Sports

ടെസ്റ്റില്‍ നിന്നും വിരമിച്ചു ; എന്നിട്ടും വിരാട്‌കോഹ്ലിയ്ക്കും രോഹിതിനും എ പ്ലസ് കരാര്‍ തുടരും

ഇന്ത്യന്‍ ആരാധകര്‍ക്ക് വന്‍ നിരാശ സമ്മാനിച്ചുകൊണ്ടാണ് നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് പിന്നാലെ വിരാട്‌കോഹ്ലിയും ടെസ്റ്റിനോട് ബൈ പറഞ്ഞത്. രണ്ടുപേരും വിരമിച്ചെങ്കിലും ബിസിസിഐ അവരുടെ എ പ്ലസ് കരാര്‍ നിലനിര്‍ത്തും. ബാറ്റിംഗ് സ്റ്റാര്‍ട്ടുകള്‍ക്ക് അവരുടെ കരാറില്‍ നല്‍കിയിരിക്കുന്ന എല്ലാ സേവനങ്ങളും തുടര്‍ന്നും ലഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.

പരമ്പരാഗതമായി, മൂന്ന് ഫോര്‍മാറ്റുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കളിക്കാര്‍ക്കാണ് ബിസിസിഐ എ പ്ലസ് കരാര്‍ നല്‍കുന്നത്. 2025 ഏപ്രിലില്‍ ബിസിസിഐ പ്രഖ്യാപിച്ച ഗ്രേഡ് എ പ്ലസ് കാറ്റഗറി കരാറുകള്‍ സൈക്കിളില്‍ രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെ എ പ്ലസ് കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ കോഹ്ലി, രോഹിത് ശര്‍മ്മ എന്നിവര്‍ക്ക് 2024 ഒക്ടോബര്‍ 1 മുതലാണ് കരാര്‍ നല്‍കിയിട്ടുള്ളത്. അത് 2025 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവിലേക്ക് ആണ് നല്‍കിയിരിക്കുന്നത്. അതിനാല്‍ ഇരുവരും എ പ്ലസ് വിഭാഗത്തില്‍ തന്നെ തുടരും. അതിനാല്‍ അവരുടെ എ പ്ലസ് കരാറുകള്‍ നിലവിലുള്ള സൈക്കിളില്‍ നിലനിര്‍ത്തും, അടുത്ത സൈക്കിളില്‍ ഇരുവരും തരംതാഴ്ത്തപ്പെട്ടേക്കും.

അതേസമയം, സുപ്രധാനമായ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി രോഹിതും കോഹ്ലിയും വിരമിച്ചത് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വിടവുകളുണ്ടാക്കും. ജൂണ്‍ 20 മുതല്‍ മത്സരം തുടങ്ങുന്നതിനാല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇവര്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ ടീം മാനേജ്മെന്റിന് കൂടുതല്‍ സമയമില്ല. കൂടാതെ, ടീമിനെ നയിക്കാന്‍ പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടിയും വരും.

പുതിയ ആലോചനയില്‍ ശുഭ്മാന്‍ ഗില്ലാണ് നേതൃപരമായ റോളില്‍ മുന്‍നിരയിലുള്ളത്. കഴിഞ്ഞ വര്‍ഷം സിംബാബ്വേ പര്യടനത്തില്‍ ടി20 ഐ ടീമിനെ നയിച്ച യുവതാരം 2024 മുതല്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് (ജിടി) ക്യാപ്റ്റനാണ്. എന്നിരുന്നാലും, ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ഗില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കണ്ടറിയണം. പ്രത്യേകിച്ച് ഇംഗ്ലണ്ടിന്റെ കഠിനമായ സാഹചര്യങ്ങളില്‍.

Leave a Reply

Your email address will not be published. Required fields are marked *