Healthy Food

കടല്‍ മത്സ്യ​മോ പുഴമത്സ്യമോ കൂടുതല്‍ നല്ലത്?

ദിവസവും ഭക്ഷണത്തില്‍ മത്സ്യം ഉള്‍പെടുത്തുന്ന പലരുമുണ്ട്. മത്സ്യത്തോട് ഇത്ര ഇഷ്ടമുള്ളവര്‍ ഭക്ഷണത്തില്‍ പുഴ മത്സ്യം ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്. കാരണം, ആരോഗ്യഗുണങ്ങളില്‍ കടല്‍ മത്സ്യങ്ങളേക്കാള്‍ പുഴമത്സ്യങ്ങള്‍ മുന്‍പിലാണ്. കാത്സ്യം, മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ എന്നിവ സമുദ്ര മത്സ്യങ്ങളേക്കാൾ കൂടുതലാണ് പുഴ മത്സ്യത്തില്‍. പലരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ ഉപ്പുവെള്ള മത്സ്യത്തിൽ യഥാർത്ഥത്തിൽ ശുദ്ധജല മത്സ്യത്തേക്കാൾ ഉയർന്ന സോഡിയം അടങ്ങിയിട്ടുമില്ല.

വാര്‍ദ്ധക്യ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍, കാഴ്ച പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണാനും പുഴ മത്സ്യം സഹായിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുകയും ഓര്‍മ്മയുടെ തകരാറുകള്‍ പരിഹരിക്കുകയും ചെയ്യുന്നു. ധാരാളം പുഴമത്സ്യം കഴിക്കുന്നവരില്‍ ഹൃദ്രോഗ സാദ്ധ്യത കുറയും.രോഗപ്രതിരോധശേഷി വര്‍ദ്ധിക്കാനും വളരെയധികം പുഴമത്സ്യം സഹായിക്കുന്നു.

ബുദ്ധിശക്തിയും പ്രതിരോധ ശക്തിയും കുട്ടികള്‍ക്ക് പുഴ മത്സ്യം നല്‍കുന്നതിലൂടെ ഉറപ്പാക്കാം. ചര്‍മ്മ രോഗങ്ങള്‍, ചര്‍മത്തിലുണ്ടാകുന്ന പലതരം അലര്‍ജി എന്നിവയ്ക്ക് പ്രതിവിധിയായ പുഴ മത്സ്യം ചര്‍മത്തിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കും. സ്ത്രീകള്‍ ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും കഴിക്കുന്നത് സ്തനാര്‍ബുദ സാദ്ധ്യത കുറയ്ക്കുന്നു.