Health

ചുക്കില്ലാത്ത കഷായമില്ല, രോഗകാരണങ്ങളെ എരിച്ചു കളയുന്ന ആരോഗ്യരക്ഷകന്‍

ഇഞ്ചി ഉണക്കി സൂക്ഷിക്കുന്ന ‘ചുക്ക്’ നമുക്ക് ഏറെ സുപരിചിതമാണ്. എന്തിലും ഏതിലും തലയിടുന്നവരെക്കുറിച്ച് ‘ചുക്കില്ലാത്ത കഷായമില്ല’ എന്ന പഴഞ്ചൊല്ല് തന്നെയുണ്ട്.

ആഹാര പചന കാര്യത്തില്‍ കറിക്കൂട്ടായി ഔഷധമായി പ്രവര്‍ത്തിക്കുന്ന മഹാ ഔഷധമാണ് ചുക്ക്. ശരീരത്തിെല ഓരോ കോശത്തിലും പചനപ്രക്രിയ ഓരോ നിമിഷവും നടന്നു കൊണ്ടിരിക്കുന്നു.

ഈ പചന പ്രക്രിയയ്ക്ക് മാന്ദ്യം സംഭവിക്കുമ്പോള്‍ ആമം എന്ന രോഗകാരണം ശരീരത്തിലുണ്ടാകുന്നു. അടിസ്ഥാനപരമായി ഈ രോഗകാരണത്തെ ഇല്ലാതാക്കുന്നത് ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന ഇഞ്ചിയുടെ പ്രവര്‍ത്തനമാണ്.

ചുരുക്കത്തില്‍ രോഗകാരണങ്ങളെ എരിച്ചു കളയുന്ന ആരോഗ്യരക്ഷകനാണ് അടുക്കളയിലെ ഈ വൈദ്യന്‍.

ഉപയോഗങ്ങള്‍

വിശപ്പ് വര്‍ധിപ്പിക്കുവാനും ശോധനം ക്രമപ്പെടുത്തുവാനും ഇഞ്ചിക്കുള്ള കഴിവ് വലുതാണ്. ഛര്‍ദിയെ ശമിപ്പിക്കുന്നു. ട്യൂമര്‍പോലെയുള്ള വ്യാധികളെ ശമിപ്പിക്കുവാനും ഇഞ്ചിയിലെ ഘടകങ്ങള്‍ സഹായകരമാണ്.

കൊളസ്‌ട്രോള്‍ കുറയുന്നതിനും രക്തധമനികളില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി രക്തപ്രവാഹത്തെ തടസപ്പെടുത്തുന്ന രോഗാവസ്ഥകളിലും ഇഞ്ചിയോളം മറ്റൊര ഔഷധമില്ല. സന്ധിവാത ചികിത്സയില്‍ നീരു വേദന കുറയാനും ഇഞ്ചി ഫലപ്രദമാണ്.

  1. ഇഞ്ചിനീരും ചുക്ക് കഷായം വച്ചതും ശര്‍ക്കരയും ചേര്‍ത്ത ചുക്ക് കാപ്പിയായി കഫക്കെട്ട്, ജലദോഷം എന്നിവയ്ക്ക് ഉപയോഗിക്കാം.
  2. ചുക്ക് വെള്ളത്തിലിട്ട് തിളപ്പിച്ച് അല്‍പം കുറുക്കി ചൂടോടെ കുടിച്ചാല്‍ വയറുവേദന, നെഞ്ചുവേദന ഇവയ്ക്ക് ശമനം ഉണ്ടാകും. ദഹനം കിട്ടുകയും ചെയ്യും.
  3. ഇഞ്ചിനീരും ചെറുനാരങ്ങാ നീരും ചേര്‍ത്തതില്‍ അല്‍പ്പം ഇന്തുപ്പ് ചേര്‍ത്ത് സേവിച്ചാല്‍ ഗ്യാസ്, ദഹനക്കേട്, അരുചി എന്നിവ മാറും.
  4. വേനല്‍ക്കാലത്ത് ചക്ക കഴിച്ച് ദഹനക്കേട് ഉണ്ടായാല്‍ ഉടന്‍ ഒരു കഷണം ചുക്ക് കടിച്ചു തിന്നാല്‍ മതി.
  5. ചുണ്ണാമ്പ് ലായനിയില്‍ മുക്കിവച്ച ഇഞ്ചികഷണം അരിമ്പാറയില്‍ തുടര്‍ച്ചയായി ഉരസിയാല്‍ അരിമ്പാറ മാറിക്കിട്ടും.
  6. ഇഞ്ചിനീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് പുരട്ടിയാല്‍ ആണിരോഗം മാറും.
  7. വയറിളക്കം നിലക്കാത്ത അവസ്ഥയില്‍ പൊക്കിളിന്റെ ഭാഗത്ത് ഇഞ്ചിനീര് പുരട്ടിയാല്‍ വയറിളക്കം നില്‍ക്കും.
  8. പാലും ഇഞ്ചിനീരും ചേര്‍ത്ത് മൂക്കിലൊഴിച്ചാല്‍ കഫക്കെട്ടോടുകൂടിയ തലവേദന മാറും.
  9. പൂപ്പല്‍ബാധമൂലം വട്ടത്തില്‍ മുടി കൊഴിയുന്ന ഇന്ദ്രലുപ്നം എന്ന രോഗാവസ്ഥയില്‍ ചുക്ക്‌പൊടി ശീലയില്‍ കിഴികെട്ടി ഉപദ്രവമുള്ള ഭാഗത്ത് ഉരസുന്നത് രോഗം മാറാനും മുടി വളരാനും നല്ലതാണ്.
  10. കറിവേപ്പില, മഞ്ഞള്‍ എന്നിവയുമായി ചേര്‍ത്ത് കാച്ചിയെടുക്കുന്ന മോര് അടുക്കളയിലെ മൃതസജ്ഞീവിനിയാണ്.
  11. പനി, കഫക്കെട്ട് മുതലായ അസുഖങ്ങള്‍ക്ക് പല ഗുളികകളും ഇഞ്ചിനീരില്‍ ചേര്‍ത്ത് കൊടുക്കുന്നത് നല്ലതാണ്.
  12. ഇഞ്ചിയും ഉപ്പും ചേര്‍ത്ത് ഭക്ഷണത്തിനുമുമ്പ് ഉപയോഗിച്ചാല്‍ ദഹനം എളുപ്പമാകും.
  13. ഇഞ്ചിയും കറിവേപ്പിലയും വെളുത്തുള്ളിയും ചേര്‍ത്ത് തയാറാക്കുന്ന ചമ്മന്തി ഉപയോഗിച്ചാല്‍ ദഹനക്കേടിന് ഫലപ്രദമാണ്.

Leave a Reply

Your email address will not be published. Required fields are marked *