Featured Sports

ഒറ്റ ഓവറിൽ വീണത് ഇഷാനും തിലകും ദുബെയും; ആരാണ് ഇന്ത്യയുടെ മുട്ടു വിറപ്പിച്ച ഷാഡ്‌ലി വാൻ ഷാൽക്വിക്ക് ?

നിലവിലെ ലോകകപ്പ് ജേതാക്കൾ, ലോക റാങ്കിങ്ങിലെ ഒന്നാംസ്ഥാനക്കാർ, ബാറ്റർമാരിൽ ഒന്നാം റാങ്കുകാരന്റെ ടീം, ഏത് ബൗളിങ് നിരയേയും അടിച്ച് പറത്താന്‍ പോന്നവർ, 20 ഓവറിൽ 300 റൺസടിക്കുമെന്ന് ക്രിക്കറ്റ് ലോകം ഉറപ്പിച്ച ടീം, ടി20 ക്രിക്കറ്റ് കണക്കുകളിൽ ഇപ്പോൾ ഇന്ത്യക്ക് തുല്യരായി ഇന്ന് ക്രിക്കറ്റ് ലോകത്ത് ആരുമില്ല.

എന്നാൽ, ഈ വമ്പൻ ബാറ്റിങ് നിരയെ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ വിറപ്പിച്ചത് യുഎസ്എ എന്ന അസോസിയേറ്റ് രാജ്യമാണ്. നിലവിലെ ചാമ്പ്യന്മാരുമായ ഇന്ത്യക്കെതിരെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയപ്പോൾ പവർപ്ലേയിൽ തന്നെ യുഎസ്എ കടുത്ത വെല്ലുവിളി ഉയർത്തി. പവർപ്ലേ പിന്നിട്ടപ്പോൾ നാലിന് 46 റൺസെന്ന പരിതാപകരമായ സ്ഥിതിയിലായിരുന്നു ഇന്ത്യ. ആ അവസ്ഥയ്ക്ക് കാരണമായത് ഒരു ദക്ഷിണാഫ്രിക്കൻ വംശജനും.

പാക് വംശജനായ അലി ഖാൻ രണ്ടാം ഓവറിൽ അഭിഷേക് ശർമയെ പുറത്താക്കി ഇന്ത്യയെ ഞെട്ടിച്ചതിന് പിന്നാലെയായിരുന്നു ഷാൽക്വിക്കിന്റെ പ്രഹരം. തന്റെ നാല് ഓവറിൽ വെറും 25 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പ്രത്യേകിച്ച് ആറാം ഓവറിലെ പ്രകടനം ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ആ ഓവറിലെ രണ്ടാം പന്തിൽ ഇഷാൻ കിഷനെയും (20), അഞ്ചാം പന്തിൽ തിലക് വർമയെയും (25), അവസാന പന്തിൽ ശിവം ദുബെയെയും (0) പുറത്താക്കി ഷാൽക്വിക്ക് ഇന്ത്യയെ പ്രതിരോധത്തിലാക്കി.

ആരാണ് ഷാഡ്ലി വാൻ ഷാൽക്വിക്ക്?

ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്ക് കാലിസ് പഠിച്ച വിൻബർഗ് ബോയ്സ് ഹൈസ്‌കൂളിൽ നിന്ന് ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ഷാൽക്വിക്ക്, 2008-ൽ വെസ്റ്റേൺ പ്രവിശ്യയ്ക്കായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 2020-ൽ യുഎസിലേക്ക് ചേക്കേറിയ അദ്ദേഹം മൈനർ ലീഗിലും മേജർ ലീഗിലും (ലോസ് ആഞ്ജലിസ് നൈറ്റ് റൈഡേഴ്സ്) മികച്ച പ്രകടനം കാഴ്ചവെച്ചു. 2024 ഏപ്രിലിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച ഷാൽക്വിക്ക്, പാകിസ്താനെതിരായ ചരിത്ര വിജയത്തിലും യുഎസ് നിരയിലുണ്ടായിരുന്നു. നിലവിൽ അബുദാബി നൈറ്റ് റൈഡേഴ്സ് താരമായ അദ്ദേഹം യുഎസിനായി 13 ഏകദിനങ്ങളിലും 14 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഐസിസി ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്കെതിരെ ടോസ് നേടിയ യുഎസ്എ ക്യാപ്റ്റൻ മോനാങ്ക് പട്ടേൽ ബൗളിംഗ് തിരഞ്ഞെടുത്തു. 2024 ലോകകപ്പിൽ പാകിസ്താനെ അട്ടിമറിച്ചും ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ മികച്ച പോരാട്ടം നടത്തിയും സൂപ്പർ 8-ൽ ഇടംനേടി ഏവരെയും ഞെട്ടിച്ച യുഎസ് ടീമിനെതിരെയാണ് ഇന്ത്യ കിരീടം നിലനിർത്താനുള്ള പോരാട്ടം ആരംഭിക്കുന്നത്.

കരിയറിന്റെ ആദ്യകാലം ഇന്ത്യയിൽ ചെലവഴിച്ച മോനാങ്ക് പട്ടേൽ ടോസിനുശേഷം പറഞ്ഞത് ഇങ്ങനെയാണ്: “ഞങ്ങൾ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ഇതൊരു മികച്ച വിക്കറ്റാണെന്ന് തോന്നുന്നു. ഉയർന്ന സ്കോറുകൾ പിറക്കുന്ന മൈതാനമായതിനാൽ ലക്ഷ്യം പിന്തുടർന്നു ജയിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ലോകകപ്പ് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വേദിയാണ്. യുഎസിൽ നിന്ന് ഒരുപാട് പ്രതീക്ഷകളുണ്ട്, അതിനാൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഞങ്ങൾ ശ്രമിക്കും. ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന വാം-അപ്പ് മത്സരങ്ങളിൽ ഞങ്ങൾക്ക് മികച്ച പ്രകടനം നടത്താനായി. ആറ് ബാറ്റർമാരും രണ്ട് ഓൾറൗണ്ടർമാരും മൂന്ന് ബൗളർമാരുമാണ് ഞങ്ങളുടെ ടീമിലുള്ളത്.”

ആദ്യം ബാറ്റിംഗ് തന്നെയായിരുന്നു തങ്ങളുടെയും പദ്ധതിയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വ്യക്തമാക്കി. വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ, ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ, പേസ് കുന്തമുന ജസ്പ്രീത് ബുംറ എന്നിവർ ടീമിലില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പരിക്കേറ്റ ഹർഷിത് റാണയ്ക്ക് പകരം മുഹമ്മദ് സിറാജ് പ്ലെയിംഗ് ഇലവനിൽ ഇടംപിടിച്ചു. അഭിഷേക് ശർമയും ഇഷാൻ കിഷനുമാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.

സൂര്യകുമാർ പറഞ്ഞത് ഇങ്ങനെയാണ്: “ഞങ്ങളും ആദ്യം ബാറ്റ് ചെയ്യാനാണ് ആഗ്രഹിച്ചിരുന്നത്. വിക്കറ്റ് ബാറ്റിംഗിന് അനുകൂലമാണെന്ന് തോന്നുന്നു, കാറ്റുള്ളതുകൊണ്ട് മഞ്ഞുവീഴ്ച (dew) ഉണ്ടാകുമെന്ന് കരുതുന്നില്ല. കളി തുടങ്ങുന്നതിന് മുമ്പ് തന്നെ പിച്ചിൽ നല്ല ജീവനുണ്ട്, അത് മെച്ചപ്പെടുമെന്ന് തന്നെയാണ് കരുതുന്നത്. വാഷിയും സഞ്ജുവും ടീമിലില്ല. നിർഭാഗ്യവശാൽ ബുംറയ്ക്ക് സുഖമില്ലാത്തതിനാൽ സിറാജാണ് കളിക്കുന്നത്.”

Leave a Reply

Your email address will not be published. Required fields are marked *