Lifestyle

‘പാരീസില്‍ നായ്ക്കളെ കൊന്നപ്പോൾ എന്തു സംഭവിച്ചു ? കോടതി ഉത്തരവില്‍ മനേക ഗാന്ധി പറഞ്ഞ ചരിത്രപാഠം

ന്യൂഡൽഹി: ഡൽഹി- എൻസിആർ പ്രദേശങ്ങളിൽ നിന്ന് തെരുവ് നായകളെ നീക്കം ചെയ്യാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ മൃഗസംരക്ഷണ പ്രവർത്തകയും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി രംഗത്തെത്തി. ഈ ഉത്തരവ് അപ്രായോഗികവും നഗരത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക് ഹാനികരവുമാണെന്ന് അവർ പറഞ്ഞു. ഇത് നടപ്പാക്കിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

“ഡൽഹിയിൽ മൂന്ന് ലക്ഷം നായകളുണ്ട്. അവയെല്ലാം റോഡിൽ നിന്ന് മാറ്റണമെങ്കിൽ, ഡ്രെയിനേജ്, വെള്ളം, ഷെഡ്, അടുക്കള, ഒരു കാവൽക്കാരൻ എന്നിവയുള്ള 3,000 നായ ഷെൽട്ടറുകൾ നിർമ്മിക്കേണ്ടി വരും. ഇതിന് ഏകദേശം 15,000 കോടി രൂപ ചിലവാകും. ഡൽഹിയുടെ കൈയ്യിൽ 15,000 കോടി രൂപയുണ്ടോ?” അവർ ചോദിച്ചു. നായകൾക്ക് ഭക്ഷണം നൽകാൻ ആഴ്ചയിൽ 5 കോടി രൂപ കൂടി വേണ്ടി വരുമെന്നും, ഈ ചിലവ് പൊതുജനങ്ങളുടെ എതിർപ്പിന് കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

തെരുവ് മൃഗങ്ങളെ നീക്കം ചെയ്യുന്നതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനായി മനേക ഗാന്ധി ഒരു ചരിത്ര ഉദാഹരണം ചൂണ്ടിക്കാട്ടി.

1880-കളിൽ പാരീസിലെ തെരുവുകളിൽ ധാരാളം നായകൾ ഉണ്ടായിരുന്നു. ഇവ പേവിഷബാധ, പേൻ, അഴുക്ക് എന്നിവ പടർത്തുന്നവയായി ആരോപണമുയര്‍ന്നു. പാരീസ് നഗരം കൂടുതൽ ആധുനികവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായി, നായകളെ നിയന്ത്രിക്കാൻ ഭരണകൂടം ശ്രമങ്ങൾ നടത്തി. തെരുവുനായകളെ നഗരത്തിൽ നിന്ന് മാറ്റണമെന്ന് ആരോഗ്യവിദഗ്ദരും ആവശ്യപ്പെട്ടു.

നഗരത്തിലെ റാബിസ് പോലുള്ള രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി നായ്ക്കളെയും പൂച്ചകളെയും വൻതോതിൽ കൊന്നൊടുക്കിയതായി പറയപ്പെടുന്നു. ഫ്രഞ്ച് തലസ്ഥാനത്തെ കൂടുതൽ ആധുനികവും സുരക്ഷിതവുമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം. എന്നാൽ തെരുവുകളിൽ നായകളുടെ അഭാവം നഗരത്തിലെ എലികളുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർദ്ധനവിന് കാരണമായതായി. ഇത് അഴുക്കുചാലുകളിൽ നിന്നും ഇടവഴികളിൽ നിന്നും ആളുകളുടെ വീടുകളിലേക്ക് വ്യാപിച്ചു. നഗരത്തില്‍ ഭക്ഷണാവശിഷ്ടങ്ങളുടെ മാലിന്യം വര്‍ദ്ധിക്കുകയും ചെയ്തു.

“1880-കളിൽ പാരീസിൽ നായകളെയും പൂച്ചകളെയും നീക്കം ചെയ്തപ്പോൾ, നഗരം എലികളുടെ നിയന്ത്രണത്തിലായി,” മനേക ഗാന്ധി പറഞ്ഞു. നഗരങ്ങളിലെ എലികളുടെ എണ്ണം നിയന്ത്രിക്കുന്നതിൽ തെരുവ് നായകൾക്ക് വലിയ പങ്കുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. “നായകളെ മാറ്റിയാൽ, കുരങ്ങുകൾ താഴെയിറങ്ങും. എന്റെ വീട്ടിൽ ഇത് സംഭവിച്ചിട്ടുണ്ട്,” നായകളെ “എലി നിയന്ത്രണ മൃഗങ്ങൾ” എന്ന് വിശേഷിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു.

തെരുവ് നായകളെ നീക്കം ചെയ്താല്‍ സമീപ പ്രദേശങ്ങളിൽ നിന്ന് തെരുവ് നായകൾ ഡൽഹിയിൽ വീണ്ടും എത്തുമെന്നും അവർ പ്രവചിച്ചു. “48 മണിക്കൂറിനുള്ളിൽ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് ലക്ഷം നായകൾ ഡൽഹിയിലേക്ക് വരും, കാരണം ഇവിടെ അവർക്ക് ഭക്ഷണം ലഭിക്കും,” അവർ മുന്നറിയിപ്പ് നൽകി.

ഒരു മാസം മുമ്പ് ഇതേ വിഷയത്തിൽ മറ്റൊരു സുപ്രീം കോടതി ബെഞ്ച് ഒരു “സന്തുലിതമായ വിധി” പുറപ്പെടുവിച്ചതായി ചൂണ്ടിക്കാണിച്ച് അവർ ഈ ഉത്തരവിന്റെ നിയമസാധുതയെ ചോദ്യം ചെയ്തു. “ഇപ്പോൾ, ഒരു മാസം കഴിഞ്ഞ്, ‘എല്ലാ നായകളെയും പിടിക്കൂ’ എന്ന് പറയുന്ന മറ്റൊരു വിധി രണ്ട് അംഗ ബെഞ്ച് നൽകിയിരിക്കുന്നു. ഇതിൽ ഏത് വിധിയാണ് സാധുവാകുന്നത്? തീർച്ചയായും ആദ്യത്തേത്, കാരണം അത് നേരത്തെ തന്നെ പുറപ്പെടുവിച്ച വിധിയാണ്,” മനേക ഗാന്ധി പറഞ്ഞു.

തെരുവ് നായ ശല്യം വളരെ രൂക്ഷമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹിയിലെ എല്ലാ പ്രദേശങ്ങളിൽ നിന്നും തെരുവ് നായകളെ പിടിച്ച് ഷെൽട്ടറുകളിലേക്ക് മാറ്റാൻ സുപ്രീം കോടതി ഡൽഹി സർക്കാരിനും മുനിസിപ്പൽ കോർപ്പറേഷനുകൾക്കും നിർദ്ദേശം നൽകിയത്. ഈ പ്രക്രിയയ്ക്ക് തടസ്സമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. തെരുവ് നായ പ്രശ്നം “വലിയ ഒരു പ്രശ്നമാണ്” എന്നും, ഉടൻ തന്നെ ആസൂത്രിതമായ ഒരു നയം നടപ്പാക്കുമെന്നും മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. ഈ നീക്കം “നഗരത്തെ പേവിഷബാധയുടെയും തെരുവ് മൃഗങ്ങളുടെയും ഭയത്തിൽ നിന്ന് മോചിപ്പിക്കാൻ സഹായിക്കുമെന്ന്” ഡൽഹി വികസന മന്ത്രി കപിൽ മിശ്ര കൂട്ടിച്ചേർത്തു.