ന്യൂഡല്‍ഹി: ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരായ ‘വോട്ട് ചോരി’ (വോട്ട് മോഷണം) ആരോപണങ്ങള്‍ ആവര്‍ത്തിക്കാനായി രാഹുല്‍ ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ഉപയോഗിച്ച ഒരു മോഡലിന്റെ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നത്. ആരാണ് ഈ യുവതി?
ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സ്ത്രീ 22 തവണ വോട്ട് ചെയ്തതായി രാഹുല്‍ അവകാശപ്പെട്ടിരുന്നു. ‘ആരാണ് ഈ സ്ത്രീ? എന്താണ് അവരുടെ പേര്? എവിടെയുള്ളതാണ്? ആര്‍ക്കും അറിയില്ല, എന്നാല്‍ അവര്‍ ഹരിയാണയില്‍ 10 വ്യത്യസ്ത ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്തിട്ടുണ്ട്. അവര്‍ക്ക് സീമ, സ്വീറ്റി, സരസ്വതി, രശ്മി, വില്‍മ എന്നിങ്ങനെ പേരുകളില്‍ ഹരിയാനയിലെ നിരവധി വോട്ടര്‍മാര്‍ക്കായി ഈ സ്ത്രീയുടെ ചിത്രം ഉപയോഗിച്ചു.’ രാഹുല്‍ പറഞ്ഞു.
‘എന്നാല്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ഒരു ബ്രസീലിയന്‍ മോഡലാണെന്ന് പിന്നീട് വ്യക്തമായി.’ എന്നാണ് പത്രസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാൽ ചിത്രത്തിലുള്ളത് ബ്രസീലിയൻ മോഡൽ ആണെന്ന് ഉറപ്പിക്കാൻ പറ്റില്ല. ഈ ചിത്രത്തോടൊപ്പം കണ്ട പേര് ആ പെൺകുട്ടിയുടേതല്ല, ഫൊട്ടോഗ്രാഫറുടേതാണ്. മത്തേവൂസ് ഫെറേറോ. 2017-ല്‍ ഈ മോഡലിന്റെ ഫോട്ടോ അദ്ദേഹമാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫൊട്ടോഗ്രാഫറുടെ ഈ സ്ഥലപ്പേര് വച്ച് ഫോട്ടോയിലുള്ള മോഡൽ ബ്രസീലിൽ ആണെന്ന് അനുമാനിക്കാം. പക്ഷേ ഉറപ്പില്ല. കാരണം മത്തേവൂസ് എടുത്തിട്ടുള്ള ആയിരക്കണക്കിന് ഫോട്ടോകളിലെ മോഡലുകൾ വ്യത്യസ്ത രാജ്യക്കാരാണ്.
ഗൂഗിളില്‍ നടത്തിയ ലളിതമായ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍, ഫെരേരോയാണ് മോഡലിന്റെ ഫോട്ടോ എടുത്തതെന്ന് വ്യക്തമാണ്. എന്നാല്‍, അദ്ദേഹം അവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഈ മോഡലിന്റെ ചിത്രങ്ങള്‍ അണ്‍സ്പ്ലാഷ്, പെക്‌സല്‍സ് തുടങ്ങിയ പ്രമുഖ സ്റ്റോക്ക് ഇമേജ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. അതിന്റെയെല്ലാം ഉടമസ്ഥാവകാശം ഫെരേരോയുടെ പേരിലാണ്.
ഇമേജ്-ഹോസ്റ്റിംഗ് പ്ലാറ്റ്ഫോമായ അണ്‍സ്പ്ലാഷില്‍ 2017-ല്‍ ഫെരേരോ എടുത്ത ഇതേ മോഡലിന്റെ രണ്ട് ചിത്രങ്ങളുണ്ട്. ഒന്ന്, ഹരിയാന വോട്ടര്‍ ഐഡികളില്‍ പ്രത്യക്ഷപ്പെട്ടു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച ഫോട്ടോയാണ്. രണ്ടാമത്തേതില്‍, അതേ മോഡല്‍ അതേ വേഷത്തില്‍വെളുത്ത ടീ ഷര്‍ട്ടിന് മുകളില്‍ ഒരു ഡെനിം ജാക്കറ്റും വലിയ കമ്മലുകളുമായി അതേ പശ്ചാത്തലത്തില്‍ കാണപ്പെടുന്നു. രണ്ട് വ്യത്യസ്ത ഷോട്ടുകള്‍, പക്ഷേ വ്യക്തമായും ഒരേ മോഡല്‍ തന്നെ. മറ്റൊരു സൗജന്യ ഇമേജ് ഹോസ്റ്റിംഗ് സൈറ്റില്‍, രാഹുല്‍ ഗാന്ധി കാണിച്ച ചിത്രത്തിന്റെ അടിക്കുറിപ്പ്, ‘നീല ഡെനിം ജാക്കറ്റ് ധരിച്ച സ്ത്രീ’ എന്നാണ്. ആർക്കും സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന വിധത്തിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഫോട്ടോ ആയതിനാൽ ഇന്ത്യയിലേതടക്കം വിവിധ സൈറ്റുകൾ ഈ ഫോട്ടോ ഉപയോഗിച്ചിട്ടുണ്ട്.




