Lifestyle

കൗമാരക്കാരന്റെ കൗതുകം ! ആര്യന്‍ പകര്‍ത്തിയ വീഡിയോ എയർ ഇന്ത്യ അപകടത്തിന്റെ നിഗൂഢത മാറ്റുമോ?

എയര്‍പോര്‍ട്ടിന് സമീപമുള്ള മൂന്നുനില കെട്ടിടത്തിന്റെ ടെറസിലായിരുന്നു പതിനേഴുകാരനായ ആര്യന്‍ ആശാരി. വിമാനങ്ങള്‍ താഴ്ന്നു പറക്കുന്നതില്‍ കൗതുകം തോന്നി തന്റെ സുഹൃത്തുക്കളുമായി പങ്കിടാന്‍ വേണ്ടിയായിരുന്നു വീഡിയോ എല്ലാം ചിത്രീകരിച്ചത്. എന്നാല്‍ നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ആ കാഴ്ചയ്ക്ക് അവന്‍ സാക്ഷ്യം വഹിച്ചു. പിന്നീട് ലോകം മുഴുവന്‍ കണ്ട എഐ 171 വിമാനദുരന്തത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പകര്‍ത്തിയത് ആര്യന്‍ ആശാരിയായിരുന്നു.

എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ 787-8 തന്റെ കണ്‍മുന്നില്‍ തകര്‍ന്നുവീണത് കണ്ട് അവന്‍ ഭയന്നുവിറച്ചു. ഇന്ത്യ ഞെട്ടിയ വിമാനദുരന്തത്തിന്റെ പിന്നീട് വൈറലായി മാറിയ ആ എക്‌സ്‌ക്ലുസീവ് വീഡിയോയുടെ ഉടമ ഈ കൗമാരക്കാരനായിരുന്നു. സുഹൃത്തുക്കള്‍ക്ക് മുമ്പില്‍ ബഡായി അടിക്കാന്‍ തലയ്ക്ക് മുകളിലൂടെ പറക്കുന്ന ഒരു വിമാനത്തിന്റെ ലളിതമായ വീഡിയോ ഷൂട്ട് ചെയ്യാമെന്ന പ്രതീക്ഷയില്‍ ആയിരുന്നു ആര്യന്‍ എല്ലാം ചെയ്തത്. വൈറലായ ഫൂട്ടേജ്, എന്താണ് പറ്റിയതെന്ന് പരിശോധിക്കാന്‍ അന്വേഷകരെ സഹായിച്ചേക്കാം.

എയര്‍പോര്‍ട്ടിന് സമീപമുള്ള മേഘനിനഗറിലെ വാടക അപ്പാര്‍ട്ട്‌മെന്റിലേക്ക് അടുത്തിടെ താമസം മാറിയ പിതാവിനെ കാണാന്‍ ജൂണ്‍ 12 നാണ് ആര്യന്‍ അഹമ്മദാബാദിലെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ പിതാവിന്റെ സ്ഥലത്ത് എത്തിയ ശേഷം, എയര്‍പോര്‍ട്ടിനും ക്രാഷ് സൈറ്റിനും ഇടയിലുള്ള ഒരു സ്ഥലത്ത്, വിമാനങ്ങള്‍ ഇടയ്ക്കിടെ താഴ്ന്നു മുകളിലൂടെ പറക്കുന്നതായി കണ്ടെത്തി.

ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു കാഴ്ച ലഭിക്കുമെന്ന പ്രതീക്ഷയില്‍ കൗതുകത്തോടെയും ആവേശത്തോടെയുമാണ് അവന്‍ ടെറസിലേക്ക് കയറിയത്. ഉച്ചഭക്ഷണത്തിന് ശേഷം സഹോദരിയ്ക്കും സുഹൃത്തായ രാജ് സിംഗിനൊപ്പമാണ് ടെറസിലേക്ക് പോയത്. തലയ്ക്ക് മുകളിലൂടെ പറക്കുന്ന വിമാനത്തില്‍ ആകൃഷ്ടനായ ആര്യന്‍ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി.

വിമാനം വളരെ അടുത്തുകൂടി കടന്നുപോകുന്നു, അതിനാല്‍ ഒരു വീഡിയോ ഷൂട്ട് ചെയ്യാമെന്ന് ഞാന്‍ കരുതി, അത് എന്റെ സുഹൃത്തുക്കളെ കാണിക്കാമെന്നും കരുതി. എന്നാല്‍ ചിത്രീകരിച്ച വിമാനം താഴേക്ക് പോകുന്നത് കണ്ടപ്പോള്‍ വിമാനത്താവളം സമീപത്തായതിനാല്‍ ലാന്‍ഡ് ചെയ്യാന്‍ പോകുകയാണെന്നാണ് കരുതിയതെന്നാണ് പയ്യന്‍ പറഞ്ഞത്. എന്നാല്‍ അത് താഴ്ന്നപ്പോള്‍ തീ ഉയരാന്‍ തുടങ്ങി, പിന്നീട് പൊട്ടിത്തെറിക്കുന്നത് കണ്ടു. ആര്യന്‍ ഭയന്നുപോയി. പിന്നീട് വീഡിയോ സഹോദരിയെ കാണിച്ചു. അച്ഛനോടും പറഞ്ഞു. ലണ്ടനിലേക്ക് പോകുകയായിരുന്ന എഐ 171 വിമാനം പറന്നുയര്‍ന്ന് ഒരു മിനിറ്റിനുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു.

”അങ്ങനെയൊന്നും ഞാന്‍ മുമ്പ് കണ്ടിട്ടില്ല,” ആര്യന്‍ കൂട്ടിച്ചേര്‍ത്തു. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 241 പേര്‍ മരിച്ചു. നിലത്തുണ്ടായിരുന്ന മറ്റു പലരും മരിച്ചു. ”അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല,” ”വാര്‍ത്ത കണ്ടപ്പോള്‍, ആ വിമാനത്തിന്റെ അവസാന നിമിഷങ്ങള്‍ ഞാന്‍ ചിത്രീകരിച്ചുവെന്ന് മനസ്സിലാക്കിയപ്പോള്‍, അത് എന്നെ ബാധിച്ചു. എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.” സംഭവം കുട്ടിയെ മാനസികമായി തളര്‍ത്തിയെന്ന് കുടുംബം പറഞ്ഞു.

ക്രാഷ് അന്വേഷണത്തിന് സുപ്രധാനമായ സൂചനകള്‍ നല്‍കാന്‍ അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് കഴിയുമെന്ന് തിരിച്ചറിഞ്ഞ പോലീസ് ആര്യനെ ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തു. വീഡിയോ ഓണ്‍ലൈനില്‍ അതിവേഗം ശ്രദ്ധ നേടി, അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സാക്ഷിയായി മൊഴി രേഖപ്പെടുത്താന്‍ ജൂണ്‍ 14 ന് വിളിപ്പിച്ചു. ഞായറാഴ്ച രാവിലെ, വീട്ടുടമസ്ഥയായ കൈലാഷ്ബെന്‍ താക്കൂര്‍, ആര്യന്‍ ആശാരിയുടെ ദുരനുഭവം പങ്കുവെച്ചു. ‘അവന്‍ ആദ്യമായി നഗരത്തില്‍ എത്തി.

ഒരു മണിക്കൂറിനുള്ളില്‍, ആരും ഒരിക്കലും കാണാന്‍ പാടില്ലാത്ത ഒരു കാര്യത്തിന് അവന്‍ സാക്ഷിയായി,’ അവര്‍ പറഞ്ഞു. ഈ സംഭവം ആണ്‍കുട്ടിയെ ദൃശ്യപരമായി അസ്വസ്ഥനാക്കിയെന്നും, ഗ്രാമത്തിലേക്ക് മടങ്ങാനും വിദ്യാഭ്യാസം തുടരാനുമുള്ള തീരുമാനത്തെ പ്രേരിപ്പിച്ചുവെന്ന് അവര്‍ പറഞ്ഞു.