Featured Sports

ഇന്ത്യന്‍ പേസര്‍മാരുടെ നിറംമങ്ങുന്നു, മുഹമ്മദ് ഷാമിക്കായി മുറവിളി

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ഇന്ത്യന്‍ പേസര്‍മാര്‍ നിറംമങ്ങിയതിനുപിന്നാലെ വെറ്ററന്‍ താരം മുഹമ്മദ് ഷാമിക്കായി മുറവിളി. നിലവില്‍ പുരോഗമിക്കുന്ന സയിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് ഷാമിക്കായി വാദിക്കുന്നവര്‍ക്കു ബലമേകുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരകളില്‍നിന്ന് ഷാമിയെ ഒഴിവാക്കിയത് നീതികേടാണെന്നാണ് വാദം.
സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബംഗാളിനായാണ് ഷമി കളിക്കുന്നത്. ഗ്രൂപ്പ് സിയില്‍ സര്‍വീസസിനെതിരായ മത്സരത്തില്‍ നാലുവിക്കറ്റ് വീഴ്ത്തി ബംഗാളിന്റെ വിജയത്തില്‍ താരം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

പഴയ പോരാട്ടവീര്യം ഒട്ടുംചോര്‍ന്നിട്ടില്ലെന്നു തെളിയിക്കുന്നതായിരുന്നു ഷാമിയുടെ മത്സരത്തിലെ പ്രകടനം. 3.2 ഓവറില്‍ 13 റണ്‍ മാത്രം വിട്ടുകൊടുത്താണ് ഷാമി നാല് ഇരകളെ കണ്ടെത്തിയത്. ഈപ്രകടനം വെറ്ററന്‍ താരത്തെ കളിയിലെ കേമനാക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലെ ഇന്ത്യന്‍ പേസര്‍മാരുടെ ദയനീയ പ്രകടനമാണ് ഷാമിക്കായുള്ള മുറവിളി ശക്തമാക്കിയത്. ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്.