Featured Good News

പ്രധാനമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി; യുപി സ്വദേശിനി IFS ഓഫീസർ; ആരാണ് നിധി തിവാരി?

ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ 2014 ബാച്ച്‌ ഉദ്യോഗസ്‌ഥയായ നിധി തിവാരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത പ്രൈവറ്റ്‌ സെക്രട്ടറിയായി ചുമതലയേല്‍ക്കും. നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയാണ്‌. പ്രധാനമന്ത്രിയുടെപ്രൈവറ്റ്‌ സെക്രട്ടറി തസ്‌തികയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തികളിലൊരാളാകും നിധി തിവാരി.

സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 96-ാം റാങ്ക് നേടിയാണ് നിധി ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നത്. ഇതിന് മുന്‍പ് വാരാണസിയില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ (കൊമേഴ്‌സ്യല്‍ ടാക്‌സ്) ആയി ജോലിചെയ്യുകയായിരുന്നു നിധി. ഇക്കാലത്താണ് സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്.

നരേന്ദ്ര മോദി പ്രതിനിധീകരിക്കുന്ന വരാണസി പാര്‍ലമെന്റ്‌ മണ്ഡലത്തിലെ മെഹ്‌മുര്‍ഗഞ്ച്‌ സ്വദേശിയാണ്‌. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേരുന്നതിന്‌ മുമ്പ്‌, വിദേശകാര്യ മന്ത്രാലയത്തിന്റെ നിരായുധീകരണ, രാജ്യാന്തര സുരക്ഷാ കാര്യ വിഭാഗത്തില്‍ ജോലി ചെയ്‌തിരുന്നു. അന്താരാഷ്ട്ര ബന്ധങ്ങളിലെ വൈദഗ്ധ്യം ഉപയോഗിച്ച്, അവർ പ്രധാനമന്ത്രിയുടെ ഓഫീസിൽ, പ്രത്യേകിച്ച് ‘വിദേശ, സുരക്ഷാ’ വിഭാഗത്തിൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് നേരിട്ട് റിപ്പോർട്ട് ചെയ്തുകൊണ്ട് ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

2022 ല്‍, പ്രധാനമന്ത്രിയുടെ ഓഫീസില്‍ അണ്ടര്‍ സെക്രട്ടറിയായി ചേര്‍ന്നു. 2023 ല്‍ ഡെപ്യൂട്ടി സെക്രട്ടറി സ്‌ഥാനത്തേക്ക്‌ സ്‌ഥാനക്കയറ്റം ലഭിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍, വിദേശകാര്യം, സുരക്ഷ, ആണവോര്‍ജം എന്നിവയുള്‍പ്പെടെയുള്ള മേഖലകള്‍ കൈകാര്യം ചെയ്‌തു.