സോൻഭദ്ര: ഉത്തർപ്രദേശിലെ സോൻഭദ്രയിൽ കാമുകിക്കൊപ്പം ഷോപ്പിംഗ് മാളിലെത്തിയ ഭർത്താവിനെ ഭാര്യ കയ്യോടെ പിടികൂടി. നഗരത്തിലെ സിറ്റികാർട്ട് ഷോപ്പിംഗ് മാളിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വാലന്റൈൻസ് ഡേ പ്രമാണിച്ച് കാമുകിക്കൊപ്പം സാധനങ്ങൾ വാങ്ങാനെത്തിയ ഭർത്താവിനെ, മകനോടൊപ്പം മാളിലെത്തിയ ഭാര്യ അപ്രതീക്ഷിതമായി നേരിടുകയായിരുന്നു.
സംഭവം ഉടൻ തന്നെ മാളിൽ വലിയ തോതിലുള്ള സംഘർഷത്തിന് വഴിമാറി. പ്രകോപിതയായ ഭാര്യ ഭർത്താവിന്റെ കാമുകിയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ഇത് കയ്യാങ്കളിയിൽ കലാശിക്കുകയും ചെയ്തു. ഇരുവരും പരസ്പരം മുടിയിൽ പിടിച്ചുവലിക്കുന്നതും അസഭ്യം പറയുന്നതും വീഡിയോയിൽ കാണാം. ഏകദേശം 15 മിനിറ്റോളം നീണ്ടുനിന്ന ബഹളത്തിനിടെ സാഹചര്യം മുതലെടുത്ത് ഭർത്താവ് സ്ഥലത്തുനിന്ന് മുങ്ങി. മാളിലുണ്ടായിരുന്നവർ മൊബൈലിൽ പകർത്തിയ ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സംഭവത്തിന് പിന്നാലെ ഭാര്യ ഭർത്താവിനെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി. തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയുമായി അമിതമായി അടുപ്പം കാണിക്കുന്നുവെന്ന് ഭാര്യ പരാതിപ്പെട്ടു. തുടർന്ന് പോലീസ് ഇരുവരെയും കൗൺസിലിംഗിന് വിധേയമാക്കുകയും ഭർത്താവിന് താക്കീത് നൽകി വിട്ടയക്കുകയും ചെയ്തതായി റോവർട്ട്‌സ്ഗഞ്ച് കോട്‌വാലി ഇൻസ്പെക്ടർ രാംസ്വരൂപ് വർമ്മ അറിയിച്ചു.




