായിരിക്കുമോ എന്ന് അവർ ഭയപ്പെട്ടു. തുടർന്ന് ഭാര്യ ഉടൻതന്നെ എച്ച്.ഐ.വി. പരിശോധന നടത്തി, ഫലം നെഗറ്റീവായിരുന്നു. എങ്കിലും, മാനസികമായ വേദന വളരെ വലുതായിരുന്നുവെന്ന് അവര്‍ പറഞ്ഞു.