കൊല്‍ക്കത്തയില്‍ മഴ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, കളി തടസപ്പെട്ടാല്‍ ഫൈനലിസ്‌റ്റുകളെ എങ്ങനെ നിശ്‌ചയിക്കും എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ക്രിക്കറ്റ് ലോകം. നിലവിലെ കാലാവസ്‌ഥാ റിപ്പോര്‍ട്ടുകള്‍ ആശ്വാസകരമാണെങ്കിലും അപ്രതീക്ഷിതമായി മഴയെത്തിയാല്‍ നേരിടാന്‍ ഐ.സി.സി. കര്‍ശനമായ നിയമങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
സൂപ്പര്‍ 8 ഘട്ടത്തില്‍ നിന്ന് വ്യത്യസ്‌തമായി സെമി ഫൈനലിനും ഫൈനലിനും ഐ.സി.സി. റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ട്. ഇന്ന് നിശ്‌ചിത സമയത്ത് കളി നടന്നില്ലെങ്കില്‍ ആദ്യം അധികമായി അനുവദിച്ചിട്ടുള്ള 90 മിനിറ്റ് ഉപയോഗിച്ച് മത്സരം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. അപ്പോഴും കളി സാധ്യമായില്ലെങ്കില്‍ മത്സരം നാളത്തേയ്‌ക്ക് മാറ്റും.
ഇന്ന് കളി എവിടെയാണോ നിര്‍ത്തിയത് അവിടെ നിന്നുതന്നെ നാളെ കളി പുനരാരംഭിക്കും എന്നതാണ് പ്രത്യേകത. ആരാധകര്‍ക്ക് നിരാശ നല്‍കുന്ന രീതിയില്‍ റിസര്‍വ് ദിനത്തിലും കളി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍, വിജയികളെ തീരുമാനിക്കാന്‍ ടോസോ സൂപ്പര്‍ ഓവറോ ഉണ്ടാകില്ല. പകരം സൂപ്പര്‍ 8 ഘട്ടത്തിലെ പോയിന്റ് നിലയാകും മാനദണ്ഡമാക്കുക.
സൂപ്പര്‍ 8 ഘട്ടത്തിലെ പ്രകടനം വിലയിരുത്തിയാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കാണ് മുന്‍തൂക്കം. ഗ്രൂപ്പ് 1-ല്‍ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് 6 പോയിന്റോടെ ഒന്നാം സ്‌ഥാനക്കാരായാണ് അവര്‍ സെമിയിലെത്തിയത്. എന്നാല്‍ ന്യൂസിലന്‍ഡ് ഗ്രൂപ്പ് 2-ല്‍ 3 പോയിന്റുമായി രണ്ടാം സ്‌ഥാനക്കാരായാണ് യോഗ്യത നേടിയത്. അതിനാല്‍ മഴ മൂലം മത്സരം പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വന്നാല്‍ ദക്ഷിണാഫ്രിക്ക നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കും. സൂപ്പര്‍ 8-ല്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തില്‍ ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോള്‍, ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് പകരം വീട്ടാനാണ് കെയ്‌ന്‍ വില്യംസണും സംഘവും ലക്ഷ്യമിടുന്നത്.




