Crime

‘പ്രസിഡന്റിനെയും ഭാര്യയേയും സ്പീക്കറെയും തട്ടണം’; ഫിലിപ്പീന്‍സ് വൈസ് പ്രസിഡന്റിന്റെ ക്വട്ടേഷന്‍

പ്രസിഡന്റിനെ കൊല്ലാന്‍ താന്‍ വാടകക്കൊലയാളിയുമായി കരാര്‍ ഉണ്ടാക്കിയതായി പരസ്യമായി പ്രതികരിച്ച് ഫിലിപ്പീന്‍സിലെ വൈസ് പ്രസിഡന്റ്. ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടേര്‍ട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ കൊല്ലപ്പെട്ടാല്‍ പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയറിനെ കൊല്ലാന്‍ ആളെ ഏര്‍പ്പാടാക്കിയെന്നാണ് അവര്‍ പറഞ്ഞത്.

”ഞാന്‍ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ അടുത്ത സെക്കന്റില്‍ പ്രസിഡന്റ് മാര്‍ക്കോസ്, പ്രഥമ വനിത ലിസ അരനെറ്റ, സ്പീക്കര്‍ മാര്‍ട്ടിന്‍ റൊമുവല്‍ഡെസ് എന്നിവരെയും കൊല്ലണം.” ഡ്യുട്ടെര്‍ട്ടെ പറഞ്ഞു. ”മൂന്നു പേരെയും കൊല്ലുന്നത് വരെ ദൗത്യം നിര്‍ത്തരുതെന്ന് പറഞ്ഞു. അയാള്‍ സമ്മതിക്കുകയും ചെയ്തു.” സാറ ഡ്യൂട്ടേര്‍ട്ടെ പറഞ്ഞു.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഫിലിപ്പീന്‍സില്‍ വൈസ് പ്രസിഡന്റുമാരെയും പ്രസിഡന്റുമാരെയും വെവ്വേറെയാണ് തെരഞ്ഞെടുക്കുന്നത്. രണ്ട് ഉയര്‍ന്ന പദവികള്‍ രണ്ട് എതിരാളികളായ രാഷ്ട്രീയ കുടുംബങ്ങളാണ് വഹിക്കുന്നത്. വിവാദ പ്രസ്താവനയെ തുടര്‍ന്ന് പ്രസിഡന്‍ഷ്യല്‍ ഓഫീസില്‍ നിന്ന് അടിയന്തിര നടപടി ആരംഭിച്ചു കഴിഞ്ഞു. അതേസമയം വൈസ് പ്രസിഡന്റിന്റെ വിവാദ പ്രസ്താവന ഇത് ഇതാദ്യമല്ല.

ഒക്ടോബറില്‍, പ്രസിഡന്റിന്റെ തല വെട്ടിമാറ്റുന്നത് താന്‍ സങ്കല്‍പ്പിച്ചതായി സാറ ഡ്യൂട്ടേര്‍ട്ടെ പറഞ്ഞു. കഴിഞ്ഞ മാസം ആരംഭിച്ച ആക്രമണങ്ങളുടെ ശേഷമാണ് ഡ്യൂട്ടേര്‍ട്ടിന്റെ പ്രസിഡന്റിനെതിരെയുള്ള ആക്രമണ പ്രസ്താവനകള്‍. വിദേശനയത്തിലെ അഭിപ്രായവ്യത്യാസങ്ങളും സാറയുടെ പിതാവും മുന്‍ പ്രസിഡന്റുമായ റോഡ്രിഗോ ഡ്യുട്ടേര്‍ട്ടിന്റെ മയക്കുമരുന്നിനെതിരായ പോരാട്ടവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രണ്ട് കുടുംബങ്ങളും ഭിന്നതയിലാണ്.

ജൂണില്‍, സാറ തന്റെ കാബിനറ്റ് സ്ഥാനങ്ങള്‍ രാജിവച്ചെങ്കിലും വൈസ് പ്രസിഡന്റ് കസേര നിലനിര്‍ത്തി. ഇത് ഫിലിപ്പീന്‍സില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി. അവരും പ്രസിഡന്റ് മാര്‍ക്കോസും തമ്മിലുള്ള രാഷ്ട്രീയ സഖ്യം എപ്പോള്‍ വേണമെങ്കിലും തകരുമെന്ന് നിലയിലാണ്. 2022-ല്‍ ഉണ്ടായ സഖ്യം രണ്ട് കുടുംബങ്ങളെയും വിജയങ്ങള്‍ ഉറപ്പാക്കാന്‍ സഹായിച്ചു. ഇപ്പോള്‍, ഫിലിപ്പീന്‍സ് മെയ് മാസത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്, പലരും ഇത് മാര്‍ക്കോസിന്റെ ജനപ്രീതിയുടെ ലിറ്റ്മസ് ടെസ്റ്റായി കാണുന്നു.