
ഡല്‍ഹിയിലെ ഒരു വ്യവസായി തന്റെ സ്ഥാപനത്തിലെ മികച്ച ട്രക്ക് ഡ്രൈവര്‍മാര്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നു എന്ന് വിശദീകരിച്ചത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ഡാമന്‍ സിംഗ് എന്ന ഈ സംരംഭകനാണ് ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ അഭിപ്രായം പങ്കുവെച്ചത്. ബിറ്റ്‌സ് പിലാനിയില്‍ (BITS Pilani) നിന്ന് എന്‍ജിനീയറിംഗും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ (FMS) നിന്ന് എംബിഎയും പൂര്‍ത്തിയാക്കിയ ആളാണ് അദ്ദേഹം. നിലവില്‍ തന്റെ കുടുംബ ബിസിനസ്സായ ‘ഡാമന്‍ ഗ്രൂപ്പ്’ (Daman Group) നടത്തിവരികയാണ്. ലോജിസ്റ്റിക്‌സ് മേഖലയിലെ കാണാപ്പുറങ്ങളെക്കുറിച്ചാണ് അദ്ദേഹം പ്രധാനമായും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളത്.
നഗരങ്ങളില്‍ താമസിക്കുന്ന ഒരു ഐടി ബിരുദധാരിക്ക് 40,000 രൂപ ശമ്പളം ലഭിക്കുമ്പോള്‍ വീട്ടുവാടക, നികുതി, ഭക്ഷണം എന്നിവ കഴിഞ്ഞാല്‍ കഷ്ടിച്ച് 5,000 രൂപ മാത്രമേ സമ്പാദ്യമായി ലഭിക്കുന്നുള്ളൂ. എന്നാല്‍ ഒരു മികച്ച ഹെവി-ഡ്യൂട്ടി ട്രക്ക് ഡ്രൈവര്‍ക്ക് മാസത്തില്‍ 45,000 മുതല്‍ 55,000 രൂപ വരെ കൈയ്യില്‍ കിട്ടുന്നു. ഇവര്‍ക്ക് വാടകയോ ഇന്‍കം ടാക്‌സോ നല്‍കേണ്ടി വരുന്നില്ല. എന്‍ജിനീയര്‍മാര്‍ ഐഫോണിന്റെ ഇഎംഐ അടയ്ക്കുമ്പോള്‍, ഈ ഡ്രൈവര്‍മാര്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ വീട് നിര്‍മ്മിക്കുകയാണെന്ന് ഡാമന്‍ സിംഗ് പറയുന്നു.
‘എല്ലാവരും നീലക്കോളര്‍ ജോലികളെ ഉയര്‍ത്തിയാണ് കാണുന്നത്. എന്നാല്‍ കണക്കുകള്‍ക്ക് നിങ്ങളുടെ ഈഗോയെക്കുറിച്ച് വേവലാതിയില്ല,’ എന്ന് അദ്ദേഹം കുറിച്ചു. ഓരോ ജോലിയുടെയും നൈപുണ്യത്തെ ബഹുമാനിക്കാന്‍ അദ്ദേഹം ഉപദേശിക്കുന്നു. ഈ പോസ്റ്റിനോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് സ്വന്തമായി കാറുകളുണ്ടെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തി. അസംഘടിത മേഖലയിലേക്ക് വലിയ തോതില്‍ സമ്പത്ത് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ട്രക്കുകളിലെ ദുഷ്‌കരമായ സാഹചര്യങ്ങളെക്കുറിച്ചും ട്രക്കിംഗ് ജോലിയിലെ കഠിനാധ്വാനത്തെക്കുറിച്ചും ചിലര്‍ ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായി, ക്യാബിനുകള്‍ ഇപ്പോള്‍ മെച്ചപ്പെടുന്നുണ്ടെന്നും സോഫ്റ്റ്വെയര്‍ എന്‍ജിനീയറുടെ ജീവിതം അത്ര എളുപ്പമാണോ എന്നും സിംഗ് തിരിച്ചടിച്ചു.



