Featured The Origin Story

വെള്ള ഷര്‍ട്ട് ഉണ്ടായ കഥ

വെള്ള ഷര്‍ട്ട് ഉപയോഗിക്കാത്തവര്‍ കുറവായിരിക്കും. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ ഒന്നാണ് വെള്ളഷര്‍ട്ട്. ഔദ്യോഗികമായും അനൗദ്യോഗികമായും വളരെയധികം അനുയോജ്യമായ വസ്ത്രം കൂടിയാണ് ഇത്. എന്നാല്‍ ആരാണ് ഈ വെള്ള ഷര്‍ട്ട് ആദ്യമായി കണ്ട് പിടിച്ചതെന്ന് അറിയുമോ?

18-ാം നൂറ്റാണ്ടില്‍ ഫ്രഞ്ച് വിപ്ലവത്തിന് മുമ്പ് ഫ്രാന്‍സിലെ അവസാനത്തെ രാജ്ഞിയായിരുന്ന മേരി ആന്റോനെറ്റ് ഒരു വെളുത്ത പരുത്തി വസ്ത്രത്തില്‍ അവരുടെ ഛായാചിത്രം കമ്മീഷന്‍ ചെയ്തപ്പോഴാണ് ആധുനിക വെള്ളഷര്‍ട്ടിന്റെ ആദ്യത്തെ രൂപം പ്രത്യക്ഷപ്പെട്ടത്.

വെള്ള ഷര്‍ട്ടിന്റെ ഉത്ഭവം മധ്യകാലഘട്ടത്തില്‍ നിന്ന് കണ്ടെത്താന്‍ കഴിയും. സ്‌മോക്ക് അല്ലെങ്കില്‍ കെമിസ് എന്നറിയപ്പെട്ടിരുന്ന ഇവ ആദ്യകാലങ്ങളില്‍ അടിവസ്ത്രമായാണ് ഉപയോഗിച്ചിരുന്നത്. പുറംവസ്ത്രങ്ങളുടെ പരുക്കന്‍ തുണിത്തരങ്ങളില്‍ നിന്നും ധരിക്കുന്നയാളുടെ ചര്‍മ്മം സംരക്ഷിക്കാനായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. വെളുത്ത ലിനന്‍ അല്ലെങ്കില്‍ കോട്ടന്‍ ഉപയോഗിച്ചുള്ള ഈ സ്‌മോക്കുകള്‍ ക്ലാസിക്ക് വൈറ്റ് ഷര്‍ട്ടിന്റെ പരിണാമത്തിന് തുടക്കമിട്ടു.

കാലക്രമേണ കൂടുതല്‍ സങ്കീര്‍ണമായ സ്റ്റിച്ചിങ് ഇതില്‍ ഉള്‍പ്പെടുത്തി തുടങ്ങി. വൈകാതെ അടിവസ്ത്രത്തില്‍ നിന്ന് പുറം വസ്ത്രത്തിലേയ്ക്ക് ഇത് മാറി. ഈ പരിവര്‍ത്തനം ഷര്‍ട്ടിന്റെ വികസനത്തെ അടയാളപ്പെടുത്തി എന്നു പറയാം. നവോത്ഥാന കാലത്ത് വെളുത്ത ഷര്‍ട്ട് കാര്യമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി. അത് ധരിക്കുന്നവര്‍ക്ക് സമൂഹത്തില്‍ നിലയും വിലയും ലഭിച്ചു.

ഫ്രില്ലുകളും അലങ്കാരങ്ങളും വെളുത്ത ഷര്‍ട്ടിന്റെ ഭാഗമായി. അടിവസ്ത്രമെന്നതില്‍ നിന്ന് കൂടുതല്‍ ദൃശ്യമായ വസ്ത്രമായി വെള്ള ഷര്‍ട്ട് മാറിയത് ഈ കാഘട്ടത്തിലാണ്. 19-ാം നൂറ്റാണ്ട് വെള്ള ഷര്‍ട്ടിന്റെ ചരിത്രത്തിെലെ സുപ്രധാന ഘട്ടമായി അടയാളപ്പെടുത്തി. വെളുത്ത ഷര്‍ട്ട് ഔപചാരിക വസ്ത്രങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി.

20-ാം നൂറ്റാണ്ട് വെള്ള ഷര്‍ട്ടിന്റെ ആവിര്‍ഭാവത്തില്‍ സംഭവബഹുലമായ ഒന്നായിരുന്നു. കണ്‍വെന്‍ഷനുകളെ വെല്ലുവിളിച്ച് ലിംഗസമത്വത്തിന് വേണ്ടി വാദിച്ച സ്ത്രീകള്‍ അവരുടെ ജോലിയുെട ഭാഗമായി വെള്ള ഷര്‍ട്ട് സ്വീകരിച്ചു. ഇത് ശക്തമായ ഒരു പ്രതീകമായി മാറി. സിനിമ രംഗത്തും വെള്ള ഷര്‍ട്ടിന്റെ സ്വാധീനം ഉണ്ടായി. ജെയിംസ് ഡീന്‍, മെര്‍ലിന്‍ മണ്‍റോ തുടങ്ങിയ വ്യക്തികള്‍ വെള്ള ഷര്‍ട്ടിനെ വിപ്ലവത്തിന്റെയും യുവത്വത്തിന്റെ പ്രതീകമായി മാറ്റി.

ലോകം മുഴുവന്‍ വെള്ള ഷര്‍ട്ടിന്റെ സ്വാധീനം വ്യാപിച്ചു. ഇന്ത്യയില്‍ കുര്‍ത്തയുടെ രൂപത്തില്‍ ഇതിന് ഒരു സ്ഥാനമുണ്ടായി. ഫാഷന്‍ ഐക്കണുകളും ഡിസൈനര്‍മാരും വെള്ള ഷര്‍ട്ടില്‍ മാറ്റങ്ങള്‍ കൊണ്ടു വരുന്നതിലും ജനപ്രിയമാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

കൊക്കൊ ചാനല്‍ സ്ത്രീകളുടെ വെളുത്ത ഷര്‍ട്ട് പുനര്‍ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ക്ലാസിക് വെള്ള ഷര്‍ട്ട് പുരുഷന്മാരുടെ വസ്ത്രങ്ങള്‍ ധരിക്കുന്ന സ്ത്രീകള്‍ എന്ന ആശയം ഇവര്‍ ലോകത്തില്‍ അവതരിപ്പിച്ചു. ഇത് പരമ്പരാഗത രീതികളെ വെല്ലുവിളിക്കുകയും പുതിയ ഒരു ഫാഷന്‍ യുഗത്തിന് തുടക്കം കുറിക്കുകയും ചെയ്തു. അങ്ങനെ നൂറ്റാണ്ടുകളുടെ പരിണാമത്തിലൂടെ വെള്ള ഷര്‍ട്ട് നമ്മള്‍ ഇന്ന കാണുന്ന തരത്തില്‍ ജനപ്രിയമായി.