ഇന്ത്യന്‍ക്രിക്കറ്റിലെ സൂപ്പര്‍താരം വിരാട്‌കോഹ്ലിയുടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും പിന്മാറാനുള്ള പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയുള്ള താരത്തിന്റെ പ്രഖ്യാപനം ആരാധകര്‍ക്ക് തികച്ചും ഹൃദയാഘാതമായിരുന്നു. അതേസമയം ബിസിസിഐ യുടെ അവഗണനയില്‍ നിന്നുമാണ് കോഹ്ലി ഈ തീരുമാനം എടുക്കാന്‍ കാരണമായതെന്ന സൂചനകളുണ്ട്.
ഈ പരമ്പര ഒരു പുതിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്റെ തുടക്കം കുറിക്കുന്നതിനാല്‍ കോഹ്ലിയുടെ വിരമിക്കല്‍ ഇന്ത്യയ്ക്ക് കിട്ടിയ ഏറ്റവും വലിയ പ്രഹരങ്ങളിലൊന്നായി മാറി. അതേസമയം മോശം ഫോം കാരണം വലയുന്ന കോഹ്ലിക്ക് ഇനി ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം നല്‍കില്ലെന്ന് തീരുമാനങ്ങള്‍ എടുക്കുന്നവര്‍ കോഹ്ലിയോട് വ്യക്തമായി പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഓസ്ട്രേലിയയിലെ തന്റെ അവസാന ടെസ്റ്റ് പരമ്പരയില്‍, അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 190 റണ്‍സ് മാത്രമാണ് കോഹ്ലി നേടിയത്. പെര്‍ത്തില്‍ താരം തന്റെ 30-ാം ടെസ്റ്റ് സെഞ്ച്വറി നേടിയിരുന്നു. 190 റണ്‍സില്‍ 100 റണ്‍സ് ഒറ്റ ഇന്നിംഗ്സിലാണ് വന്നത്. ഇതിലൂടെ ഓസീസിനെതിരായി താരം തന്റെ 9-ാം ടെസ്റ്റ് സെഞ്ച്വറിയാണ് കുറിച്ചത്. അതിന് മുമ്പ് ന്യൂസിലന്‍ഡിനെതിരായ മുന്‍ പരമ്പരയില്‍, ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 15.50 ശരാശരിയില്‍ കോഹ്ലിക്ക് നേടാനായത് 93 റണ്‍സായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കളിച്ച 37 ടെസ്റ്റില്‍ മൂന്ന് സെഞ്ച്വറി അടക്കം1990 റണ്‍സ് മാത്രമാണ് കോഹ്‌ലി ആകെ നേടിയത്. ഇതൊക്കെയാകാം താരത്തെ വിരമിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ശനിയാഴ്ച രാവിലെ, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനം കോഹ്ലി ബിസിസിഐയെ അറിയിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ജൂണ്‍ 20 ന് ആരംഭിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം ഇതോടെ അനുഭവപരിചയം ഇല്ലാത്തവരുടെ ടീമായി മാറിയിട്ടുണ്ട്. തീരുമാനം പുനഃപരിശോധിക്കാന്‍ ബിസിസിഐ, കോഹ്ലിയെ പ്രേരിപ്പിച്ചെങ്കിലൂം കോഹ്ലി തിങ്കളാഴ്ച രാവിലെ 11 മണിയോടെ തന്റെ തീരുമാനം പൂര്‍ണ്ണമായും ആരാധകരെ അറിയിച്ചു.
2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളാണ് വിരാട് കോഹ്‌ലി. 68 ടെസ്റ്റുകളില്‍ ഇന്ത്യന്‍ നായകനായ വിരാട് കോഹ്‌ലിക്ക് 40ലും രാജ്യത്തെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചു. 58.82 ആണ് കോഹ്‌ലിയുടെ വിജയശതമാനം. കോഹ്‌ലിയുടെ നായകമികവില്‍ വിദേശമണ്ണിലും ഇന്ത്യ ചരിത്രനേട്ടങ്ങള്‍ സ്വന്തമാക്കി. 2018-2019 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യമായി ഇന്ത്യ പരമ്പര വിജയം നേടി.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറി നേടിയ താരം വിരാട് കോഹ്‌ലിയാണ്. ഏഴ് ഇരട്ട സെഞ്ച്വറികളാണ് കോഹ്‌ലി ഇന്ത്യയ്ക്കായി നേടിയത്. ആറ് ഇരട്ട സെഞ്ച്വറികള്‍ നേടിയിട്ടുള്ള സച്ചിനെയും സെവാഗിനെയും മറികടന്നുള്ള നേട്ടമാണ് കോഹ്‌ലിയുടേത്.




