പ്രഭാത നടത്തം ശരീരത്തിനും മനസിനും ആരോഗ്യവും ഉന്മേഷവും പകരും. ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും നടത്തം സഹായിക്കും. എല്ലാ പ്രായക്കാര്‍ക്കും ഇത് ജീവിതചര്യയുടെ ഭാഗമാക്കാവുന്നതാണ്. ദിവസവും രാവിലെ നടക്കാന്‍ സമയം കണ്ടെത്തുന്നതിലൂടെ ജീവിതത്തില്‍ അടുക്കും ചിട്ടയും കൈവരും. കൂട്ടമായി നടക്കുന്നതിനാല്‍ സൗഹൃദങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാം. ഇന്ന് ധരാളമാളുകള്‍ പ്രഭാത നടത്തം ശീലമാക്കിയിട്ടുണ്ട്. ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച പ്രഭാത നടത്തത്തിലേക്ക് മലയാളി വീണ്ടും തിരിച്ചെത്തിക്കഴിഞ്ഞു. എന്നാല്‍ എവിടെ നടക്കും? റോഡിലൂടെ നടന്നാല്‍ ഒന്നുകില്‍ പട്ടികടിക്കാം, അല്ലെങ്കില്‍ വണ്ടിയിടിക്കാം. പൊതുവിലുള്ള നമ്മുടെ അനുഭവം നമ്മെക്കൊണ്ട് പറയിപ്പിക്കുന്നതാണിത്.
എവിടെ നടക്കും
വീടിന്റെ മുറ്റത്തും ടെറസിലും തിരക്കൊഴിഞ്ഞ ഇടറോഡുകളിലും മൈതാനങ്ങളിലും നടക്കാം. എന്നാല്‍ പ്രഭാത നടത്തം പ്രധാന റോഡില്‍ വേണ്ട. ഏറ്റവും അപകടം പിടിച്ചതാണ് വാഹനങ്ങള്‍ ധാരാളം കടന്നുപോകുന്ന റോഡുകളിലൂടെയുള്ള നടത്തം. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ നൂറനാട് നടന്ന അപകടം ഓര്‍ക്കുക. പ്രഭാത നടത്തത്തിനിറങ്ങിയ മൂന്നുപേരാണ് നിയന്ത്രണം വിട്ട ലോറി ഇടിച്ച് മരിച്ചത്. റോഡുകളില്‍ തിരക്കൊഴിവായതിനാല്‍ പുലര്‍ച്ചെ വാഹനങ്ങള്‍ സാധാരണയില്‍ കവിഞ്ഞ വേഗത്തിലാവും സഞ്ചരിക്കുക. വെളിച്ചക്കുറവ് കാരണം റോഡിന്റെ വശങ്ങള്‍ വേണ്ടവിധം ഡ്രൈവര്‍ക്ക് കാണാനായെന്നുവരില്ല. ഇതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. തിരക്കില്ലാത്ത റോഡാണ് നടക്കുന്നതിനായി തെരഞ്ഞെടുക്കുന്നതെങ്കിലും നിരന്ന് നടക്കാതെ വരിയായി നടക്കുക. ധാരാളം പ്രകാശമുള്ള റോഡുകള്‍ വേണം നടക്കാനായി തെരഞ്ഞെടുക്കാന്‍.
എങ്ങനെ നടന്നു തുടങ്ങാം
ദിവസവും 30 മിനിറ്റ് നടക്കുന്നതാണ് നല്ല നടത്തമെന്നു പറയുന്നത്. മറ്റ് രോഗങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലാത്തവര്‍ക്ക് 30 മിനിറ്റ് നടക്കാവുന്നതാണ്. നടക്കുന്നതിനു മുന്‍പ് വാംഅപ്പ് ഏത് പ്രായക്കാര്‍ക്കും ആവശ്യമാണ്. ചെറിയൊരു വാംഅപ്പിനു ശേഷം നടത്തം ആരംഭിക്കുക. തുടക്കത്തില്‍ തന്നെ അമിത വേഗത്തില്‍ നടക്കാന്‍ ശ്രമിക്കരുത്. സാവാധാനം നടക്കുക. സാധാരണ വേഗത്തില്‍ നടന്നു ശീലിക്കുക. ഒറ്റയ്ക്ക് നടക്കുമ്പോഴുള്ള വിരസത ഒഴിവാക്കാന്‍ ഒരു ഗ്രൂപ്പിനൊപ്പം നടന്നു തുടങ്ങാം. അയല്‍പക്കക്കാരെയോ സുഹൃത്തുക്കളെയോ ഉള്‍ക്കൊള്ളിച്ച് ഒരു ഗ്രൂപ്പുണ്ടാക്കുക. എല്ലാവര്‍ക്കും അനുയോജ്യമായ സമയം കൂടി നിശ്ചയിച്ചാല്‍ നടത്തം അല്‍പം ആയാസരഹിതമാക്കാം. എപ്പോഴും ഒരേ സ്ഥലം തിരഞ്ഞെടുക്കാതെ നടത്തത്തിനായി പുതിയ വഴികള്‍ തിരഞ്ഞെടുക്കുക. ഇടയ്ക്ക് കടല്‍തീരങ്ങള്‍ തിരഞ്ഞെടുക്കുന്നതും നന്നായിരിക്കും. മറ്റ് ബുദ്ധിമുട്ടുകളില്ലാതെ ഏത് പ്രായക്കാര്‍ക്കും ചെയ്യാന്‍ കഴിയുന്ന വ്യായാമം നടത്തമാണ്.
ആവശ്യത്തിനു ഭക്ഷണം കഴിച്ചിട്ട് നടക്കുന്നത് ഒഴിവാക്കുക. കഴിവതും രാവിലെ നടക്കുന്നതാണ് ഉത്തമം. വൈകുന്നേരങ്ങളില്‍ ലഘുവായി ഭക്ഷണം കഴിച്ചിട്ട് മാത്രം നടക്കുക. ഹൃദ്രോഗമുള്ളവര്‍ നിരപ്പായ സ്ഥലങ്ങളിലൂടെ നടക്കുക. നടക്കാന്‍ പോകുമ്പോള്‍ ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. അല്‍പം അയഞ്ഞ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക. നടക്കുമ്പോള്‍ ആയാസം തോന്നുന്ന രീതിയില്‍ നടക്കരുത്. ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന വസ്ത്രങ്ങളും പാദരക്ഷകളും ഒഴിവാക്കണം.
പ്രായമായവരുടെ ശ്രദ്ധയ്ക്ക്
പ്രായമായവരെ സംബന്ധിച്ച് പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടാവും. പ്രായമായവര്‍ വ്യായാമം ചെയ്യുപ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രായാധിക്യം മൂലം ഇവര്‍ക്ക്് വേഗത്തില്‍ നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് സാവധാനത്തില്‍ നടത്തത്തിന്റെ വേഗത വര്‍ധിപ്പിക്കുക. ഓരോ ദിവസമായി പതിയെ നടത്തത്തിന്റെ സമയവും കൂട്ടുക. ആദ്യ ദിവസങ്ങളില്‍ തന്നെ 30 മിനിറ്റ് നടക്കാന്‍ നിര്‍ബന്ധിക്കരുത്. ആദ്യ ദിവസങ്ങളില്‍ പത്ത് മിനിറ്റ് ആണെങ്കില്‍ അടുത്ത ദിവസം കുറച്ചു സമയം കൂടുതല്‍ നടക്കുക. രണ്ടോ മൂന്നോ ആഴ്ചകള്‍ കൊണ്ട് 30 മിനിറ്റിലേക്ക് എത്തുക.