Myth and Reality

ഇന്ദിര ഇന്ത്യന്‍ ആണവ സാങ്കേതികവിദ്യ പാകിസ്ഥാനുമായി പങ്കിടാന്‍ വാഗ്ദാനം ചെയ്തു? വിക്കിലീക്‌സ് പുറത്തുവിട്ടത്

പഹല്‍ഗാം ഭീകരാക്രമണവും അതിന് ഇന്ത്യ നല്‍കിയ മറുപടിയും അന്താരാഷ്ട്രരംഗത്ത് ഉയര്‍ത്തിയ യുദ്ധഭീഷണിയില്‍ നിന്നും ലോകം പതിയെ മോചിതമാകുന്നതേയുള്ളൂ. ഇരു രാജ്യങ്ങളും ആണവശക്തികളാണെന്നതായിരുന്നു ഏറെ വെല്ലുവിളി ഉയര്‍ത്തിയകാര്യം. എന്നാല്‍ ഇന്ത്യ സമര്‍ത്ഥമായി പാകിസ്താന് മേല്‍ മേല്‍ക്കൈ നേടിയതും അതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വസം ആര്‍ജ്ജിക്കാനായതും വലിയൊരു യുദ്ധത്തിനും വിപത്തിനും സാഹചര്യമൊരുക്കാതെ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാനായി.

എന്നാല്‍ ഇന്ത്യയുടെ ആണവ സാങ്കേതിക വിദ്യ പാക്കിസ്ഥാനുമായി പങ്കുവയ്ക്കാന്‍ ഇന്ദിരാഗാന്ധി ഒരുക്കമായിരുന്നു എന്ന രീതിയിലുള്ള ചില ചര്‍ച്ചകളും ഇന്റര്‍നെറ്റില്‍ ഈ സമയം വലിയ പ്രചാരം നേടുന്നുണ്ട്. 2013-ല്‍ വിക്കിലീക്സ് പുറത്തുവിട്ട യുഎസ് എംബസി കേബിളുകളാണ് ഇത്തരമൊരു അഭ്യൂഹം ആദ്യം പുറത്തുവിട്ടത്. 1974-ല്‍ ‘സ്മൈലിംഗ് ബുദ്ധ’ എന്ന രഹസ്യനാമമുള്ള ഇന്ത്യയുടെ ആദ്യത്തെ ആണവപരീക്ഷണത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ ഓഫര്‍ നടത്തിയതെന്ന് വിക്കിലീക്‌സിന്റെ വിവരത്തില്‍ പറയുന്നു. 1974 ജൂലൈ 22-ന് ഇന്ദിരാഗാന്ധിയുടെ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയാണ് കേബിളുകള്‍ ഇതിനായി ഉദ്ധരിച്ചിരിക്കുന്നത്.

1974-ല്‍ ആദ്യത്തെ ആണവപരീക്ഷണങ്ങള്‍ നടത്തിയതിന് ശേഷം ഇന്ദിരാഗാന്ധി പിന്നീട് അയല്‍രാജ്യവുമായി ആണവ സാങ്കേതിക വിദ്യ പങ്കുവെക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് സഹകരണത്തിന്റെ ഒരു കൈ നീട്ടിയെന്നാണ് വിക്കിലീക്‌സ് പുറത്തുവിട്ട യുഎസ് എംബസി കേബിളുകള്‍ പറയുന്നത്. ഈ പരീക്ഷണത്തിന്റെ സമാധാനപരവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍ ഞാന്‍ (സുല്‍ഫിക്കര്‍ അലി) ഭൂട്ടോയ്ക്ക് അയച്ച കത്തില്‍ വിശദീകരിക്കുകയും പാകിസ്താനുമായും ആണവ സാങ്കേതികവിദ്യ പങ്കിടാന്‍ തയ്യാറാണെന്നും ഇന്ദിരാഗാന്ധി പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ ആണവ സാങ്കേതികത സമാധാനപരവും എണ്ണ, വാതക ശേഖരം വര്‍ധിപ്പിക്കല്‍, സാമ്പത്തികനില ഉയര്‍ത്തല്‍ എന്നിവ ലക്ഷ്യമിട്ടുള്ളതാണെന്നും വിശദീകരിച്ചുകൊണ്ട് അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയ്ക്ക് അയച്ച കത്തിലാണ് ഇന്ദിരാഗാന്ധി ഈ വാഗ്ദാനം നല്‍കിയത്. 1974 ജൂലൈ 22 ലെ അവരുടെ കത്തില്‍, റേഡിയോ ആക്ടീവ് ചോര്‍ച്ചയെക്കുറിച്ചുള്ള ഭൂട്ടോയുടെ ആശങ്കകള്‍ ഗാന്ധി തള്ളിക്കളഞ്ഞു, പരീക്ഷണ സമയത്ത് കാറ്റ് പാകിസ്ഥാനിലേക്ക് വീശുന്നില്ലെന്നും ഉറപ്പിച്ചു- വിക്കിലീക്സ് കേബിളുകള്‍ പറയുന്നു,

1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തെത്തുടര്‍ന്ന് ഇന്ത്യ 93,000-ത്തോളം പാകിസ്ഥാന്‍ സൈനികരെ പിടികൂടിയിരുന്നു. വിവിധ വിവരണങ്ങള്‍ അനുസരിച്ച്, കൃത്യമായ കരാര്‍ ഉറപ്പിക്കാതെ ഈ തടവുകാരെ തിരിച്ചയക്കാനുള്ള ഇന്ദിരാഗാന്ധിയുടെ തീരുമാനം നയതന്ത്രപരമായ തെറ്റായ നടപടിയാണോ എന്ന് പിന്നീട് പലരും ചര്‍ച്ച ചെയ്തിട്ടുണ്ട്.

ഇതിന് മൂന്ന് വര്‍ഷത്തിന് ശേഷം, പാകിസ്ഥാനുമായി ആണവ സാങ്കേതികവിദ്യ പങ്കിടാനുള്ള ആശയം ഒരു പ്രധാന സമാധാന സംരംഭമായി ചിലര്‍ വീക്ഷിച്ചു. എന്നിരുന്നാലും, ഉറവിടങ്ങള്‍ അനുസരിച്ച്, ഈ ഓഫര്‍ ഒടുവില്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോ നിരസിച്ചു. ഇന്ത്യയുടെ രണ്ടാം റൗണ്ട് ആണവപരീക്ഷണത്തിന്റെ രണ്ടാഴ്ചയ്ക്കുശേഷം 1998-ല്‍ പാകിസ്ഥാന്‍ അതിന്റെ ആദ്യ ആണവപരീക്ഷണം നടത്തി.

വിക്കിലീക്സ് വെളിപ്പെടുത്തലുകൾ ഈ ചരിത്ര സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയ്ക്ക് തുടക്കമിട്ടു. ആണവ സാങ്കേതികവിദ്യ പങ്കിടാനുള്ള ഇന്ദിരാഗാന്ധിയുടെ വാഗ്ദാനം യഥാർത്ഥ സമാധാന സംരംഭമാണോ അതോ രാഷ്ട്രീയമായ നീക്കമാണോ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നു.