Myth and Reality

ആരാണ് ജെസീക്ക റാഡ്ക്ലിഫ് ? വൈറലായ ഓർക്ക ആക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടോ?

23 വയസ്സുള്ള മറൈൻ ട്രെയിനർ ജെസ്സിക്ക റാഡ്ക്ലിഫിനെ പസഫിക് ബ്ലൂ മറൈൻ പാർക്കിൽ വെച്ച് ഒരു ഓർക്ക തിമിംഗലം ആക്രമിച്ചു കൊന്നു എന്ന അവകാശവാദവുമായി ഒരു ടിക് ടോക് വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇത് യഥാർത്ഥ സംഭവമാണെന്ന് ചിലർ വിശ്വസിക്കുമ്പോൾ, മറ്റ് ചിലർ ഇതിന്റെ ആധികാരികതയിൽ സംശയം പ്രകടിപ്പിക്കുന്നു. ഈ ട്രെയിനറിനെക്കുറിച്ചും വീഡിയോയെക്കുറിച്ചുമുള്ള വിവരങ്ങൾ ഇതാ.

ആരാണ് മറൈൻ ട്രെയിനർ ജെസ്സിക്ക റാഡ്ക്ലിഫ്?

പ്രചരിക്കുന്ന വീഡിയോയിൽ, 23 വയസ്സുള്ള മറൈൻ ട്രെയിനർ ജെസ്സിക്ക റാഡ്ക്ലിഫിനെ ഓർക്ക തിമിംഗലം ആക്രമിക്കുന്നതായി കാണുന്നു. ഈ വീഡിയോയിൽ ഒരു സ്ത്രീയെ ഓർക്ക തിമിംഗലം വെള്ളത്തിനടിയിലൂടെ വലിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് കാണിക്കുന്നത്. ജീവനക്കാർ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനുശേഷം പത്ത് മിനിറ്റിനുള്ളിൽ അവർ മരിച്ചതായും വീഡിയോയിൽ പറയുന്നു.

ടിക് ടോക്കിലും ഫേസ്ബുക്കിലും ഈ വീഡിയോ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ആർത്തവ രക്തം വെള്ളത്തിൽ കലർന്നതാണ് ഈ ആക്രമണത്തിന് കാരണമെന്ന് ചില പോസ്റ്റുകൾ സൂചിപ്പിക്കുന്നു.

എന്നാൽ, ഈ സംഭവം യഥാർത്ഥത്തിൽ നടന്നതാണെന്ന് തെളിയിക്കുന്നതിന് വിശ്വസനീയമായ തെളിവുകളൊന്നും ലഭ്യമല്ല, കൂടാതെ ഈ വീഡിയോ ഒരു AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ജെസ്സിക്ക റാഡ്ക്ലിഫ് എന്ന പേരിൽ ഒരു മറൈൻ ട്രെയിനറോ, അത്തരത്തിലുള്ള ഒരു സംഭവമോ നടന്നതായി ഔദ്യോഗിക രേഖകളിലില്ല. അതിനാൽ, ജെസ്സിക്ക റാഡ്ക്ലിഫ് ഒരു സാങ്കൽപ്പിക കഥാപാത്രമാകാനാണ് സാധ്യതയെന്ന് ഒരു എച്ച്‌ടി.കോം റിപ്പോർട്ട് അവകാശപ്പെടുന്നു.

ഈ ഓർക്ക ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ട് വ്യാജമാണെങ്കിലും, മുൻകാലങ്ങളിൽ ഓർക്കകൾ ട്രെയിനർമാരെ കൊലപ്പെടുത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. അവയിൽ ഏറ്റവും പ്രശസ്തമായത് ഡോൺ ബ്രാഞ്ചോ സംഭവം ആണ്.

2010-ൽ ഓർലാൻഡോയിലെ സീവേൾഡ് ഷോയിൽ വെച്ച് തിലികം എന്ന ഓർക്ക തിമിംഗലം ഒരു മുതിർന്ന ട്രെയിനറായ ഡോൺ ബ്രാഞ്ചോയെ കൊലപ്പെടുത്തിയിരുന്നു. ഡോണിന്റെ മരണം, 2013-ൽ പുറത്തിറങ്ങിയ ‘ബ്ലാക്ക്ഫിഷ്’ എന്ന ഡോക്യുമെന്ററിയിൽ കാണിച്ചിരുന്നു. വൻ സസ്തനികളെ കൂട്ടിലടയ്ക്കുന്നതിലെ ധാർമ്മികതയെക്കുറിച്ചും ഡോക്യുമെന്ററി സംസാരിക്കുന്നു.

ഡോണിന്റെ അപകടത്തിന് ഒരു വർഷം മുൻപ്, സ്പാനിഷ് ട്രെയിനറായ അലക്സിസ് മാർട്ടിനെസിനെ കെറ്റോ എന്ന ഓർക്ക തിമിംഗലം ഒരു പരിശീലനത്തിനിടെ കൊലപ്പെടുത്തിയിരുന്നു. അതുപോലെ, 1991-ൽ കാനഡയിൽ ഒരു ട്രെയിനറെ മൂന്ന് ഓർക്ക തിമിംഗലങ്ങൾ വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ച് കൊലപ്പെടുത്തിയിരുന്നു.