വിയർപ്പിലൂടെയുള്ള ബാഷ്പീകരണം വഴി ശരീരം താപനില നിയന്ത്രിക്കുന്നു. എന്നാൽ ചില ആളുകൾക്ക്, വിയർപ്പ് ഗ്രന്ഥികൾ അമിതമായി പ്രവർത്തിക്കുകയും മറ്റുള്ളവർ വിയർക്കാത്ത സമയങ്ങളിൽ പോലും അവർക്ക് വിയർക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് ഞാൻ മറ്റുള്ളവരെക്കാൾ കൂടുതൽ വിയർക്കുന്നത് എന്ന ചോദ്യം ബാക്കിയാവുന്നു.
ഇതിനെക്കുറിച്ച് ഗ്രേറ്റർ നോയിഡയിലെ ഷാർദ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. ശ്രേയ് ശ്രീവാസ്തവ സംസാരിക്കുന്നു. ഡോക്ടറുടെ അഭിപ്രായത്തിൽ, വിയർപ്പിന്റെ രീതികൾ ഏറെക്കുറെ വ്യത്യാസപ്പെടാം, ഇത് വിവിധ കാരണങ്ങളെ ആശ്രയിച്ചിരിക്കും.
ജനിതകപരമായ കാരണങ്ങൾ
“മറ്റുള്ളവരെക്കാൾ ആളുകൾക്ക് കൂടുതൽ വിയർക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ജനിതകമാണ്,” ഡോ. ശ്രീവാസ്തവ പറഞ്ഞു. അമിതമായി വിയർക്കുന്ന ആരെങ്കിലും കുടുംബത്തിൽ ഉണ്ടെങ്കിൽ, ആ കുടുംബത്തിലെ വ്യക്തികള്‍ക്ക് അത് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചില ആളുകൾക്ക് ജന്മനാ വിയർപ്പ് ഗ്രന്ഥികൾ കൂടുതൽ സജീവമോ, ചൂട്, സമ്മർദ്ദം, അല്ലെങ്കിൽ ആയാസം എന്നിവയോട് കൂടുതൽ പ്രതികരിക്കുന്നതോ ആയിരിക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു.
നാഡീവ്യൂഹവുമായുള്ള ബന്ധം
ജനിതകപരമായ കാരണങ്ങൾ കൂടാതെ, ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങൾക്കും ഇതിൽ പങ്കുണ്ട്. “വിയർപ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് നാഡീവ്യൂഹമാണ്. ഇത് അമിത സംവേദനക്ഷമമാണെങ്കിൽ, ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ പോലും വിയർപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്,” ഡോ. ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. ശാരീരികമായ ആയാസമില്ലാതെ തണുത്ത കാലാവസ്ഥയിലോ ടെൻഷൻ അനുഭവപ്പെടുമ്പോഴോ ചിലർക്ക് വിയർക്കാൻ കാരണം ഇതാണ്.
ഹോർമോൺ വ്യതിയാനങ്ങൾ
ഹോർമോണുകളും ഒരു പ്രധാന ഘടകമാണ്. “ആർത്തവവിരാമം, കൗമാരം, ഗർഭധാരണം തുടങ്ങിയ ഘട്ടങ്ങളിൽ ഹോർമോൺ വ്യതിയാനങ്ങൾ അമിതമായ വിയർപ്പിന് കാരണമാകും,” അദ്ദേഹം പറഞ്ഞു. അഡ്രിനാലിൻ, കോർട്ടിസോൾ തുടങ്ങിയ സ്ട്രെസ് ഹോർമോണുകൾ വിയർപ്പ് ഗ്രന്ഥികളെ കൂടുതൽ ആക്രമണകാരിയാക്കും, പ്രത്യേകിച്ചും ഉയർന്ന സമ്മർദ്ദത്തിലോ വൈകാരികമായ സാഹചര്യങ്ങളിലോ.
ശരീര വലിപ്പവും ഘടനയുംശരീരഘടനയും
“വലിയ ശരീരവലിപ്പമുള്ളവരോ കൊഴുപ്പ് കൂടുതലുള്ളവരോ കൂടുതൽ വിയർക്കാൻ സാധ്യതയുണ്ട്. കാരണം അവരുടെ ശരീരത്തിൽ കൂടുതൽ ചൂട് ഉത്പാദിപ്പിക്കപ്പെടുകയും തണുപ്പിക്കാൻ കൂടുതൽ വിയർപ്പ് ആവശ്യമായി വരികയും ചെയ്യുന്നു,” അദ്ദേഹം വിശദീകരിച്ചു. പേശീ പ്രവർത്തനം ഉപാപചയ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ, പേശീ ബലം കൂടുതലുള്ള ആളുകൾക്ക് കൂടുതൽ വിയർക്കാനുള്ള സാധ്യതയുണ്ട്, ഇത് ശരീര താപനില വർദ്ധിപ്പിക്കുന്നു.
എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത്
,ചിലപ്പോൾ, അമിതമായ വിയർപ്പ് ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തിയേക്കാം. അത്തരം സാഹചര്യങ്ങളിൽ, ഒരു വ്യക്തിക്ക് ഹൈപ്പർഹൈഡ്രോസിസ് ഉണ്ടെന്ന് പറയപ്പെടുന്നു. അമിതമായ വിയർപ്പ് നിയന്ത്രിക്കാൻ കഴിയാത്തതാണെന്ന് തോന്നുകയോ ദൈനംദിന കാര്യങ്ങളെ തടസ്സപ്പെടുത്താൻ തുടങ്ങുകയോ അല്ലെങ്കിൽ വ്യക്തമായ കാരണമില്ലാതെ വിയർക്കുകയോ ചെയ്താൽ, വൈദ്യോപദേശം തേടാൻ ശുപാർശ ചെയ്യുന്നു.
“ഓരോ വ്യക്തിയുടെയും ശരീരം അതുല്യമാണ്. ഒരാൾക്ക് സാധാരണമായത് മറ്റൊരാൾക്ക് സാധാരണമായിരിക്കണമെന്നില്ല. വിയർപ്പ് സുഖകരമല്ലാത്ത അവസ്ഥയിലേക്ക് എത്തുകയും ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമ്പോൾ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം,” അദ്ദേഹം ഉപസംഹരിച്ചു.
( ലേഖനത്തിൽ നൽകിയിട്ടുള്ള നുറുങ്ങുകളും നിർദ്ദേശങ്ങളും പൊതുവായ വിവരങ്ങൾക്ക് മാത്രമുള്ളതാണ്, അവ പ്രൊഫഷണൽ മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ഏതെങ്കിലും ഫിറ്റ്നസ് പ്രോഗ്രാം ആരംഭിക്കുന്നതിനോ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനോ മുമ്പ് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുക. )




