70 വയസ്സുള്ള അധോലോക കുറ്റവാളി അരുൺ ഗാവ്‌ലിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ശിവസേന നേതാവായിരുന്ന കമലാകർ ജാംസാണ്ഡേക്കറെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു ഗാവ്‌ലി. രണ്ട് പതിറ്റാണ്ടോളം തടവിൽ കഴിഞ്ഞ ശേഷം ബുധനാഴ്ചയാണ് ഗാവ്‌ലി ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഗാവ്‌ലി ജയിലിന് പുറത്തെത്തിയപ്പോൾ കുടുംബാംഗങ്ങളും അഭിഭാഷകരും അനുയായികളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
സുപ്രീം കോടതി പറഞ്ഞത് എന്താണ്?
ഗാവ്‌ലി 17 വർഷത്തിലേറെയായി തടവിൽ കഴിയുകയാണെന്നും, അദ്ദേഹത്തിന്റെ അപ്പീൽ ഇപ്പോഴും നിലവിലുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, എൻ. കോടിശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് അദ്ദേഹത്തിൻ്റെ പ്രായം കണക്കിലെടുത്ത് ജാമ്യം അനുവദിച്ചത്. ഫെബ്രുവരിയിൽ കേസ് വീണ്ടും പരിഗണിക്കും.
അരുൺ ഗാവ്‌ലിയുടെ ജീവിതം
1955-ൽ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ കോപർഗാവ് എന്ന സ്ഥലത്താണ് അരുൺ ഗുലാബ് ഗാവ്‌ലി ജനിച്ചത്.
പതിനാറാം വയസിൽ അധോലോകത്തേക്കു കാൽവച്ചു. അധോലോക നായകൻ കരിംലാലയുടെ അനന്തരവൻ സമദ് ഖാനെ വധിച്ച രമാ നായിക്കിന്റെ പിന്തുണയോടെയായിരുന്നു അരങ്ങേറ്റം. രാം നായിക് സംഘത്തിൽ ചേർന്നു വാടകകൊലയാളിയായി. പിന്നീട് നഗരത്തിന്റെ ഇരുണ്ട ലോകത്തിന്റെ രാജാവായി മാറി. കോബ്ര സംഘം എന്നറിയിപ്പെട്ടിരുന്ന ശശി രാസം, ശ്രീധർ ഷെട്ടി, പ്രശാന്ത് ഷെട്ടി തുടങ്ങിവരുടെ വധവുമായി ബന്ധപ്പെട്ടാണു 1970കളുടെ അവസാനവും എൺപതുകളുടെ തുടക്കത്തിലും ഗാവ്‌ലിയുടെ പേര് ഉയർന്നത്.
ഗാവ്‌ലി മുംബൈയുടെ മണ്ണിൽനിന്നായിരുന്നു തന്ത്രങ്ങൾ മെനഞ്ഞത്. അധോലോക സംഘങ്ങൾ ആധിപത്യം നേടാനായി ശ്രമിച്ച ഒരു കാലഘട്ടത്തിലായിരുന്നു അരുൺ ഗാവ്‌ലി മുംബൈ നഗരത്തിന്റെ പേടിസ്വപ്‌നമായി മാറിയത്. ഗാവ്‌ലിക്കെതിരെ നാൽപതിലേറെ കേസുകളാണു റജിസ്‌റ്റർ ചെയ്‌തിരുന്നത്. കൊലപാതകം, ഭീഷണിപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, തട്ടികൊണ്ടുപോകൽ തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയായിരുന്നെങ്കിലും ഗാവ്‌ലി 2008 മുതലാണു കസ്‌റ്റഡിയിലായത്.
ദാവൂദ് ഇബ്രാഹിമിൻ്റെ ഡി-കമ്പനിയുടെ എതിരാളിയായിരുന്ന ഗാവ്‌ലിയുടെ സംഘം കൊലപാതകം, പിടിച്ചുപറി തുടങ്ങിയ നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 1990-കളുടെ അവസാനത്തോടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം അഖിൽ ഭാരതീയ സേന എന്നൊരു പാർട്ടിക്ക് രൂപം നൽകി. ഇതു കുറ്റകൃത്യങ്ങൾക്കുള്ള മറ മാത്രമായിരുന്നുവെന്നാണു ആരോപണം. പിന്നീട് മുംബൈയിലെ ചിഞ്ച്‌പോക്ലി അസംബ്ലി മണ്ഡലത്തിൽ നിന്ന് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെടുകയും 2004 മുതൽ 2009 വരെ സേവനമനുഷ്ഠിക്കുകയും ചെയ്തു.
കബഡി കളിക്കാരന്റെ ചടുലതയും കരുത്തും പ്രവർത്തനങ്ങളിൽ കാട്ടി. കണ്ണിൽ ചോരയില്ലാത്ത നീക്കങ്ങളായിരുന്നു അതിലേറെയും. ദഗ്‌ഡി ചാളുകാരുടെ ‘ഡാഡി’ അടങ്ങിയിരിക്കുകയില്ലെന്നാണു പ്രദേശത്തുള്ളവർ പറയുന്നത്. കാരണം നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ ‘ഡാഡി’ ഒതുങ്ങില്ലെന്നു തന്നെയാണ് അവരുടെ വിശ്വാസം. ദഗ്‌ഡി ചാളിന്റെ നിയമങ്ങൾ ഡാഡിയെന്നു വിളിക്കുന്ന ഗാവ്‌ലിയുടേതാണ്. ഗാവ്‌ലിയുടെ പ്രതികാരം പോലെതന്നെ പ്രസിദ്ധമാണു കാരുണ്യവുമെന്നാണു ദഗ്‌ഡിയിലെ വായ്‌മൊഴി.
അറസ്റ്റും ശിക്ഷയും
ജാംസാണ്ഡേക്കറെ കൊലപ്പെടുത്തിയ കേസിൽ 2006-ലാണ് ഗാവ്‌ലി അറസ്റ്റിലാകുന്നത്. ഈ കേസ് മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരം അന്വേഷിക്കുകയും 2012-ൽ മുംബൈ സെഷൻസ് കോടതി അദ്ദേഹത്തിന് ജീവപര്യന്തം തടവും 17 ലക്ഷം രൂപ പിഴയും വിധിക്കുകയും ചെയ്തു. 2019-ൽ ബോംബെ ഹൈക്കോടതി ഈ വിധി ശരിവെച്ചതിനെ തുടർന്നാണ് ഗാവ്‌ലി സുപ്രീം കോടതിയെ സമീപിച്ചത്.
കൊലപാതകങ്ങളും അക്രമസംഭവങ്ങളും തുടർക്കഥയായ മുംബൈ നഗരത്തിൽ പക്ഷെ ഒരു അധേലോക കുറ്റവാളി പോലും ശിക്ഷിക്കപ്പെട്ടിരുന്നില്ല. ആദ്യമായാണ് ഒരു സംഘത്തലവൻ നിയമത്തിനു മുന്നിൽ മുട്ടുമടക്കിയത്. ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും ഛോട്ടാ ഷക്കീലുമൊക്കെ സ്‌ഫോടന പരമ്പരകൾ, ഭീകരപ്രവർത്തനം തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയാണെങ്കിലും ഇതുവരെയും ഇന്ത്യൻ നിയമത്തിന്റെ വലയിലാക്കാനായിട്ടില്ല.




