വിവാഹമോചനത്തിന് പകരം ഭർത്താവിനെ കാമുകിക്ക് മാസവാടകയ്ക്ക് നൽകാൻ തയ്യാറായ ഒരു തായ്ലൻഡ് സ്വദേശിനിയുടെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു പോലീസ് ഉദ്യോഗസ്ഥനായ തന്റെ ഭർത്താവിനെ പ്രതിമാസം 30,000 ബാറ്റിന് (ഏകദേശം 85,000 രൂപ) കാമുകിക്ക് വിട്ടുനൽകാം എന്നായിരുന്നു ‘ഖുൻ ക്വാങ്’ എന്ന മുപ്പത്തിയൊന്നുകാരിയുടെ വിചിത്രമായ വാഗ്ദാനം. പ്രശസ്തമായ ഒരു ടിവി ഷോയിലൂടെയാണ് ക്വാങ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
സർവ്വകലാശാലാ പഠനകാലം മുതൽ പ്രണയത്തിലായിരുന്ന ഇവർ 21-ാം വയസ്സിലാണ് വിവാഹിതരായത്. ഇവർക്ക് എട്ടു വയസ്സുള്ള ഒരു കുട്ടിയുണ്ട്. എന്നാൽ 2025 പകുതിയോടെ ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റം വരികയും അദ്ദേഹം തന്നെ അവഗണിക്കാൻ തുടങ്ങുകയും ചെയ്തതായി ക്വാങ് പറഞ്ഞു. സംശയം തോന്നിയ ക്വാങ് ഒരു സ്വകാര്യ കുറ്റാന്വേഷകനെ വാടകയ്ക്ക് എടുത്തതോടെയാണ് ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അദ്ദേഹം അവർക്കൊപ്പം താമസിക്കുകയാണെന്നും കണ്ടെത്തിയത്.
ഭർത്താവിനെ നേരിട്ട് കണ്ട് സംസാരിച്ചപ്പോൾ തനിക്ക് ആ സ്ത്രീയെ ഉപേക്ഷിക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കാമുകിയെ കണ്ട് സംസാരിച്ച ക്വാങ്, തന്റെ കുടുംബത്തിന്റെ കടബാധ്യതകൾ കൂടി ഏറ്റെടുക്കാമോ എന്ന് ചോദിച്ചപ്പോൾ അവർ അതിന് തയ്യാറായില്ല. എന്നാൽ ഭർത്താവിന് അവരെ പിരിഞ്ഞിരിക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് ക്വാങ് പുതിയൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്. ഭർത്താവിനെ വിവാഹമോചനം ചെയ്യില്ലെന്നും എന്നാൽ മാസം 85,000 രൂപ വാടക നൽകിയാൽ കാമുകിക്ക് അദ്ദേഹത്തിനൊപ്പം കഴിയാമെന്നുമായിരുന്നു ക്വാങ്ങിന്റെ നിലപാട്. പണം ഒരു പ്രശ്നമല്ലെന്ന് പറഞ്ഞ് കാമുകി ഈ നിർദ്ദേശം സമ്മതിച്ചെങ്കിലും ഭർത്താവ് ഇത് നിരസിച്ചു.
നിലവിൽ കാമുകിക്കെതിരെ ക്വാങ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ തായ്ലൻഡിലെ നിയമപ്രകാരം ഇത്തരം ‘ഭർത്താവ് വാടക കരാറുകൾക്ക്’ നിയമസാധുതയില്ലെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു. ഇത് രാജ്യത്തെ ഏകഭാര്യ-ഭർത്തൃ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.




