Fitness

പെട്ടെന്നുള്ള ഹൃദയാഘാതമരണ സാധ്യത ബോഡി ബിൽഡർമാരില്‍ കൂടുതല്‍, എന്തുകൊണ്ട്? പഠനം

ജിമ്മിൽ പോകുകയും നന്നായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നവർ തികച്ചും ഫിറ്റ്നസ് ഉള്ളവരാണെന്നാണ് നമ്മൾ പൊതുവെ കരുതപ്പെടുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് ദീർഘായുസ്സായിരിക്കുമെന്നുമാണ് വിശ്വാസം. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. സമീപകാലത്ത്, ആരോഗ്യമുള്ള ചെറുപ്പക്കാരായ ബോഡി ബിൽഡർമാരുടെ മരണത്തെക്കുറിച്ചുള്ള നിരവധി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

ഈ മരണങ്ങളിൽ പലതും ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇതിന്റെ പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ്?

ശരാശരി മരണ പ്രായം വെറും 45 വയസ്സ്

ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒരു കൂട്ടം ഗവേഷകർ ബോഡി ബിൽഡർമാരുടെ മരണകാരണം വിശകലനം ചെയ്തു. 2005 നും 2020 നും ഇടയിൽ കുറഞ്ഞത് ഒരു ബോഡി ബിൽഡിംഗ് ഇനത്തിലെങ്കിലും മത്സരിച്ച 20,000 ത്തിലധികം പുരുഷന്മാരുടെ മരണ റിപ്പോർട്ടുകൾ അവർ പരിശോധിച്ചു. അവ ഒന്നിലധികം ഉറവിടങ്ങൾ ഉപയോഗിച്ച് ക്രോസ്-ചെക്ക് ചെയ്തു പരിശോധിച്ചു. തുടർന്ന് ഈ വിവരങ്ങള്‍വച്ച് ഡോക്ടർമാർ ഇവരുടെ മരണകാരണം വിശകലനം ചെയ്തു.

വിശകലനത്തില്‍, ഈ കാലത്ത് 121 മരണങ്ങളുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. മരണമടഞ്ഞവരുടെ ശരാശരി പ്രായം വെറും 45 വയസ്സ് മാത്രമാണ്. സാധാരണക്കാരെ അപേക്ഷിച്ച് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട മരണ സാധ്യത ബോഡി ബിൽഡർമാർക്ക് അഞ്ചിരട്ടി കൂടുതലാണെന്നും പഠനം കണ്ടെത്തി. കൂടാതെ, വടക്കേ അമേരിക്കയിൽ നിന്നുള്ള ബോഡി ബിൽഡർമാരിലാണ് (40.5 ശതമാനം, കൂടുതലും അമേരിക്കയിൽ നിന്ന്) മിക്ക മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യൂറോപ്പിൽ നിന്നുള്ള ബോഡി ബിൽഡർമാരും (38.8%), ഏഷ്യ (7.4%), ആഫ്രിക്ക (6.6%), ദക്ഷിണ അമേരിക്ക (5%), ഓഷ്യാനിയ (1.7%) എന്നിവരാണ് ഇതിന് പിന്നാലെ.

സ്റ്റിറോയിഡുകൾ, സമ്മർദ്ദം

മരിച്ചയാളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളെക്കുറിച്ചുള്ള പഠന വിശകലനത്തിൽ ബോഡി ബിൽഡർമാരുടെ ഹൃദയ പേശികള്‍ കട്ടിയാകുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചതായി കണ്ടെത്തി. കൂടാതെ കൊറോണറി ആർട്ടറി ഡിസീസ് (CAD) യും ഉണ്ടായിരുന്നു. ചിലർ സ്റ്റിറോയിഡുകൾ ദുരുപയോഗം ചെയ്തു. ഇത് അവരുടെ ഹൃദയത്തിനുമേല്‍ വളരെയധികം സമ്മർദ്ദം ചെലുത്തി. കാലക്രമേണ ഹൃദയത്തിന് ഘടനാപരമായ മാറ്റങ്ങൾക്ക് കാരണമായി.

ശാരീരിക ഘടകങ്ങൾക്ക് പുറമേ, ബോഡി ബിൽഡിംഗിന്റെ മാനസികാരോഗ്യ വശത്തിനും ഗവേഷകർ ഊന്നൽ നൽകുന്നു. ചുറ്റുമുള്ള സമ്മർദ്ദങ്ങൾ കാരണം മത്സരാർത്ഥികൾക്ക് മാനസിക ക്ലേശം, ശരീര അസംതൃപ്തി, ശരീര ഡിസ്മോർഫിക് ഡിസോർഡേഴ്സ് എന്നിവയും അനുഭവപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *