Crime

ഗോവയില്‍ മകനെകൊന്ന അമ്മ ബംഗാളി ; പിതാവ് മലയാളി, കുഞ്ഞിനെ അച്ഛനെ കാണിക്കാതിരിക്കാന്‍ ചെയ്തക്രൂരത

ഗോവയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തി ബാഗിലാക്കി മാതാവ് രക്ഷപ്പെട്ട സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് മലയാളി. ഭര്‍ത്താവ് വെങ്കട്ട് രാമന്‍ ഇപ്പോള്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ്. ഗോവയില്‍ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തി മൃതദേഹവുമായി കര്‍ണാടകയിലേക്ക് യാത്ര ചെയ്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ മൈന്‍ഡ്ഫുള്‍ എഐ ലാബിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് 39 കരിയായ സൂചന സേത്ത്. ഭര്‍ത്താവുമായി പിണങ്ങി ജീവിക്കുകയായിരുന്നു.

തന്റെ ഭര്‍ത്താവുമായുള്ള വിവാഹമോചന നടപടികള്‍ തുടരുകയാണെന്ന് സുചന സേത്ത് പോലീസിനോട് പറഞ്ഞതായി പോലീസ് സൂപ്രണ്ട് (നോര്‍ത്ത്) നിധിന്‍ വല്‍സന്‍ ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ സുചന സേത്ത് ബെംഗളൂരുവിലാണ് താമസം. സേട്ടിന്റെ ഭര്‍ത്താവ് വെങ്കട്ട് രാമന്‍ മലയാളിയാണ്. 2010-ല്‍ ഇരുവരും വിവാഹിതരായി. 2019-ലാണ് ഇവര്‍ക്കൊരു മകന്‍ ജനിച്ചതെന്ന് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2020-ല്‍ ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നല്‍കി.

കുട്ടിയെ കാണുന്നതില്‍ നിന്ന് വെങ്കട്ട് രാമനെ തടയാനുള്ള ആഗ്രഹവും സമ്മര്‍ദ്ദവും മൂലം സേത്ത് കുട്ടിയുമായി ഗോവയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുകയായിരുന്നു. പിന്നീട് അവിടെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് മകനെ കൊന്ന് ബാഗിലാക്കി ബംഗലുരുവിലേക്ക് തിരിച്ചു പോകുകയായിരുന്നു. കാറിനുള്ളിലെ ബാഗില്‍ നിന്നും പിന്നീട് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കുട്ടിയുമായി പോയി മുറിയെടുത്ത സേത്ത് പിന്നീട് ഹോട്ടല്‍ ചെക്കൗട്ട് ചെയ്തപ്പോള്‍ കുട്ടിയെ കാണാതെ വന്നതിനെ തുടര്‍ന്ന് ഹോട്ടലുകാരാണ് പോലീസിനെ വിവരം അറിയിക്കുകയും ഗോവ പോലീസ് കര്‍ണാടക പോലീസിനെ അറിയിക്കുകയുമായിരുന്നു.

കര്‍ണാടകയില്‍ നിന്ന് ഗോവയിലേക്ക് കൊണ്ടുവരുന്ന യുവതിയെ ചോദ്യം ചെയ്തിട്ടില്ലാത്തതിനാല്‍ കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനു ശേഷമേ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാകൂവെന്ന് എസ്പി പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 6 ന് നോര്‍ത്ത് ഗോവയിലെ കണ്ടോലിമിലെ ഒരു വാടക അപ്പാര്‍ട്ട്മെന്റിലാണ് സുചന സേത്ത് തന്റെ മകനോടൊപ്പം ചെക്ക് ചെയ്തതെന്ന് കലംഗുട്ട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പരേഷ് നായിക് പറഞ്ഞു. കുറച്ച് ദിവസം താമസിച്ച ശേഷം, ജോലിക്കായി ബെംഗളൂരുവിലേക്ക് പോകണമെന്ന് സേത്ത് ജീവനക്കാരോട് പറയുകയും ഒരു ടാക്‌സി ആവശ്യപ്പെടുകയും ചെയ്തു. ടാക്‌സി വാടകയ്ക്കെടുക്കുന്നതിനുപകരം ബംഗളൂരുവിലേക്ക് വിമാനം കയറാമെന്ന് ജീവനക്കാര്‍ നിര്‍ദ്ദേശിച്ചതായി പോലീസ് പറഞ്ഞു.

ടാക്സിയില്‍ മാത്രമേ യാത്ര ചെയ്യൂ എന്ന് യുവതി നിര്‍ബന്ധിച്ചു. ജനുവരി 8 ന് ഒരു വാഹനം ഏര്‍പ്പാട് ചെയ്തു, അതില്‍ അതിരാവിലെ ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. അപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ മുറി വൃത്തിയാക്കാന്‍ പോയപ്പോള്‍ ഒരു തൂവാലയില്‍ രക്തക്കറ കണ്ടു ഉടന്‍ തന്നെ കലങ്കുട്ട് പോലീസില്‍ വിവരമറിയിച്ചു. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഇറങ്ങുമ്പോള്‍ സേത്തിന്റെ നാല് വയസ്സുള്ള മകനെ കണ്ടില്ലെന്നും അസാധാരണമായ ഭാരമുള്ള ബാഗും കയ്യില്‍ ഉണ്ടായിരുന്നുവെന്നും ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു.

തുടര്‍ന്ന് പോലീസ് വിളിച്ച് രക്തക്കറകളെക്കുറിച്ചും മകനെക്കുറിച്ചും ചോദിച്ചു. ആര്‍ത്തവം മൂലമാണ് രക്തക്കറ ഉണ്ടായതെന്നാണ് യുവതിയുടെ മറുപടി. ദക്ഷിണ ഗോവയിലെ മര്‍ഗോവ നഗരത്തില്‍ മകന്‍ സുഹൃത്തിനൊപ്പം ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പോലീസ് ഉടന്‍ തന്നെ ഫട്ടോര്‍ഡ പോലീസിന്റെ സഹായം തേടുകയും നല്‍കിയ വിലാസം വ്യാജമാണെന്ന് മനസ്സിലാക്കുകയും ചെയ്തു.

കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ എത്തിയ ടാക്‌സി ഡ്രൈവറുമായി ഇന്‍സ്പെക്ടര്‍ പിന്നീട് ഫോണില്‍ സംസാരിച്ചു. പ്രതിയെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. ചിത്രദുര്‍ഗ പോലീസ് യുവതിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കലംഗുട്ട് പോലീസ് സംഘം ചിത്രദുര്‍ഗയിലേക്ക് കുതിക്കുകയും പ്രതിയെ ഗോവയിലേക്ക് കൊണ്ടുവരികയും ചെയ്തു.